മുഹമ്മദ് അബ്ദുറഹ്മാനോട് ഇന്നും നീതി പുലര്‍ത്താത്ത കോണ്‍ഗ്രസ്

ഭാഗം 2
ആര്‍.രാഹുല്‍

കോഴിക്കോട് നടന്ന ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയതിനെ തുടര്‍ന്ന് അറസ്റ്റിലായ മുഹമ്മദ് അബ്ദുറഹ്മാന്‍ 1930 ഡിസംബര്‍ 2ന് ജയില്‍ മോചിതനായി. തുടര്‍ന്ന് കോണ്‍ഗ്രസ്സിനെ ജനകീയ പ്രസ്ഥാനമാക്കി മാറ്റാനായിരുന്നു പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ശ്രമം. സുഖാലസ്യത്തിലും അവധി ദിന പ്രവര്‍ത്തനങ്ങളിലും മാത്രം പരിമിതപ്പെട്ട് ‘ഞായറാഴ്ച കോങ്കറസ്സ്’ എന്ന് ഇരട്ടപ്പേര് വീഴുന്ന അവസ്ഥയിലുമായിരുന്ന മലബാറിലെ കോണ്‍ഗ്രസ്സിനെ ബഹുജനങ്ങളിലേക്കിറക്കിയതില്‍ അബ്ദുറഹ്മാന്‍ സാഹിബിന്റെ പങ്ക് വളരെ വലുതാണ്. ‘കോണ്‍ഗ്രസ്സിന്റെ ഉദ്ദേശ്യം ലഡുവും ജിലേബിയും ശാപ്പിട്ട് സുഖമായി വിശ്രമിക്കുകയാണെന്ന് വരുന്ന പക്ഷം ഇന്നുള്ളതിലധികം ആളുകള്‍ വരും കാലങ്ങളില്‍ കോണ്‍ഗ്രസ്സില്‍ കണ്ടേക്കാ’മെന്ന് കെ. കേളപ്പന്‍ കെപിസിസിയുടെ രാഷ്ട്രീയ സമ്മേളനത്തില്‍ പ്രസംഗിക്കേണ്ട അവസ്ഥയിലായിരുന്നു അന്ന് കോണ്‍ഗ്രസ്. സന്ധിയില്ലാത്ത സമരമായിരുന്നു മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ രീതി. ഒരിക്കലും അദ്ദേഹം തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ത്തിരുന്നില്ല.

മേല്‍ത്തട്ടില്‍ മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തനം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിച്ചത് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് പ്രസിഡന്റായ  1938 കാലഘട്ടത്തിലാണ്. കര്‍ഷകര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ തുടങ്ങിയ വിഭാഗങ്ങളെ അണിനിരത്തിക്കൊണ്ട് കോണ്‍ഗ്രസ്സിനെ ഒരു ബഹുജനപ്രസ്ഥാനമാക്കി മാറ്റാന്‍ കെപിസിസി പ്രസിഡന്റ് എന്ന നിലയ്ക്ക് അക്കാലത്ത് അബ്ദു റഹ്മാന്‍ സാഹിബിന്  സാധിച്ചു. മലബാറില്‍ കര്‍ഷക പ്രസ്ഥാനം ശക്തിപ്രാപിച്ചത് അബ്ദുറഹ്മാന്‍ സാഹിബ് പ്രസിഡന്റായിരുന്ന കാലത്താണ്. അന്ന് കോണ്‍ഗ്രസില്‍ മേല്‍ക്കൈ ഉണ്ടായിരുന്ന ഇടതുചേരിയാണ് ഇതിന് നേതൃത്വം നല്‍കിയത്.

അബ്ദുറഹ്മാനെതിരെ കോണ്‍ഗ്രസില്‍ നീക്കങ്ങള്‍ ആരംഭിക്കുന്നു

മലബാര്‍ ജില്ലയിലെ മുനിസിപ്പല്‍-ലോക്കല്‍ ബോഡികളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള  തീരുമാനത്തിന്റെ ഭാഗമായി 1931ല്‍ കോഴിക്കോട് മുനിസിപ്പാലിറ്റിയിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിച്ചു. 32 ല്‍ 16 സീറ്റ് നേടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വിജയിച്ചു. ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ അബ്ദു റഹ്മാന്‍ സാഹിബ് മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വരണം എന്നാവശ്യപ്പെട്ടു. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ്സിലുണ്ടായ രൂക്ഷമായ തര്‍ക്കത്തില്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് അദ്ദേഹം വിട്ടുനിന്നു.

1931 സെപ്റ്റംബര്‍ 19 ന് മലബാറില്‍ അങ്ങോളമിങ്ങോളം  കെപിസിസി യെ കൊണ്ട് ‘മാപ്പിളദിനം’ ആചരിപ്പിച്ചത് അബ്ദുറഹ്മാന്‍ സാഹിബായിരുന്നു. താന്‍ കൂടി ഭാഗമായ സമൂഹത്തിന്റെ പ്രശ്നങ്ങളെ പൊതുമണ്ഡലത്തില്‍ അവതരിപ്പിക്കുന്നത് ദേശീയപ്രവര്‍ത്തകനെന്ന തന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടിക്കുമെന്ന് കരുതി മൗനിയായിരിക്കുന്ന ഭീരുവോ മാപ്പുസാക്ഷിയോ ആയിരുന്നില്ല അദ്ദേഹം.

മലബാര്‍ കലാപവുമായി ബന്ധപ്പെട്ട്  വളരെക്കാലമായി കാരാഗൃഹത്തിലും ആന്‍ഡമാന്‍ ദ്വീപിലും മറ്റുമായി നരകിക്കുന്നവരുടെ മോചനമായിരുന്നു മാപ്പിള ദിനത്തിന്റെ ലക്ഷ്യം.  മുസ്ലിം സമുദായത്തിന്റെ യഥാര്‍ത്ഥ താല്‍പര്യങ്ങളെ  കോണ്‍ഗ്രസിനെക്കൊണ്ട് അംഗീകരിപ്പിച്ച് മുഴുവന്‍  ജനതയെയും തങ്ങള്‍  പ്രതിനിധാനം ചെയ്യുന്നു  എന്ന കോണ്‍ഗ്രസ്സിന്റെ അവകാശവാദത്തോട് നീതി പുലര്‍ത്താന്‍ അബ്ദുറഹ്മാന്‍ സാഹിബിന് കഴിഞ്ഞു

മലബാര്‍ കോണ്‍ഗ്രസ്സില്‍ ഇടത് ചേരി ശക്തമാവുന്നു…

1934 മെയ് മാസത്തില്‍ മലബാറിലെ കോണ്‍ഗ്രസ്സില്‍ ഇടതു-വലതുവിഭാഗങ്ങള്‍ രൂപംകൊണ്ടു. അബ്ദുറഹ്മാന്‍ സാഹിബ് അടക്കമുള്ള കോണ്‍ഗ്രസിലെ ഇടത് ചേരി സജീവമായി.  കെ. കേളപ്പനായിരുന്നു വലതുവിഭാഗത്തിന്റെ നേതാവ്. 1934 ഒക്ടോബര്‍ മാസത്തില്‍ നടന്ന കെപിസിസി തെരഞ്ഞെടുപ്പില്‍ ഇടതുവിഭാഗത്തിന് വിജയം. ഇ.എം.എസും, സി.കെ. ഗോവിന്ദന്‍നായരും സെക്രട്ടറിമാരായി. പി. കൃഷ്ണപിള്ള കെപിസിസി പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇടതു വിഭാഗത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് കോങ്ങാട്ടില്‍ രാമന്‍ മേനോന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. എകെജി താല്‍ക്കാലിക പ്രസിഡന്റായി. എന്നാല്‍ കെപിസിസി യിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ അബ്ദുസ്സത്താര്‍ സേട്ടുവിനോടുള്ള മത്സരത്തില്‍ അബ്ദുള്‍ റഹ്മാന്‍ സാഹിബ് 322 വോട്ടുകള്‍ക്ക് തോറ്റു. അങ്ങനെ പറയുന്നതിനേക്കാള്‍ അദ്ദേഹത്തെ കോണ്‍ഗ്രസിലെ വലതുപക്ഷം തോല്‍പിക്കുകയായിരുന്നു എന്ന് വിശേഷിപ്പിക്കുന്നതാവും ശരി.

