കാപ്പ കേസ് പ്രതിയെ ​സംരക്ഷിക്കുന്നു; കൗൺസിലർക്കെതിരെ നടപടി സ്വീകരിക്കുന്നത് വരെ റിലെ സത്യാ​ഗ്രഹം: അഡ്വ. എസ് പി ദീപക്

depak sp against trivandrum mayor

തിരുവനന്തപുരം നഗരസഭാ കൗൺസിലിന്റെ ചരിത്രത്തിൽ ആദ്യമായി കാപ്പ കേസ് പ്രതിയും ഗുണ്ടാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരു കൗൺസിലറെ സംരക്ഷിക്കുന്ന നിലപാടാണ് മേയറും ബിജെപി നേതൃത്വവും സ്വീകരിക്കുന്നതെന്ന് എൽ ‍ഡി എഫ് പാർലിമെന്ററി പാർട്ടി ലീഡർ അഡ്വ. എസ്. പി. ദീപക് ആരോപിച്ചു.ഒരു പ്രദേശത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുകയും മതവിദ്വേഷം വളർത്തുകയും ജനങ്ങളെ തമ്മിൽ ഏറ്റുമുട്ടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത കേസുകളിൽ പ്രതിയായ വാഴോട്ടുകോണം കൗൺസിലർ സുഗതനെ കൗൺസിൽ അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽ ഡി എഫ് മേയർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി നടപടി സ്വീകരിക്കാൻ മേയർ തയ്യാറായിട്ടില്ല. ദീർഘനാളായി നഗരസഭാ കൗൺസിൽ ചേർന്നിട്ടില്ല. നഗരത്തെ ബാധിക്കുന്ന മഴക്കാല രോഗവ്യാപനം, പൊതുജനാരോഗ്യ പ്രശ്നങ്ങൾ, ശുചിത്വ പ്രവർത്തനങ്ങളിലെ വീഴ്ചകൾ തുടങ്ങി അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ പോലും മേയർ തയ്യാറാകുന്നില്ല. മറിച്ച് കാപ്പ കേസ് പ്രതിയായ കൗൺസിലറെ സംരക്ഷിക്കുന്നതിനാണ് മുഴുവൻ ശ്രദ്ധയും ചെലവഴിക്കുന്നത്.ഈ സാഹചര്യത്തിൽ കൗൺസിലറെ പുറത്താക്കുന്നതിനും കൗൺസിൽ അടിയന്തരമായി വിളിച്ചുചേർത്ത് വിഷയത്തിൽ ചർച്ച നടത്തി ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും എൽ ഡി എഫ് വീണ്ടും ആവശ്യപ്പെടുന്നുവെന്നും അദ്ദേ​ഹം പ്രസ്താവനയിലൂടെ പറഞ്ഞു.

വിഷയം ചർച്ച ചെയ്യാൻ തയ്യാറാകുന്നില്ല എന്ന് മാത്രമല്ല, കൗൺസിൽ യോഗം വിളിച്ചുചേർക്കാൻ പോലും മേയർ തയ്യാറാകുന്നില്ല. കേവല ഭൂരിപക്ഷത്തിന്റെ പിന്തുണ പോലും ഇല്ലാതെ നഗരസഭ ഭരിക്കുന്ന ബി ജെ പി നേതൃത്വം ജനാധിപത്യ മര്യാദകളെ കാറ്റിൽ പറത്തിയാണ് മുന്നോട്ട് പോകുന്നത്. രാജ്യത്ത് ക്രിമിനൽ ശക്തികളെയും വർഗീയ ശക്തികളെയും സംരക്ഷിക്കുന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അതേ സമീപനമാണ് തിരുവനന്തപുരത്തും നടപ്പാക്കാൻ ശ്രമിക്കുന്നത്. ജനാധിപത്യ സംസ്കാരവും മതനിരപേക്ഷ മൂല്യങ്ങളും ശക്തമായി വേരൂന്നിയ കേരളത്തിൽ ഇത്തരം നീക്കങ്ങൾ വിലപ്പോവില്ലെന്നും അദ്ദേ​ഹം പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ ശബ്ദം അടിച്ചമർത്തിയും ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തിയും രാജ്യത്ത് ഏകാധിപത്യ പ്രവണതകൾ ശക്തിപ്പെടുത്താൻ ബിജെപി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് തിരുവനന്തപുരത്തും ഈ നാടകം അരങ്ങേറുന്നത്. എന്നാൽ ജനങ്ങളെ അണിനിരത്തി ശക്തമായ ജനാധിപത്യ പ്രതിരോധം തീർക്കുമെന്ന് അഡ്വ. എസ്. പി. ദീപക് പറഞ്ഞു.

Also read: കോടതിയലക്ഷ്യ കേസ്: കെ സുധാകരൻ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്തിന്റെ പൈതൃകവും ജനാധിപത്യ പാരമ്പര്യവും തകർക്കാനോ കളങ്കപ്പെടുത്താനോ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ആവശ്യങ്ങൾ ഉന്നയിച്ച് എൽ ഡി എഫ് തിരുവനന്തപുരം നഗരസഭാ പാർലിമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ നാളെ മുതൽ നഗരസഭാ കാര്യാലയത്തിന് മുന്നിൽ റിലേ സത്യാഗ്രഹ സമരം ആരംഭിക്കുമെന്നും രാവിലെ 10 മണിക്ക് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. മുഹമ്മദ് റിയാസ് സമരം ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് മുൻ മേയർ കെ. ശ്രീകുമാറും മുൻ ഡെപ്യൂട്ടി മേയർ രാഖി രവികുമാറും ആദ്യദിന റിലേ സത്യാഗ്രഹം അനുഷ്ഠിക്കും. കാപ്പ കേസ് പ്രതിയായ കൗൺസിലർ സുഗതനെ പുറത്താക്കുകയും കൗൺസിൽ അടിയന്തരമായി വിളിച്ചുചേർത്ത് വിഷയത്തിൽ തീരുമാനം കൈക്കൊള്ളുകയും ചെയ്യുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് അഡ്വ. എസ്. പി. ദീപക് പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News