ഷാഫി പറമ്പിൽ, പി ആർ വർക്കുകളിലേക്കും സോഷ്യൽ മീഡിയ ഗിമ്മിക്കുകളിലേക്കും നിങ്ങൾ ചുരുങ്ങിപ്പോയി; കോൺ​ഗ്രസ് പ്രവർത്തകൻ്റെ തുറന്ന കത്ത് പങ്കുവച്ച് ഡോ പി സരിൻ

shafiparambil

ഷാഫി പറമ്പിലിൻ്റെ ​ചെയ്തികളെപ്പറ്റി ഒരു കോൺ​ഗ്രസ് പ്രവർത്തകൻ എഴുതിയ തുറന്ന കത്ത് സമൂഹമാധ്യമത്തിൽ വൈറലാകുകയാണ്. ഡോ പി സരിനാണ് കത്ത് പങ്കുവച്ചിരിക്കുന്നത്.

പോസ്റ്റിൻ്റെ പൂർണരൂപം

ഇന്നലെ വാട്‌സ്ആപ്പിൽ ഒരു കോണ്ഗ്രസ്സ് പ്രവർത്തകന്റെ “ഷാഫി പറമ്പിലിനൊരു തുറന്ന കത്ത് ” എന്ന രീതിയിൽ ഒരു പോസ്റ്റ് കണ്ടു. അത് അതേപടി ഇവിടെ താഴെ കോപ്പി ചെയ്യുന്നു.

താഴെ ഉള്ള പോസ്റ്റർ ഷാഫി പറമ്പിൽ 2021 ൽ മത്സരിക്കുമ്പോൾ പാലക്കാട് ജനങ്ങൾക്ക് മുന്നിൽ വച്ച വാഗ്ദാനങ്ങൾ ആണ്. ഈ വാഗ്ദാനങ്ങൾ എത്രത്തോളം നടന്നിട്ടുണ്ട് എന്നത് കൂടി ചേർത്ത് വായിക്കുമ്പോൾ ഈ കോൺഗ്രസ്സുകാരന്റെ വികാരം മനസ്സിലാക്കാം.

“പ്രിയപ്പെട്ട ഷാഫി പറമ്പിൽ,

നിങ്ങളോട് ഇത് പറയണമെന്ന് കഴിഞ്ഞ കുറേ നാളുകളായി ഞാൻ കരുതുന്നതാണ്. ഞാൻ മാത്രമല്ല, പാലക്കാട്ടുകാർ ഒന്നടങ്കം ആഗ്രഹിക്കുന്നതാണിത്. ഇതൊരല്പം വലിയ കുറിപ്പാണ്; ക്ഷമിക്കുമല്ലോ…!

പാലക്കാട് നിയമസഭാ മണ്ഡലത്തിന് വലിയൊരു രാഷ്ട്രീയ ചരിത്രമുണ്ട്. മഹാരാഷ്ട്രയിലെ ബോംബെയിൽ ‘ക്ലീൻ ബോംബെ’ പദ്ധതിയുടെ പേരിൽ പട്ടിണിപ്പാവങ്ങളുടെ കൂരകൾ പൊളിച്ചുനീക്കിയ മൊറാർജി ദേശായി സർക്കാരിനെതിരെ പ്രതിഷേധിച്ച്, കുടിയൊഴിപ്പിക്കപ്പെട്ടവരെ ബോംബെ മുൻസിപ്പൽ ഓഫീസിൽ അതിക്രമിച്ചു കയറി പുനരധിവസിപ്പിച്ച ഒരു സോഷ്യലിസ്റ്റ് നേതാവുണ്ട് ഇന്ത്യൻ ചരിത്രത്തിൽ—പി. സുന്ദരം. പിന്നീട് അദ്ദേഹം തന്റെ പൂർവികരുടെ നാടായ കൽപ്പാത്തിയിലേക്ക് മടങ്ങുകയും അഞ്ച് തവണ നിയമസഭയിൽ ഈ പാലക്കാട് മണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്തു. മലമ്പുഴ ഡാം നിർമ്മാണത്തിനായി ആദിവാസികളെ കുടിയൊഴിപ്പിക്കാൻ ശ്രമിച്ച സർക്കാരിനെ മുട്ടുകുത്തിച്ച അതേ പി. സുന്ദരം തന്നെ. സമുന്നതനായ കോൺഗ്രസ് നേതാവ് പി. ശങ്കരനാരായണനെ വിജയിപ്പിച്ച, പാലക്കാട്ടുകാരുടെ സ്വപ്നമായിരുന്ന അമൃത എക്സ്പ്രസ്സ് യാഥാർത്ഥ്യമാക്കിയ ഒ. രാജഗോപാൽ നാല് തവണ മത്സരിച്ച മണ്ഡലമാണിത്. അതാണ് പാലക്കാടിന്റെ രാഷ്ട്രീയ പാരമ്പര്യം.

ശ്രീ ഷാഫി പറമ്പിൽ, 2011-ൽ രാഹുൽ ബ്രിഗേഡിന്റെ ഭാഗമായി നിങ്ങൾ മത്സരിക്കാനെത്തുമ്പോൾ നിങ്ങളുടെ യുവത്വത്തിൽ പാലക്കാട്ടെ ജനങ്ങൾക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നു; മാറ്റത്തിന്റെ സ്വപ്നങ്ങളുണ്ടായിരുന്നു. അന്ന് 7,403 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിങ്ങളെ പാലക്കാട്ടിലെ ജനത കേരള നിയമസഭയിലേക്ക് അയച്ചു. അക്കാലത്ത് യു.ഡി.എഫ് സർക്കാരായിരുന്നു അധികാരത്തിൽ എന്നതിനാൽ സർക്കാരിന്റെ പിന്തുണയോടെ മണ്ഡലത്തിൽ പ്രവർത്തിക്കാൻ സാധിച്ചുവെന്ന് തെളിയിക്കുന്നതിൽ നിങ്ങൾ വിജയിച്ചു. അതിന്റെ ഫലമായി 2016-ൽ ഇരട്ടി ഭൂരിപക്ഷത്തോടെ നിങ്ങളെ പാലക്കാട്ടുകാർ വീണ്ടും തിരഞ്ഞെടുത്തു. നിങ്ങളിൽ പ്രതീക്ഷകളുണ്ടായിരുന്നു ശ്രീ. ഷാഫി പറമ്പിൽ…

ഒരു തുടക്കക്കാരനെന്ന നിലയിൽ സ്വയം തെളിയിക്കാനുള്ള അവസരമായി ആദ്യത്തെ കാലാവധിയെ മാറ്റാൻ നിങ്ങൾ ശ്രമിച്ചു എന്നുള്ളതൊഴിച്ചാൽ പിന്നീട് പാലക്കാടിന് വേണ്ടിയല്ല മറിച്ച്, സ്വന്തം രാഷ്ട്രീയ ഭാവിക്കായി, നാളെ നിങ്ങൾക്ക് അണിയേണ്ട പല കുപ്പായങ്ങളും മുന്നിൽ കണ്ടുകൊണ്ട് മാത്രമാണ് പ്രവർത്തിച്ചത് എന്ന് ഏറെ വിഷമത്തോടെ പറയട്ടെ. പി.ആർ. വർക്കുകളിലേക്കും സോഷ്യൽ മീഡിയ ഗിമ്മിക്കുകളിലേക്കും നിങ്ങൾ ചുരുങ്ങിപ്പോയി. ഫലമോ, പാലക്കാട് വികസനമുരടിപ്പിലേക്ക് കൂപ്പുകുത്തി. 2021-ലെ തിരഞ്ഞെടുപ്പിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു. എന്നാൽ, ‘മെട്രോ മാൻ’ ഇ. ശ്രീധരൻ ബി.ജെ.പി സ്ഥാനാർത്ഥിയായി പാലക്കാട് വന്നത് നിങ്ങൾക്ക് ഭാഗ്യമായി. വികസന പ്രശ്നങ്ങൾ ചർച്ചയാകാതെ, ബി.ജെ.പി ജയിക്കുമെന്ന ഭീതിയുടെ മാത്രം അടിസ്ഥാനത്തിൽ നടന്ന തിരഞ്ഞെടുപ്പായിരുന്നു അത്. രാഷ്ട്രീയ വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്താൽ മതനിരപേക്ഷത ജയിക്കണമെന്ന് ഇടതുപക്ഷം നിലപാടെടുത്തതുകൊണ്ട് മാത്രം നിങ്ങൾ ജയിച്ചുകയറി. കേവലം 3,859 വോട്ടുകൾക്ക് രക്ഷപ്പെട്ട നിങ്ങൾ സത്യത്തിൽ അന്ന് പരാജയപ്പെട്ടിരുന്നു ശ്രീ.ഷാഫി പറമ്പിൽ.!!!