1935 മെയ് മാസത്തില്‍ കെപിസിസിയിലെ ഇടത് വിഭാഗവും ഗാന്ധിയന്മാരുമായുള്ള സംഘര്‍ഷം രൂക്ഷമായി.  മെയ് 28ന് കോഴിക്കോട് നടന്ന സംസ്ഥാന രാഷ്ട്രീയസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ആന്ധ്രാ സിംഹം എന്നറിയപ്പെടുന്ന  തങ്കുതൂരി പ്രകാശം എന്ന  ടി. പ്രകാശത്തിന്റെ മധ്യസ്ഥതയില്‍ രണ്ട് വിഭാഗത്തെയും ഒത്തുതീര്‍പ്പിലാക്കാന്‍ ശ്രമിച്ചു. ഇതനുസരിച്ച് ഇഎംഎസ് സെക്രട്ടറി സ്ഥാനം രാജിവെച്ചു. ഇതോടെ കോങ്ങാട്ടില്‍ രാമന്‍ മേനോന്‍ പ്രസിഡന്റും കോഴിപ്പുറത്ത് മാധവമേനോന്‍ സെക്രട്ടറിയുമായി. ഒത്തുതീര്‍പ്പിന് അധിക ആയുസ്സ് ഉണ്ടായിരുന്നില്ല.

1936ല്‍ മദ്രാസ് നിയമസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളായി  മലബാറില്‍നിന്ന് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനൊപ്പം കോങ്ങാട്ടില്‍ രാമന്‍മേനോന്‍, ആര്‍. രാഘവമേനോന്‍, എം.പി. ദാമോദരന്‍, പി. അച്യുതന്‍, പോത്തേരി മാധവന്‍, സി.കെ. ഗോവിന്ദന്‍നായര്‍, അമ്പലക്കാട്ടു കരുണാകരമേനോന്‍, ഇ. കണ്ണന്‍, എ.വി. കുട്ടിമാളുഅമ്മ എന്നിവരെ തെരഞ്ഞെടുത്തു. അസംബ്ലി തിരഞ്ഞെടുപ്പിനു മുമ്പ് നടന്ന ഡിസ്ട്രിക്ട് ബോര്‍ഡിലും നാലു മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വിജയം. കെ. കേളപ്പന്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റായി.

1937ല്‍ ഇന്ത്യാ ആക്ട് പ്രകാരം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ ജാതി-സമുദായ ശക്തികള്‍ അബ്ദുറഹ്മാന്‍ സാഹിബിനെതിരെ കിട്ടിയ അവസരങ്ങളിലെല്ലാം പ്രചരണങ്ങള്‍ അഴിച്ചുവിട്ടിട്ടും  കാഫിറാണെന്ന പ്രചരണത്തെയൊക്കെ അതിജീവിച്ച് അബ്ദുറഹ്മാന്‍ സാഹിബ് വിജയിക്കുന്നു. 1937
ജൂലൈയില്‍ മദ്രാസില്‍ സി.രാജഗോപാലാചാരിയുടെ നേതൃത്വത്തില്‍  മന്ത്രിസഭയില്‍ മലബാറിനെ പ്രതിനിധീകരിച്ച് കോങ്ങാട്ടില്‍ രാമന്‍ മേനോന്‍ നിയമസഭയില്‍ മന്ത്രിയായി. നിയമസഭയില്‍ അബ്ദുറഹ്മാന്‍ സാഹിബ് ‘ആന്‍ഡമാന്‍ സ്‌കീം: ഔട്ട് റേജസ് ആക്ടി’നെതിരെ ബില്‍ അവതരിപ്പിക്കുകയും. രാജഗോപാലാചാരിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് മന്ത്രിസഭ ഈ ആക്ട് നിര്‍ത്തലാക്കുകയും ചെയ്തു. ഈ കാലയളവില്‍ കോണ്‍ഗ്രസ്സിലെ ഇടത്-ഗാന്ധിയന്‍ ചേരികള്‍ക്കിടയിലെ വിടവ് വര്‍ദ്ധിച്ചു.

