
സംസ്ഥാന സർക്കാരിനെതിരെ കോറോ ഹെൽത്തിലെ ജീവനക്കാർ. പിരിച്ചുവിട്ട ജീവനക്കാർക്ക് ജി ടെക്ക് വഴി തൊഴിൽ നൽകുമെന്ന മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിനെതിരെയാണ് ജീവനക്കാർ രംഗത്തെത്തിയത്. മന്ത്രിയുടെ പരാമർശം കമ്പനിയെ രക്ഷപ്പെടാൻ സഹായിക്കുമെന്നും 20ന് നടക്കാനിരിക്കുന്ന ചർച്ചയിൽ ആശങ്കയുണ്ടെന്നും ജീവനക്കാർ പറഞ്ഞു.
കോറോ ഹെൽത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാർക്ക് ജി-ടെക് വഴി ഐടി ജോലിയിൽ അവസരം ഒരുക്കുമെന്നായിരുന്നു മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന. എന്നാൽ 20ന് സർക്കാർ കോറോ ഹെൽത്തുമായി ചർച്ച നടക്കാനിരിക്കെ കമ്പനിയെ സഹായിക്കുന്ന ഇത്തരമൊരു പ്രതികരണമുണ്ടായത് ശരിയല്ലെന്ന് ജീവനക്കാൻ പറഞ്ഞു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാൻ സർക്കാർ ഇടപെടണം എന്നായിരുന്നു ജീവനക്കാർ മുന്നോട്ട് വെച്ച ആവശ്യം.
എന്നാൽ ചർച്ചയിൽ ജീവനക്കാർക്ക് അനുകൂല സാഹചര്യമുണ്ടാകാനുള്ള സാധ്യത സർക്കാർ തന്നെ ഇല്ലാതാക്കി എന്നും ചർച്ച അപ്രസക്തമാണ് എന്നും ജീവനക്കാർ പറഞ്ഞു. മെഡിക്കൽ കോഡിങ് മേഖലയിൽ ജോലി ചെയ്തിരുന്നവരെ ജി-ടെക്ക് പോലുള്ള സോഫ്റ്റ്‌വെയർ കമ്പനിയിലേക്ക് മാറ്റുന്നതിന്റെ പ്രായോഗികത എന്തെന്നും ജീവനക്കാർ ചോദിക്കുന്നു. മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നേരത്തെ കോറോ ഹെൽത്ത് അധികൃതരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് 20ന് രണ്ടാംഘട്ട ചർച്ച തീരുമാനിച്ചത്.
ചർച്ചയിൽ പങ്കെടുത്ത ജീവിക്കാരോടോ തൊഴിലാളി സംഘടനകളോടോ കൂടിയാലോചിക്കാതെ ഏകപക്ഷീയമായിട്ടായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ. കമ്പനിയുടെ തൊഴിലാളി വിരുദ്ധ നിലപാടിന് കൂട്ടുനിൽക്കുന്ന സർക്കാർ ഇവരെ രക്ഷപ്പെടുത്താൻ വഴിയൊരുക്കുകയുമാണെന്ന് സിഐടിയു വിമർശിച്ചു. കമ്പനിയെ സഹായിക്കുന്ന മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണമെന്ന് കോറോ ഹെൽത്ത് ജീവനക്കാർ ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