അത്രയും ഭീകരമായ അവസ്ഥയിൽ നിന്ന് രക്ഷപ്പെട്ടിട്ടും മാറാൻ നിങ്ങൾ തയ്യാറായില്ല. ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ജയിക്കുന്ന ലോക്സഭാ ഇലക്ഷനിൽ മത്സരിക്കാൻ വടകര മണ്ഡലത്തിലേക്ക് നിങ്ങൾ ചേക്കേറി. അത് നിങ്ങളുടെ വ്യക്തിപരമായ തീരുമാനമാകാം. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിരവധി കോൺഗ്രസ് പ്രവർത്തകർ ഉണ്ടായിരിക്കെ, പത്തനംതിട്ടയിൽ നിന്ന് രാഹുൽ മാങ്കൂട്ടം എന്ന യുവനേതാവിനെ നിങ്ങളുടെ താല്പര്യപ്രകാരം മാത്രം ഇവിടെ മത്സരിപ്പിച്ചു. ചാനൽ ചർച്ചകളിലെ സ്പാർക്ക് മാത്രം കണ്ട് ആകർഷിക്കപ്പെട്ട പാലക്കാട്ടെ ജനത അയാളെയും വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചു. പക്ഷേ, അതിന് അധികം വൈകാതെ ഞങ്ങൾക്ക് കനത്ത മറുപടി പറയേണ്ടി വന്നു.

കേരളത്തിൽ എവിടെയും ‘പാലക്കാട് എം.എൽ.എ’ എന്ന് കേൾക്കുമ്പോൾ നാടിനെ തന്നെ പരിഹസിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. അയാളുടെ വൃത്തികെട്ട പ്രവർത്തനങ്ങളെക്കുറിച്ച് കൃത്യമായ അറിവുണ്ടായിട്ടും അതൊന്നും പിടിക്കപ്പെടില്ലെന്ന ധാരണയിൽ നിങ്ങൾ അയാളെ ജനങ്ങളുടെ മേൽ കെട്ടിവെക്കുകയാണുണ്ടായത്. മൂന്ന് ബലാത്സംഗം കേസുകളിൽ പ്രതിയായ, ഭ്രൂണഹത്യയുടെ പേരിൽ പ്രതിയാക്കപ്പെട്ട ഒരു എം എൽ എ കേരള രാഷ്ട്രീയ ചരിത്രത്തിലില്ല പ്രിയപ്പെട്ട ഷാഫി പറമ്പിൽ… ആ ക്രെഡിറ്റ് പാലക്കാടിന് താങ്കൾ ചാർത്തി തന്നു. അവസാനം നാണംകെട്ട് അയാൾക്ക് പുറത്തുപോകേണ്ടി വന്നു. ആ കാലത്തെല്ലാം നിങ്ങളുടെ റീലുകൾ സൈലന്റായിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി, പെൺകുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി വേദികളിലും സ്കൂളുകളിലും വാതോരാതെ പ്രസംഗിച്ചിരുന്ന നിങ്ങളുടെ വായ ആദ്യമായി നിശബ്ദമായി. നിങ്ങൾ അയാൾക്ക് കവചം തീർക്കുകയായിരുന്നു മിസ്റ്റർ ഷാഫി പറമ്പിൽ…!!! ആ ‘സൈക്കോപാത്ത്’ മാനിപുലേറ്റ് ചെയ്ത സ്ത്രീകളെ സോഷ്യൽ മീഡിയയിൽ നിങ്ങളുടെ ആരാധകർ നിങ്ങളുടെ മൌനാനുവാദത്തോടെ സ്ലട്ട് ഷെയിം ചെയ്യുന്നത് കണ്ടിട്ട് അറച്ചുപോയിട്ടുണ്ട്. ആ വാനരക്കൂട്ടത്തിൽ ഞങ്ങളില്ലെന്ന് ലോകത്തോട് ഒരായിരം വട്ടം വിളിച്ചു പറയണമെന്ന് തോന്നിയിട്ടുണ്ട് ഓരോ പാലക്കാട്ടുകാർക്കും… Yes, we care, Mr. shafi Parambil…!