ആയിരത്തി തൊള്ളായിരത്തി മുപ്പതുകളുടെ അന്ത്യമായപ്പോഴേയ്ക്കും മലബാറിലെ കോണ്‍ഗ്രസ്സ് പൂര്‍ണ്ണമായും രണ്ട് വിഭാഗങ്ങളായി തിരിഞ്ഞിരുന്നു. ചിന്താഗതിക്കാരുടെ  ഇടതു ചേരിയും, വലതുചേരിയും. ഏറെക്കുറെ തുല്യശക്തികളായിരുന്നു ഇരുവിഭാഗവും. ഇടത് ചേരി പിന്നീട് തെരഞ്ഞെടുപ്പിലൂടെ കെപിസിസിയുടെ നേതൃത്വം പിടിച്ചെടുത്തു. തുടര്‍ന്ന് അബ്ദുറഹ്മാന്‍ സാഹിബ് പ്രസിഡന്റാകുന്നതിലേക്ക് വരെയെത്തി കാര്യങ്ങള്‍.

കേരളാ ഗാന്ധി കെ. കേളപ്പനെ തോല്‍പിച്ച് കെപിസിസിയുടെ പ്രസിഡന്റാവുന്നു

1938 ല്‍ കോണ്‍ഗ്രസിലെ ഇടത്-വലത് വിഭാഗിയത മൂര്‍ച്ഛിക്കുന്നു. ഏകദേശം തുല്യശക്തികളായിരുന്ന ഗാന്ധിയന്‍ വിഭാഗവും അബ്ദുറഹ്മാന്‍ സാഹിബിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റുകളും തമ്മില്‍ കെപിസിസിയിലേക്ക് വാശിയേറിയ മത്സരം നടന്നു. ഗാന്ധിയന്‍ നേതൃത്വത്തെ പരാജയപ്പെടുത്തി ഇടത് ചേരി കെപിസിസി നേതൃത്വം പിടിച്ചെടുത്തു. അങ്ങനെ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് പ്രസിഡന്റും ഇംഎംഎസ്  സെക്രട്ടറിയും പി.നാരായണ്‍ നായര്‍ ഖജാന്‍ജിയുമായി കെപിസിസി പുന:സംഘടിപ്പിക്കപ്പെട്ടു.

1939ല്‍ കോണ്‍ഗ്രസില്‍ ഇടത്-വലത് ചേരിതിരിവ് പ്രകടമാകുന്ന നിലയിലായിരുന്നു അഖിലേന്ത്യാ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടന്ന്. ഇതിന്റെ സ്വാഭാവികമായി കേരളത്തിലും ആഞ്ഞുവീശി. അഖിലേന്ത്യാതലത്തില്‍ മഹാത്മാ ഗാന്ധിയും സുഭാഷ് ചന്ദ്ര ബോസും തമ്മിലായിരുന്നു ശീതയുദ്ധം എങ്കില്‍ മലബാറില്‍ കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പനും പില്‍ക്കാലത്ത്  കേരളാ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെട്ട മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും തമ്മിലായിരുന്നു.

1939ല്‍ ത്രിപുരി കോണ്‍ഗ്രസ് സമ്മേളനത്തില്‍ തെരഞ്ഞെടുപ്പിലൂടെ മഹാത്മാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ച് സുഭാഷ് ചന്ദ്ര ബോസ് കോണ്‍ഗ്രസ് പ്രസിഡന്റായി. അതേ വര്‍ഷം മലബാറിലും സംഘടനാ തെരഞ്ഞെടുപ്പിന്  കളമൊരുങ്ങിയിരുന്നു. ഇടതുചിന്താഗതിക്കാര്‍ മുന്‍കൂട്ടി തന്നെ മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ സാഹിബിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ചാലപ്പുറം ഗ്യാങ്ങെന്നും ഞായറാഴ്ച കോണ്‍ഗ്രസ്സെന്നും അറിയപ്പെടുന്ന വലതുപക്ഷക്കാര്‍ മൗനം പൂണ്ടു. അങ്ങനെ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് രണ്ടാം വട്ടം വീണ്ടും കെപിസിസിയുടെ പ്രസിഡന്റായി. കോണ്‍ഗ്രസിന്റെ സമരാവേശം ജനങ്ങളിലെത്തിക്കാനും പാര്‍ട്ടി പ്രചരണത്തിനുമായി പ്രസിഡന്റ് ഒരു മലബാര്‍ പര്യടനത്തിന് തീരുമാനമെടുത്തു. പിന്നീട് ഈ പര്യടനത്തെ തകര്‍ക്കാനായിരുന്നു ഗാന്ധിയന്മാരുടെ ശ്രമം. എന്നാല്‍ അതൊന്നും വകവെക്കാതെ അബ്ദുറഹ്മാന്‍ സാഹിബ് തന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയി.

