ടൂറിസം കുതിച്ചു ചാട്ടത്തിന് ഹെലിടൂറിസം പദ്ധതിയുമായി കേരളം

സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ഹെലി ടൂറിസം പദ്ധതിയുമായി സംസ്ഥാന വിനോദസഞ്ചാരവകുപ്പ്. പുരവഞ്ചികള്‍ക്കും കാരവാന്‍ ടൂറിസത്തിനും ശേഷം കേരള ടൂറിസം അവതരിപ്പിക്കുന്ന പുത്തന്‍ ഉത്പന്നമാണ് ഹെലി ടൂറിസം. വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് എളുപ്പത്തില്‍ എത്താനും കാഴ്ചകള്‍ ആസ്വദിക്കാനും ഹെലി ടൂറിസത്തിലൂടെ സാധിക്കും. കേരളത്തിന്റെ വ്യത്യസ്തമായ കാഴ്ചകള്‍ കാണാനും ഹെലി ടൂറിസത്തിലൂടെ സാധിക്കും.

വിനോദ സഞ്ചാരികളുടെ മാറുന്ന അഭിരുചികള്‍ക്ക് അനുസരിച്ച് പുതിയ ടൂറിസം ഉത്പന്നങ്ങള്‍ കൊണ്ട് വരിക എന്നതാണ് വകുപ്പിന്റെ നയം. സുപ്രധാന ടൂറിസം കേന്ദ്രങ്ങള്‍ക്കടുത്ത് നിലവിലുള്ള ഹെലിപാഡുകള്‍ കണ്ടെത്തി അവ ഹെലി ടൂറിസം പദ്ധതിക്കായി ഉപയോഗപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. വ്യത്യസ്ത മേഖലകളില്‍ ഹെലിപാഡുകള്‍ ഒരുക്കുന്ന രീതി അടുത്തിടെ വ്യാപകമാണ്. ഇത്തരം അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ടൂറിസം സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനാണ് ലക്ഷ്യം വയ്ക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആണ് ഹെലി ടൂറിസം നടപ്പിലാക്കുന്നത്.

Also Read: കേരളത്തെ സാമ്പത്തികമായി അവഗണിച്ച് കേന്ദ്ര സർക്കാർ; മന്ത്രി എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഈ മേഖലയിലെ ഓപ്പറേറ്റര്‍മാരുമായി വിവിധ ഘട്ടങ്ങളിലായി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം ആണ് പദ്ധതിക്ക് അന്തിമ രൂപം നല്‍കിയത്. ഇതിന്റെ ഫലമായി ആദ്യ ഘട്ടത്തില്‍ നിലവില്‍ പ്രവര്‍ത്തന സജ്ജമായ ഹെലിപാഡുകള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള സര്‍വീസുകളാണ് വിഭാവനം ചെയ്തിട്ടുള്ളത്. സുരക്ഷാമാനദണ്ഡങ്ങളുടെ പാലനം, ഡിജിസിഎ, ബിസിഎഎസ് അംഗീകാരം, യാത്രക്കാരുടെ സുരക്ഷിതത്വം, തുടങ്ങിയവയുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍വീസ് നടത്തുന്ന ഏജന്‍സികള്‍ക്കായിരിക്കും. സേവനദാതാക്കള്‍ക്ക് ഉപഭോക്താക്കളിലേക്കെത്തുവാനുള്ള ഫെസിലിറ്റെറ്റര്‍ ആയി ടൂറിസം വകുപ്പ് പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി ഹെലി ടൂറിസം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന മൈക്രോസൈറ്റ് ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.

വിവിധ ഹെലി ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന പാക്കേജുകള്‍, ട്രിപ്പുകളുടെ വിവരം, ബുക്ക് ചെയ്യല്‍ മുതലായവ ഇതിലൂടെ നടത്താന്‍ സാധിക്കും. ഇതിനായി ഓപ്പറേറ്റര്‍മാര്‍ ധാരണാപത്രത്തില്‍ ഒപ്പു വയ്ക്കണം. സംസ്ഥാനത്തിന്റെ ഉത്തര-ദക്ഷിണ മേഖലകളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കി കൊണ്ടുള്ള പ്രത്യേക പാക്കേജുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. സഞ്ചാരികളുടെ പ്രതികരണവും മറ്റ് സാങ്കേതികഘടകങ്ങളും പരിഗണിച്ച് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ പുതിയ ഹെലിപാഡുകള്‍ ഒരുക്കുന്നതും പരിഗണനയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News