രണ്ട് വർഷത്തെ എം.എൽ.എ കാലാവധിയിൽ രാഹുൽ മാങ്കൂട്ടവും നിങ്ങളുടെ പാത തന്നെയാണ് പിന്തുടർന്നത്. അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്യാൻ അഞ്ച് റീലുകൾ എടുക്കുന്ന, കമ്പനികളുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന കാര്യങ്ങളുടെ ക്രെഡിറ്റ് സ്വന്തം പേരിൽ മാറ്റുന്ന ഒരു ‘സതീശൻ കഞ്ഞിക്കുഴി’ മാത്രമായിരുന്നു അയാൾ.ഒരു കാലത്ത് പ്രമുഖമായിരുന്ന പാലക്കാട് നഗരം വികസന ഭൂപടത്തിൽ നിന്ന് തന്നെ മാഞ്ഞുപോയി.

Also read: കേരള സമൂഹത്തോട് മാപ്പ് പറയണം- യു പ്രതിഭയ്ക്കെതിരെ ഉണ്ടായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ശ്രീമതി ടീച്ചർ

കോൺഗ്രസിൽ നിന്ന് പുറത്താക്കിയിട്ടും ഇന്നും പാലക്കാടൻ തെരുവോരങ്ങളിൽ അയാൾ വിലസുന്നതും മോയൻസിലെ കുഞ്ഞുങ്ങളെ വച്ച് റീൽ ചെയ്യുന്നതും നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാൻ പാലക്കാട്ടിൽ നടക്കുന്ന സാമൂഹിക പരിപാടികളിലെയെല്ലാം അപ്രതീക്ഷിത അതിഥിയായി കയറിച്ചെല്ലുന്നതും നിങ്ങളുടെ നിർദേശ പ്രകാരമാണെന്ന് അറിയാം ഷാഫി പറമ്പിൽ. പാലക്കാട് നിയമസഭ മണ്ഡലത്തിൽ ഇത്തവണ അയാൾ മത്സരിക്കുന്നില്ലെങ്കിലും പാലക്കാട് മണ്ഡലത്തിലെ നിങ്ങളുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ പരിപാടികൾ മൊത്തം നിയന്ത്രിക്കുന്നത് രാഹുൽ മാങ്കൂട്ടം ആണെന്ന് ആർക്കാണ് അറിയാത്തത് ശ്രീ. ഷാഫി പറമ്പിൽ…

ഇതാ അടുത്ത തിരഞ്ഞെടുപ്പായി. ഇനിയുള്ള അഞ്ച് വർഷം പാലക്കാടിനെ ആര് നയിക്കണമെന്ന് തീരുമാനിക്കേണ്ട സമയമാണിത്. രാഹുൽ മാങ്കൂട്ടത്തിലിലൂടെ ഒരു പാഠം പഠിച്ചിട്ടും നിങ്ങളുടെ മാത്രം രാഷ്ട്രീയ ലാഭങ്ങൾക്ക്, ഭാവിയിലെ നേട്ടങ്ങൾക്ക്, പാലക്കാട്ടിലെ ജനതയെ നിങ്ങൾ വീണ്ടും ഒറ്റുകൊടുക്കുകയാണ്. ശോഭാ സുരേന്ദ്രനെപ്പോലെ Highly Polarizing ആയ ഒരു സ്ഥാനാർത്ഥി ബി.ജെ.പിക്ക് വേണ്ടി കളത്തിലിറങ്ങുമ്പോൾ, കെ. മുരളീധരനെപ്പോലെയുള്ള മുതിർന്ന നേതാക്കൾ മത്സരിക്കാൻ തയ്യാറായിട്ടും, പാലക്കാട്ടിലെ തന്നെ പ്രാദേശികമായി കോൺഗ്രസിലെ പദവികൾ അലങ്കരിക്കുന്ന, യുവനേതൃത്ത്വമെന്ന് നിങ്ങൾ തന്നെ കൊട്ടിഘോഷിച്ച് കൊണ്ട് നടന്നിരുന്ന ആരെയെങ്കിലും പരിഗണിക്കാതെ, സ്വന്തം പാർട്ടിയുടെ തീരുമാനത്തെ വരെ ഹൈജാക്ക് ചെയ്തുകൊണ്ട് തൃപ്പൂണിത്തുറയിൽ നിന്ന്, ലോകത്ത് നടക്കുന്ന അനീതികളെ തിരിച്ചറിയാനാകാത്ത, ബിജെപി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെപറ്റി യാതൊരു ബോധവുമില്ലാത്ത, മതേതര മനസ്സുകൾ മുറിപ്പെടുമ്പോൾ അവരോട് ഐക്യപ്പെടാത്ത, നിങ്ങളെപ്പോലെ തന്നെ സത്യസന്ധതയില്ലാത്ത രാഷ്ട്രീയം പയറ്റുന്ന, ഒരു സെലിബ്രിറ്റിയെ നിങ്ങൾ പാലക്കാട് കെട്ടിയിറക്കി. കാരണം ഈ മണ്ഡലം നിങ്ങളുടെ കൈവിട്ട് പോകരുതെന്ന ഒരൊറ്റ സ്വാർത്ഥത..