ഇക്കാലയളവില്‍ കോണ്‍ഗ്രസിലെ വലതുപക്ഷ നേതൃത്വത്തെ ‘അല്‍ അമീനി’ലൂടെയും നേരിട്ടും അബ്ദുഹ്മാന്‍ സാഹിബ് വിമര്‍ശിക്കാന്‍ ആരംഭിച്ചു. ഇക്കാലയളവില്‍ അല്‍ അമീനില്‍  കോണ്‍ഗ്രസിലെ ഇടത് ചേരിയുടെ നേതാവായ സുഭാഷ് ചന്ദ്ര ബോസിനുകൂലമായ ലേഖനങ്ങളും മറ്റ് ഇടത് നേതാക്കളുടെ ലേഖനങ്ങളും തൊഴിലാളി – കര്‍ഷക-അധ്യാപക സംഘടനാ വാര്‍ത്തകളും കൃത്യമായി പ്രസിദ്ധീകരിച്ചിരുന്നു. 1939 മാര്‍ച്ച് 15 മുതല്‍ ‘അല്‍ അമീന്‍’ വീണ്ടും ദിനപത്രമായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങി.

മഹാത്മാ  ഗാന്ധിയുമായിയുള്ള അഭിപ്രായ വ്യത്യാസം മൂലം ഒടുവില്‍ സുഭാഷ് ചന്ദ്രബോസ്  കോണ്‍ഗ്രസ് പ്രസിഡന്റ് പദവി ഒഴിയേണ്ടിവന്നു. ബല്‍പൂരിലെ സമ്മേളനത്തിനു ശേഷം സുഭാഷ് ചന്ദ്ര ബോസ്  കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയും ഫോര്‍വേഡ് ബ്ലോക്ക് എന്നൊരു സംഘടന സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യയിലെ പുരോഗമന-ഇടത് പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുവാനുള്ള ഉദ്ദേശത്തോടെ കോണ്‍ഗ്രസ്സിനുള്ളിലെ ഇടതുപക്ഷമായി സുഭാഷ് ചന്ദ്ര ബോസും അദ്ദേഹത്തിന്റെ അനുയായികളും പ്രവര്‍ത്തിക്കാനരംഭിക്കുന്നു. മുഹമ്മദ് അബ്ദുറഹ്മാനും സുഭാഷ് ചന്ദ്ര ബോസിന് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനാരംഭിച്ചു.

1939 ല്‍ ഡിസ്ട്രിക്ട് ബോര്‍ഡിലേക്ക് മത്സരിച്ച    അബ്ദു റഹ്മാന്‍ സാഹിബിനെതിരെ വലതുപക്ഷക്കാര്‍  കേളപ്പന്റെ നേതൃത്വത്തില്‍ ഗാന്ധി സേവാ സംഘം എന്ന പേരില്‍ അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ കരുക്കല്‍ നീക്കി. മുഹമ്മദ് അബ്ദുറഹ്മാനെതിരെ  ‘യഥാര്‍ത്ഥ കോണ്‍ഗ്രസ്സുകാരന് വോട്ടുചെയ്യുക’ എന്നൊരു ലഘുലേഖ അടിച്ചിറക്കി. അവരുടെ ദൃഷ്ടിയില്‍ വിപ്ലവ ഇടത് ചിന്താഗതിക്കാരനായ സുഭാഷ് ചന്ദ്ര ബോസ് അനുകൂലിയായ  അബ്ദുറഹ്മാന്‍ യഥാര്‍ത്ഥ കോണ്‍ഗ്രസ്സുകാരനായിരുന്നില്ല. എന്തായാലും ഗാന്ധിയന്‍മാരുടെ പ്രവര്‍ത്തനഫലമായി ആ തെരഞ്ഞെടുപ്പില്‍ സാഹിബ് തോറ്റു.

