
നാടിന്‍റെ വളർച്ചയ്ക്കൊപ്പം ഉയർന്ന നിലവാരമുള്ള റോഡുകളും നിർമിക്കുന്നതിന്‍റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ തിരുവല്ല മണ്ഡലത്തിലെ രണ്ട് റോഡുകൾ കൂടി ആധുനിക നിർമ്മാണ രീതിയായ ബിഎം, ബിസി നിലവാരത്തിലേക്ക് ഉയർത്തുന്നതിന്‍റെ പ്രവൃത്തി ഇന്ന് ആരംഭിച്ചു. ഒപ്പം കടപ്ര – വീയപുരം ലിങ്ക് ഹൈവേ നവീകരണം, കാഞ്ഞിരത്തുംമൂട് – ചാത്തങ്കരി റോഡിന്‍റെ നിർമാണ പ്രവൃത്തികൾക്കും തുടക്കം കുറിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ചടങ്ങുകളുടെ ഉദ്ഘാടനം നിർവഹിച്ചു. വൻ ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങുകളുടെ ചിത്രങ്ങൾ മന്ത്രി ഫേസ്ബുക്കിൽ പങ്കുവക്കുകയും ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
നാടിന്‍റെ വളർച്ചയ്ക്കൊപ്പം ഇതാ ഉയർന്ന നിലവാരമുള്ള റോഡുകളും..
പത്തനംതിട്ട ജില്ലയിലെ തിരുവല്ല മണ്ഡലത്തിലെ രണ്ട് റോഡുകൾ കൂടി ആധുനിക നിർമ്മാണ രീതിയായ ബിഎം, ബിസി നിലവാരത്തിലേക്ക് ഉയർത്തുകയാണ്. ഇന്ന് പ്രവൃത്തി ആരംഭിച്ചു. പത്തനംതിട്ട – ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കടപ്ര – വീയപുരം ലിങ്ക് ഹൈവേയുടെ നവീകരണ പ്രവൃത്തി ജനങ്ങളുടെ ദീർഘകാലത്തെ സ്വപ്നമായിരുന്നു. അപ്പർ കുട്ടനാട് നിവാസികൾ പരുമല തീർത്ഥാടനത്തിന് സ്ഥിരമായി ഉപയോഗിക്കുന്ന പ്രധാന റോഡാണിത്. റോഡിൻ്റെ ശോചനീയാവസ്ഥയും മഴക്കാലത്ത് വെള്ളം കയറുന്ന പ്രശ്നവും കാരണം ജനങ്ങൾ വലിയ പ്രയാസം അനുഭവിച്ചിരുന്നു. വെള്ളം കയറാത്ത വിധം റോഡ് ഉയർത്തി ആധുനിക രീതിയിൽ ബിഎം, ബിസി നിലവാരത്തിലാണ് നിർമ്മിക്കുന്നത്. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയേയും കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന കാഞ്ഞിരത്തുംമൂട് – ചാത്തങ്കരി റോഡിൻ്റെ പ്രവൃത്തിയും ഇന്ന് ആരംഭിച്ചു. വെള്ളക്കെട്ട് പ്രതിരോധിക്കുന്നതിനായി റോഡ് ഉയർത്തി ആധുനിക രീതിയിൽ ബിഎം, ബിസി നിലവാരത്തിലാണ് ഈ റോഡിൻ്റെയും പ്രവൃത്തി നടപ്പിലാക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here