Also read: ബജറ്റിൽ ഉന്നതവിദ്യാഭ്യാസ മേഖലക്ക് അവഗണ; തെലങ്കാന സർക്കാർ നടപടിക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ നേതാക്കൾക്കെതിരെ പൊലീസ് അതിക്രമം

തീർന്നില്ല, മതേതര മനസ്സ് കാത്തുസൂക്ഷിക്കുന്ന, ജനാധിപത്യ ബോധമുള്ളവരാണ് പാലക്കാട്ടുകാർ. അവരോട് വികസനത്തെക്കുറിച്ചോ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചോ സംസാരിക്കാതെ, ഇത്തവണയും മതത്തിന്റെ പേരിൽ ഭീതി പരത്തി വിഭജിച്ച് വോട്ട് നേടാനാണ് നിലവിൽ നിങ്ങളുടെ ശ്രമം. അതിനാണ് നിങ്ങളുടെ മുതിർന്ന നേതാക്കൾ പാലക്കാട്ട് ഡീൽ എന്ന് നിലവിളിക്കുന്നത്.. പിന്നെ എല്ലാം എളുപ്പമാണല്ലോ..! അത് വിജയിക്കില്ല പ്രിയപ്പെട്ട ഷാഫി പറമ്പിൽ! പാലക്കാടിന്റെ ചരിത്രം അതല്ല. തികഞ്ഞ ജനാധിപത്യ ബോധമുള്ളവരാണ് ഈ നാട്ടുകാർ. എന്നെങ്കിലും തിരിച്ചറിയപ്പെടാൻ പോകുന്ന ഒരു കപട രാഷ്ട്രീയക്കാരൻ മാത്രമാണ് നിങ്ങൾ.

ഒരുപക്ഷേ രാഷ്ട്രീയത്തിൽ നേട്ടങ്ങൾ കൊയ്യാനും അധികാര കസേരകൾ സ്വന്തമാക്കാനും ഇത്തരം തന്ത്രങ്ങൾ ആവശ്യമായിരിക്കാം. അറിയില്ല. അതിൽ നിങ്ങൾ വിജയിച്ചേക്കാം, പക്ഷേ അതിനായി പാലക്കാട്ടെ ജനങ്ങളെ ബലികൊടുക്കരുത്. ” ഷാഫി പറമ്പിൽ അഴിച്ചിട്ട ഷർട്ട് ധരിക്കുന്നവനെപ്പോലും പാലക്കാട് ജയിപ്പിക്കും ” എന്നാണ് നിങ്ങളുടെ അനുയായികൾ വീമ്പിളിക്കുന്നത്. അതിന് പാലക്കാട് മുസ്ലീം ലീഗിന്റെ പൊന്നാപുരം കോട്ടയല്ല ശ്രീ. ഷാഫി പറമ്പിൽ..! മതേതരത്വവും ജനാധിപത്യ ബോധവുമുള്ള ജനങ്ങളാണ് പാലക്കാടിന്റെ പ്രതിനിധിയെ തീരുമാനിക്കുന്നതെന്ന് നിങ്ങളോട് പാലക്കാട് വിളിച്ചുപറയുന്ന തിരഞ്ഞെടുപ്പ് ഫലമാണ് നിങ്ങളെ കാത്തിരിക്കുന്നത്.

എന്ന്,

2011-ലും 2016-ലും 2021-ലും (അന്ന് ഭീതി കാരണം) നിങ്ങൾക്ക് വോട്ട് ചെയ്ത, നിങ്ങളുടെ നിരവധി ഹൈ-ഫൈകൾ ഏറ്റുവാങ്ങിയ പാലക്കാട്ടിലെ ഒരു സാധാരണ കോൺഗ്രസ് അനുഭാവി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News