1939 സപ്തംബര്‍ 3ന് മദ്രാസിലെ കടപ്പുറത്ത് പൊതുയോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയായിരുന്നു  ബ്രിട്ടനും ജര്‍മനിയും തമ്മില്‍ യുദ്ധമാരംഭിച്ച വിവരം സുഭാഷ് ചന്ദ്ര ബോസ് അറിയുന്നത്. അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു, ‘ഇന്ത്യയുടെ സുവര്‍ണാവസരം സമാഗതമായിരിക്കുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി അധീശശക്തിയുടെ നേര്‍ക്ക് നാം ഉടനെ ആഞ്ഞടിക്കണം’. ഈ യോഗത്തില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും പങ്കെടുത്തു. മലബാറില്‍ തിരിച്ചെത്തിയ അബ്ദു റഹ്മാന്‍ സാഹിബ് അല്‍ അമീനിലൂടെഅ രണ്ടാം ലോകമഹാ യുദ്ധത്തില്‍ ബ്രിട്ടനോട് നിസ്സഹകരിച്ചു നിയമലംഘനത്തിനും സ്വാതന്ത്ര സമരത്തിനും ആക്കം കൂട്ടാന്‍ ആഹ്വാനം ചെയ്തു. ‘കോണ്‍ഗ്രസ്സും  യുദ്ധവും ‘ എന്ന പേരില്‍ ബ്രിട്ടനെതിരെ  മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന്  1939 സെപ്റ്റംബര്‍ 29 സര്‍ക്കാര്‍ ‘അല്‍ അമീന്‍’ വീണ്ടും നിരോധിച്ചു.

1940 ല്‍ വീണ്ടും കോണ്‍ഗ്രസ്സില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നു. ഇത്തവണ അബ്ദുറഹ്മാന്‍ സാഹിനെ പ്രസിഡന്റ് ആക്കില്ല എന്ന ദൃഢനിശ്ചയത്തില്‍ പ്രവര്‍ത്തിക്കാനാരംഭിക്കുന്നു. ഇടത് ചേരി അബ്ദുള്‍ റഹ്മാന്‍ സാഹിബിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നു. എന്നാല്‍ ഇത്തവണ യാതൊരു വിട്ട് വീഴ്ച്ചക്കും തയ്യാറാകാതിരുന്ന ഗാന്ധിയന്‍മാര്‍  സാഹിബിനെതിരെ ഏറ്റവും ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തുന്നു. കേരള ഗാന്ധി സാക്ഷാല്‍ കെ. കേളപ്പന്‍ അബ്ദുറഹ്മാനെതിരെ സ്ഥാനാര്‍ത്ഥിയാവുന്നു.

കെപിസിസിയുടെ പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നു

1940 ല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും അബ്ദുറഹ്മാന്‍ സാഹിബ് മത്സരിക്കാന്‍ തീരുമാനിക്കുന്നു. മൂന്നാം തവണ അബ്ദുറഹ്മാന്‍ സാഹിബിനെ പ്രസിഡന്റാക്കുകയില്ല എന്ന് ദൃഢനിശ്ചയമെടുത്ത വലതുപക്ഷം വീണ്ടും സംഘടനാ തെരഞ്ഞെടുപ്പിന് കളമൊരുക്കി.അബ്ദു റഹ്മാന്‍ സാഹിബിനെതിരെ സ്ഥാനാര്‍ത്ഥിയായി  കേരളാ ഗാന്ധി കെ.കേളപ്പന്‍ മത്സരിക്കുന്നു. ലക്ഷ്യം ഒന്ന് മാത്രം അബ്ദുള്‍ റഹ്മാന്റെ മൂന്നാം വരവിന് തടയിടുക. ഡിസ്ട്രിക്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് സാഹിബിനെ തോല്പിച്ച അതേ മാതൃകയില്‍  അദ്ദേഹത്തിനെതിരെ ശക്തമായ പ്രചരണം അഴിച്ചുവിടുന്നു.

