കോൺഗ്രസ് നേതാവിൻ്റെ തട്ടിപ്പ് പുറത്തു കൊണ്ടുവന്നത് സഹകരണ വകുപ്പിന്റെ ജാഗ്രത

പുൽപ്പള്ളി സർവീസ്‌ സഹകരണ ബാങ്കിലെ കോടികളുടെ അഴിമതി പുറത്തുകൊണ്ടുവന്നത്‌ സഹകരണ വകുപ്പിന്റെ ജാഗ്രത. 2016–17 സാമ്പത്തിക വർഷം ഓഡിറ്റ്‌ വിഭാഗം നടത്തിയ പരിശോധനയിലാണ്‌  കെപിസിസി ജനറൽ സെക്രട്ടറികെ കെ അബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി വൻ തട്ടിപ്പ്‌ നടത്തിയത്‌ കണ്ടെത്തിയത്‌. ഉദ്യോഗസ്ഥർ അറിയിച്ചപ്പോഴാണ്‌ വഞ്ചിക്കപ്പെട്ടതായി വായ്‌പക്കാരിൽ പലരും അറിഞ്ഞത്‌.

Also Read : അച്ഛനും അമ്മയും സഹോദരനും ചേര്‍ന്ന് പോക്‌സോ കേസില്‍ കുടുക്കി, പ്രതി നിരപരാധി എന്ന് കണ്ടെത്തി

വായ്പാ തിരിമറിയിൽ ഓഡിറ്റ്‌ വിഭാഗം പ്രത്യേക റിപ്പോർട്ട് വകുപ്പുതലത്തിൽ സമർപ്പിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ സഹകരണ നിയമം വകുപ്പ് 65 പ്രകാരം അന്വേഷണം നടത്തി. ബത്തേരി അസി. രജിസ്ട്രാറുടെ നേതൃത്വത്തിൽ നാല് അംഗ ടീം നടത്തിയ അന്വേഷണത്തിൽ കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തി. പിന്നീട്‌ സഹകരണ നിയമം വകുപ്പ് 32 പ്രകാരം ഭരണസമിതിയെ ജില്ലാ രജിസ്‌ട്രാർ പിരിച്ചുവിട്ടു. ഇതിനെതിരെ കെ കെ അബ്രഹാം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന്‌ സഹകരണ വകുപ്പ് ഇൻസ്പെക്ടർ പി കെ വിജയനെ ബാങ്കിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു.തട്ടിപ്പിലൂടെ സംഘത്തിനുണ്ടായ നഷ്ടം ഈടാക്കുന്നതിനായി സഹകരണ നിയമം വകുപ്പ് 68 പ്രകാരം അന്വേഷണത്തിനും ഉത്തരവിട്ടു. ഈ നടപടിയെയും ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും പ്രമുഖ അഭിഭാഷകരെ കൊണ്ടുവന്ന്‌ കെ.കെ അബ്രഹാമിന്റെ നേതൃത്വത്തിൽ നേരിട്ടെങ്കിലും വാദഗതികൾ കോടതി അംഗീകരിച്ചില്ല.

Also Read : പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പിൽ വീണ്ടും പരാതി

നടപടികൾ തടസപ്പെടുത്താൻ പല ഘട്ടങ്ങളിലും കോൺഗ്രസ്‌ നേതാക്കൾ ശ്രമിച്ചു.
ബാങ്കിനുണ്ടായ നഷ്ടം തിരിച്ചടയ്‌ക്കാൻ സഹകരണ വകുപ്പ്‌ കുറ്റക്കാരോട്‌ ആവശ്യപ്പെട്ടെങ്കിലും തയ്യാറായിട്ടില്ല.ഇവരുടെ ആസ്‌തികൾ ജപ്‌തി ചെയ്‌ത്‌ നഷ്ടം ഈടാക്കാനുള്ള നീക്കമാണിപ്പോൾ നടക്കുന്നത്‌.തുക ഈടാക്കി രേഖകൾ ഉടമസ്ഥർക്ക്‌ തിരികെ നൽകുകയാണ്‌ ലക്ഷ്യം.ഇത്തരം നടപടികൾക്കിടെയാണ്‌ കർഷകനായ രാജേന്ദ്രൻ ആത്മഹത്യ ചെയ്തത്‌.പ്രതികളുടെ സ്വത്തു വിവരങ്ങൾ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാതെയും മറ്റു നടപടികൾ സ്വീകരിക്കാതെയും നിലവിലെ ഭരണസമിതിയും പ്രതികളെ സംരക്ഷിക്കുകയാണ്‌.ഇക്കാര്യങ്ങളിൽ കൂടുതൽ അന്വേഷണത്തിന്‌ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്‌. 2015 മുതൽ 2018 വരെ 42 വായ്‌പകളിലായി 5.62 കോടി രൂപയുടെ തട്ടിപ്പ്‌ നടന്നതായി വിജിലൻസ്‌ കണ്ടെത്തിയ സംഭവത്തിൽ ഒന്നാം പ്രതി കെപിസിസി ജനറൽ സെക്രട്ടറി കെ കെ എബ്രഹാമാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe