കര്‍ണാടക തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ബംഗലുരുവില്‍ നടക്കുന്ന ചടങ്ങില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രകടന പത്രിക പുറത്തിറക്കുക.

പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ , പി.സി.സി അദ്ധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ എന്നിവര്‍ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുക്കും. യുവാക്കളെയും വനിതകളേയും സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങള്‍ കോണ്‍ഗ്രസ് പ്രകടന പത്രികയിലുണ്ടാകും. ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലിടം നേടും.

അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് പ്രചാരണം നടത്തുന്ന ബി.ജെ.പിക്ക് വലിയ വെല്ലുവിളിയാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. രാഹുല്‍ ഗാന്ധി , പ്രിയങ്കാ ഗാന്ധി എന്നിവരുടെ പ്രചാരണ പരിപാടികള്‍ ഗുണം ചെയ്‌തെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. സംസ്ഥാനത്ത് അധികാരത്തിലിരുന്ന ബിജെപി സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.

അതേസമയം വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വാഗ്ദാനങ്ങളാണ് ബി.ജെ.പി പ്രകടനപത്രികയിലുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഭൂരിഭാഗവും നടപ്പാക്കുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News