ഒടുവില്‍ സംഘടനാ തിരത്തെടുപ്പിന്റെ ദിവസം എത്തി. 1940 ഫെബ്രുവരി 15 ന് കോഴിക്കോട്  പിഎസ്‌വി ഹാളില്‍ വെച്ച് സംഘടനാ തെരഞ്ഞെടുപ്പ് നടന്നു. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ജനറല്‍ ബോഡി യോഗം താല്ക്കാലിക അധ്യക്ഷന്‍ കെ.ടി. കുഞ്ഞിരാമന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ ചേര്‍ന്നു. ഐക്യകണ്‌ഠേനെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക്  ഒരു തെരഞ്ഞെടുപ്പ് അനിവാര്യമായി വന്നു.

അബ്ദുറഹ്മാന്‍ സാഹിബും കേരള ഗാന്ധി കെ. കേളപ്പനും സ്ഥാനാര്‍ത്ഥികളായി.88 അംഗങ്ങളാണ് അന്ന് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. വാശിയേറിയ തെരഞ്ഞെടുപ്പ് നടന്നു. അബ്ദുറഹ്മാന്‍ സാഹിബിന് 54 വോട്ടും  കേളപ്പന് 34 വോട്ടുകളും ലഭിച്ചു. അബ്ദുറഹ്മാന്‍ സാഹിബ് കെ. കേളപ്പനെ തോല്‍പ്പിച്ച് മൂന്നാം വട്ടവും കോണ്‍ഗ്രസിന്റെ പ്രസിഡന്റായി.

രണ്ടാം ലോക മഹായുദ്ധത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച് നിലപാടിനെതിരെ സുഭാഷും സഹപ്രവര്‍ത്തകരും നിശിതമായി വിമര്‍ശനം ഉയര്‍ത്തി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരരുതെന്ന് സുഭാഷ് ചന്ദ്ര ബോസിന് പകരക്കാരനായി വന്ന കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദ് അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ അത് ജനാധിപത്യവിരുദ്ധമായി തോന്നിയതുകൊണ്ട് അനുസരിക്കാന്‍ സുഭാഷ് ചന്ദ്ര ബോസ്  വിസമ്മതിച്ചു. ഇതിന്റെ ശിക്ഷാനടപടിയായി അദ്ദേഹത്തിനെ മൂന്നു കൊല്ലക്കാലത്തേക്ക് കോണ്‍ഗ്രസില്‍ ഏതെങ്കിലും അധികാരസ്ഥാനം വഹിക്കുന്നതില്‍നിന്നും അയോഗ്യനാക്കി. തന്റെ ഈ സസ്‌പെന്‍ഷനെ  ഒരു പുറത്താക്കലായി സുഭാഷ് ചന്ദ്ര ബോസ് വിലയിരുത്തി. തുടര്‍ന്ന് അബ്ദുറഹ്മാന്‍ സാഹിബും സുഭാഷിനെ മാതൃകയാക്കി. കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു കോണ്‍ഗ്രസില്‍ നിന്നും പുറത്ത് പോയി. (ഇക്കാരണം കൊണ്ടും തന്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ടും തന്നെ മുഹമ്മദ് അബ്ദുറഹ്മാന്‍  കേരളത്തിലെ സുഭാഷ്ചന്ദ്ര ബോസ് എന്നിയപ്പെടുന്നു).

