
ശശി തരൂരിനെതിരെ നടപടിയെടുക്കുന്നതിൽ പ്രതിരോധത്തിലായി കോൺഗ്രസ്. തരൂരിനെതിരെ തത്കാലം അച്ചടക്ക നടപടി വേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം. വികസനത്തിന്റെ പേരിലുള്ള പരാമർശത്തിനെതിരെ നടപടിയെടുത്താൽ അത് എതിരാളികൾക്ക് കൂടുതൽ കരുത്ത് നൽകുമെന്ന ആശങ്കയും ദേശീയ നേതൃത്വത്തിനുണ്ട്.
ശശി തരൂരിന്റെ ലേഖനം പാർട്ടി നിലപാടല്ലെന്ന് ആവർത്തിക്കുമ്പോഴും നടപടി വേണമെന്ന ആവശ്യം ഹൈക്കമാൻഡ് തള്ളുകയാണ്. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെന്നും വ്യക്തിപരമായി അഭിപ്രായം പറയാൻ അവകാശമുണ്ടെന്നുമാണ് ജയറാം രമേശിന്റെ പ്രതികരണം. തരൂരുമായി സംസാരിച്ചതായി കെ സി വേണുഗോപാലും വ്യക്തമാക്കുന്നു. ശശി തരൂരിനെതിരെ നടപടിയെടുക്കുമ്പോൾ നൽകേണ്ട വിശദീകരണമാണ് ഹൈക്കമാൻഡിനെ പ്രതിരോധത്തിലാക്കുന്നത്. വികസനം ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ നടപടിയെടുത്താൽ അത് എതിരാളികൾക്ക് കൂടുതൽ കരുത്ത് നൽകുന്നതാവും എന്ന വിലയിരുത്തലിലാണ് എഐസിസി നേതൃത്വം.
ALSO READ; പല തവണ വേഷം മാറി, പക്ഷേ ഷൂസ് മാറാൻ മറന്നു! പോട്ട ബാങ്ക് കവർച്ച പ്രതിയെ കുടുക്കിയത് ഷൂസ്
അതേസമയം മുൻപും കെ റെയിൽ അടക്കമുള്ള വിഷയങ്ങളിൽ വികസന നിലപാട് തുറന്നുപറഞ്ഞ് പ്രതിരോധത്തിലാക്കിയ തരൂരിനെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും യുഡിഎഫ് കൺവീനർ എം എം ഹസ്സനും ഉന്നയിക്കുന്നത്. എന്നാൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തരൂരിനോട് മൃദുസമീപനം സ്വീകരിച്ചതും ശ്രദ്ധേയമായി. തരൂരിനെതിരെ നടപടി സ്വീകരിച്ചാൽ അത് ദേശീയതലത്തിൽ പോലും ചർച്ച ചെയ്യപ്പെടുന്ന വിഷയവുമായി മാറുമെന്ന ആശങ്ക ദേശീയ നേതൃത്വത്തിനുണ്ട്. ഇത് കേരളത്തിൽ മാത്രമല്ല, ദേശീയ തലത്തിൽ പോലും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കും. അതിനാൽ പ്രവർത്തക സമിതി അംഗമായ തരൂരിന്റെ ലേഖനത്തിൽ തത്കാലം കൂടുതൽ ചർച്ചകൾ വേണ്ടെന്ന് നിലപാടിലാണ് ഹൈക്കമാൻഡ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

