കോണ്‍ഗ്രസിന്റെ ലോക്സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് ഇന്ന് ദില്ലിയില്‍ തുടക്കം

കോണ്‍ഗ്രസിന്റെ ലോക്സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് ഇന്ന് ദില്ലിയില്‍ തുടക്കം. എഐസിസി ആസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേര്‍ന്നായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക. കേരളത്തില്‍ നിന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ദില്ലിയിലെത്തിയിട്ടുണ്ട്.

സിറ്റിംഗ് എംപിമാരില്‍ പലര്‍ക്കും വിജയസാധ്യയില്ലെന്ന കനുഗോലുവിന്റെ റിപ്പോര്‍ട്ടും വയനാട് സീറ്റില്‍ രാഹുല്‍ഗാന്ധിയുടെ മൗനവുമാണ് കോണ്‍ഗ്രസിനെ കുഴപ്പിക്കുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കണമെന്ന അഭിപ്രായമാണ് കെപിസിസി നേതൃത്വം മുന്നോട്ട് വയ്ക്കുന്നത്.

അതേസമയം മുതിര്‍ന്ന കേണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയിലേക്കെന്ന് സൂചനയുണ്ട്. ദില്ലിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. ഇന്ന് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്മജ ബിജെപിയിലേക്ക് ചേരുമെന്ന ആഭ്യൂഹം നേരത്തെ ഉണ്ടായിരുന്നെങ്കിലും തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇക്കാര്യം നിഷേധിച്ചിരുന്നു. എന്നാല്‍ ഈ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.

Also Read : പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്? ഇന്ന് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമാണ് പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2004ല്‍ മുകുന്ദപുരത്ത് നിന്നും ലോക്സഭയിലേക്കും തൃശൂര്‍ നിന്ന് 2021 ല്‍ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാല്‍ പരാജയപ്പെട്ടിരുന്നു.

കുറച്ച് നാളുകളായി കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് കടുത്ത അവഗണയാണ് ഉണ്ടാകുന്നതെന്ന് പത്മജ തൃശൂരിലെ അടുത്ത ആളുകളോട് പറഞ്ഞിരുന്നു. ബിജെപിയിലേക്ക് എന്ന സൂചനയും നല്‍കി. ബിജെപിയില്‍നിന്ന് രാജ്യസഭാ അംഗത്വവും പാര്‍ട്ടിയില്‍ വലിയ പദവിയും ലഭിച്ചതായാണ് വിവരം.

സംഭവം അറിഞ്ഞ് കെ സി വേണുഗോപാല്‍, കെ മുരളീധരന്‍, പത്മജയുടെ ഭര്‍ത്താവ് വേണുഗോപാല്‍ തുടങ്ങിയവര്‍ പത്മജയെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും അനുകൂല മറുപടി ലഭിച്ചില്ലെന്നാണ് വിവരം. ദില്ലിയില്‍ എത്തിയ പത്മജ ഇതുവരെ എഐസിസി ഓഫീസില്‍ പോകാനും തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News