പുതിയകാലത്തെ കോണ്‍ഗ്രസുകാരില്‍ നിന്നും അബ്ദു റഹ്മാന്‍ സാഹിബിന് അവഗണന

മൂന്ന് തവണ കെപിസിസി പ്രസിഡന്റായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ഓര്‍മ്മകളെ പോലും കോണ്‍ഗ്രസുകാര്‍ക്ക് ഭയമാണ്. അതുകൊണ്ട് പുതുതലമുറയില്‍ നിന്നും അവര്‍ അദ്ദേഹത്തിന്റെ ചരിത്രം പോലും മറച്ചു പിടിക്കുകയാണ്. എത്ര കോണ്‍ഗ്രസുകാര്‍ക്ക്  മുഹമ്മദ് അബ്ദുറഹ്മാന്റെ പേരറിയാം എന്നതും ഇന്ന് വളരെ പ്രസക്തമാണ്.

രാജ്യത്തിന്റെ മതേതരത്വവും ഐക്യവും വര്‍ഗീയ ശക്തികള്‍ ചോദ്യം ചെയ്യുന്ന ഇരുണ്ട കാലത്ത് അബ്ദുറഹ്മാന്റെ എഴുപത്തി ഏഴാം ചരമവാര്‍ഷികദിനം  പോലും കെപിസിസി ഓര്‍ത്തില്ല. വര്‍ഗ്ഗീയതക്കെതിരെ ചൂണ്ടിക്കാണിക്കാന്‍ കഴിയുന്ന കേരളത്തില്‍ നിന്നുള്ള ഒന്നാം നമ്പര്‍ പേരുകാരനായ അബ്ദു റഹ്മാന്‍ സാഹിബിനെ  സാമൂഹ്യ മാധ്യമങ്ങളില്‍ക്കൂടി ഓര്‍ക്കാന്‍ പോലും കെപിസിസി പ്രസിഡന്റോ പ്രതിപക്ഷ നേതാവോ അടക്കമുള്ള ഗ്രൂപ്പ് വക്താക്കള്‍ തയ്യാറായില്ല എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. തലമൂത്ത നേതാക്കളുടെ ശൈലിയെ വിമര്‍ശിക്കുന്ന യുവനേതാക്കളും സോഷ്യല്‍ മീഡിയകളില്‍ പോലും അദ്ദേഹത്തെ ഓര്‍മ്മിച്ചില്ല.

അബ്ദുറഹ്മാന്‍ സാഹിബ് ആരായിരുന്നു എന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്ത തരത്തിലുള്ള രാഷ്ട്രീയ വിദ്യാഭ്യാസമാണോ ഇന്ന് കോണ്‍ഗ്രസിനെ നയിക്കുന്ന പഴയ-പുതുതലമുറകള്‍ക്കുള്ളത് എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നിട്ടും രാജ്യത്തെ മതേതരത്വം സംരക്ഷിക്കാന്‍  വേണ്ടി നിലകൊള്ളുന്നുവെന്നാണ് കോണ്‍ഗ്രസ് ഇന്നും അവകാശപ്പെടുന്നത്. ഇന്ത്യന്‍ ഭരണഘടനയില്‍ നിന്നും മതേതരത്വം എന്ന വാക്ക് വെട്ടിമാറ്റാന്‍ വര്‍ഗീയ ശക്തികള്‍ വെമ്പല്‍ കൊള്ളുന്ന കാലത്ത് എന്തുകൊണ്ടാണ് അവര്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെപ്പറ്റി അദ്ദേഹത്തിന്റെ ഓര്‍മ്മ ദിനത്തില്‍  നിശബ്ദത പാലിച്ചത്? മതേതരവാദിയും രാജ്യസ്‌നേഹിയും വിട്ടുവീഴ്ചയില്ലാത്ത സ്വാതന്ത്ര്യദാഹിയുമായിരുന്ന അബ്ദു റഹ്മാന്‍ മരണപ്പെട്ട് 77 വര്‍ഷക്കള്‍ക്കിപ്പുറവും എന്തിനാണിവര്‍ ഇന്നും ഇങ്ങനെ ഭയപ്പെടുന്നത് എന്നത് ദുരൂഹമായി തുടരുന്നു.

ഭാഗം 3: മുഹമ്മദ് അബ്ദുറഹ്മാന്‍: സാമ്രാജ്യത്വത്തിനും ദ്വിരാഷ്ട്രവാദത്തിനും എതിരെ മുഴങ്ങിയ സിംഹഗര്‍ജ്ജനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here