
കോൺഗ്രസ് പരിപാടിയില്‍ എസ്എഫ്ഐയെ പ്രകീർത്തിച്ചും യൂത്ത് കോൺഗ്രസിനെ കുറ്റപ്പെടുത്തിയും സംസാരിച്ച കെപിസിസി രാഷ്ട്രീയ കാര്യസമിതിയംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ജെ കുര്യന് പിന്തുണയുമായി രമേശ് ചെന്നിത്തല. പി ജെ കുര്യന്റെ പരാമര്‍ശത്തിന് എതിരെ കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും വലിയ അമര്‍ഷം ഉയരുന്നതിനിടെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. പാർട്ടി യോഗത്തിലാണ് പി ജെ കുര്യൻ അഭിപ്രായം പറഞ്ഞത്. പി ജെ കുര്യൻ്റെ അഭിപ്രായം സദുദ്ദേശപരമാണെന്ന് അദ്ദേഹം പറഞ്ഞു. സൈബർ ആക്രമണങ്ങളിൽ കാര്യമില്ലെന്നും താനെന്തു പോസ്റ്റിട്ടാലും സൈബർ ഇടങ്ങളിൽ വിമർശനങ്ങൾ വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിജെ കുര്യന്റെ മണ്ഡലത്തിൽ മാത്രമല്ല പലയിടങ്ങളിലും യൂത്ത് കോൺഗ്രസിന് ആളുകൾ കുറവുണ്ടായിരിക്കാം. രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ മികച്ച പ്രകടനം യൂത്ത് കോൺഗ്രസ് നടത്തുന്നുണ്ട്. ജനവിരുദ്ധ സർക്കാരിനെതിരെ സമരങ്ങൾ പോരെന്നു തോന്നുന്നുണ്ടെങ്കിൽ അത് സ്വാഭാവികം ആണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പിജെ കുര്യനെ തള്ളി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ. കഴിഞ്ഞ നാലര വർഷങ്ങളിൽ പിണറായി സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾ പൊതുജന മധ്യത്തിൽ എത്തിക്കുന്നതിൽ യൂത്ത് കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങൾ സ്തുത്യർഹമാണെന്ന് അവർ ഫേസ്ബുത്തിൽ പോസ്റ്റ് ചെയ്തു.
അതേസമയം ക്ഷുഭിത യൗവനത്തെ അല്ല ആവശ്യം വിവേകമുള്ള യൗവനത്തെയാണ് ആവശ്യമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഢൻ പറഞ്ഞു. പി ജെ കുര്യനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടവരോട് വിശദീകരണം ചോദിക്കും എന്നും അദ്ദേഹം പറഞ്ഞു. കുര്യൻ സാർ പറഞ്ഞ എല്ലാം ഉൾക്കൊള്ളുന്നു. എന്നാൽ തീക്ഷ്ണമായ സമരങ്ങൾ കാണണം. മാറിയകാലത്ത് ടിവിയിൽ വരേണ്ടത് ആവശ്യമാണ്.
ആളില്ലായ്മ ഇല്ല, ചില മണ്ഡലങ്ങളിൽ കുറവുണ്ട്. പിജെ കുര്യൻറെ മണ്ഡലമായ പുറമറ്റത്ത് വൈകാതെ മണ്ഡലം പ്രസിഡണ്ട് ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.
സർവകലാശാല സമര വിഷയത്തിലാണ് പി ജെ കുര്യൻ എസ്എഫ്ഐയുടെ പ്രവർത്തനത്തെ പ്രകീർത്തിച്ചത്. കോൺഗ്രസ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച സമരസംഗമം പരിപാടിയിൽ വച്ചാണ് പി ജെ കുര്യൻ യൂത്ത് കോൺഗ്രസിനെ നിശിതമായി വിമർശിച്ചത്. ക്ഷുഭിത യൗവ്വനത്തെ കൂടെ നിർത്തുന്നത് എസ്എഫ്ഐയാണെന്നും യൂത്ത് കോൺഗ്രസ് നേതാക്കളെ ടി വിയിൽ മാത്രമേ കാണാറുള്ളെന്നുമായിരുന്നു പി ജെ കുര്യന്റെ പരാമർശം.
യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ഇവിടെയുണ്ട്. കെഎസ്‍യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും ജില്ലാ പ്രസിഡന്റുമാർ ഈ വേദിയിലുണ്ട്. സംസ്ഥാന പ്രസിഡന്റിനെ വല്ലപ്പോഴും ടി വിയിൽ ഒക്കെയേ കാണാറുള്ളൂ. എന്തുകൊണ്ട് ഓരോ മണ്ഡലത്തിലും പോയി ചെറുപ്പക്കാരെ വിളിച്ചു കൂട്ടുന്നില്ല. ഒരു മണ്ഡലത്തിൽ നിന്ന് 25 ചെറുപ്പക്കാരെപ്പോലും ഒപ്പം കൂട്ടാൻ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കഴിയുന്നില്ല. എന്തെല്ലാം എതിർ പ്രചരണമുണ്ടെങ്കിലും അവരുടെ സംഘടന എത്ര ശക്തമാണ്. കഴിഞ്ഞ ദിവസം എസ്എഫ്ഐയുടെ സമരം നിങ്ങൾ കണ്ടില്ലേ? അഗ്രസീവായ യൂത്തിനെയാണ് അവർ അവരുടെ കൂടെ നിർത്തുന്നത്.
യുവജനങ്ങൾ കോൺഗ്രസിൽ നിന്ന് അകലുന്നു. 75 പേര് ഉണ്ടായിരുന്നിടത്ത് 5 ചെറുപ്പക്കാരില്ല. 40 താഴെയുള്ള 5 ചെറുപ്പക്കാർ പോലുമില്ലെന്നും പി ജെ കുര്യൻ വിമർശിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെയും ജില്ലാ യൂത്ത് കോൺഗ്രസ് നേതാക്കളെയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെയും വേദിയിലിരുത്തിയായിരുന്നു പി ജെ കുര്യന്റെ വിമർശനം. മുമ്പ് കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കെ സുധാകരനും ഡിവൈഎഫ്ഐയെ പ്രകീര്‍ത്തിച്ച് രംഗത്തുവന്നിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

