ഗെയ്സറിലെ ഗ്യാസ് ചോര്‍ന്നു; കുളിക്കുന്നതിനിടെ ദമ്പതികള്‍ക്ക് ദാരുണാന്ത്യം, മകന്‍ ആശുപത്രിയില്‍

വെള്ളം ചൂടാക്കാന്‍ ഉപയോഗിക്കുന്ന ഗെയ്സറിലെ ഗ്യാസ് ചോര്‍ന്നതിനെത്തുടര്‍ന്ന് ദമ്പതികള്‍ ശ്വാസംമുട്ടി മരിച്ചു. രാജസ്ഥാന്‍ ഭില്‍വാര ജില്ലയിലാണ് സംഭവം. ഷഹ്പുര നിവാസികളായ ശിവനാരായണന്‍ ജാന്‍വാര്‍ (37), ഭാര്യ കവിതാ ജാന്‍വര്‍ (35) എന്നിവരാണ് മരിച്ചത്. വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായ അഞ്ചുവയസുള്ള മകന്‍ വിഹാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബാത്ത്റൂമില്‍ കുളിക്കുന്നതിനിടെയാണ് സംഭവം. ഹോളി കഴിഞ്ഞ് എട്ടാമത്തെ ദിവസത്തെ ആഘോഷമായ ശീതള അഷ്ടമി ആഘോഷിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഏറെ നേരം കഴിഞ്ഞിട്ടും ബാത്ത്റൂമില്‍ നിന്ന് മൂവരും പുറത്തുവരാതിരുന്നതോടെ ബന്ധുക്കള്‍ക്ക് സംശയം തോന്നുകയായിരുന്നു.

തുടര്‍ന്ന് വാതിലില്‍ മുട്ടി വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. പിന്നീട് വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോള്‍ മൂവരും അബോധാവസ്ഥയില്‍ നിലത്ത് കിടക്കുന്നതാണ് ബന്ധുക്കള്‍ കണ്ടത്. ഉടന്‍തന്നെ മൂന്ന് പേരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ദമ്പതികള്‍ മരണപ്പെടുകയായിരുന്നു. അപകടം നടന്ന സമയത്ത് ഗീസര്‍ ഓണ്‍ ആയിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ജിതേന്ദ്ര സിംഗ് പറഞ്ഞു.

നേരത്തെയും ഗെയ്സറിലെ ഗ്യാസ് മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മുംബൈയില്‍ വീട്ടിലെ ശുചിമുറിയിലെ ഹീറ്ററില്‍ നിന്നുളള വിഷവാതകം ശ്വസിച്ച് ദമ്പതികള്‍ മരിച്ചിരുന്നു. ഘട്‌കോപ്പറിലെ കുക്രേജ ടവേഴ്‌സിലെ ദീപക് ഷാ, ടീന ഷാ എന്നിവരാണ് മരിച്ചത്. വീട്ടുജോലിക്കാരി വാതിലില്‍ മുട്ടിയിട്ടും തുറക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഗെയ്സര്‍ ഗ്യാസ് ചോര്‍ന്നതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

സമാന സംഭവം ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലുമുണ്ടായിരുന്നു. ഹോളി ആഘോഷത്തിനു ശേഷം കുളിമുറിയില്‍ കയറിയ ദമ്പതികളാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്. ദീപക് ഗോയല്‍(40) ഭാര്യ ശില്‍പി(36) എന്നിവരാണ് മരിച്ചത്. വെള്ളം ചൂടാക്കാനായി ഉപയോഗിച്ച ഗെയ്സര്‍ ഗ്യാസ് ഓഫ് ചെയ്യാന്‍ മറന്നതാകാം അപകട കാരണമെന്നാണ് വിവരം. ശുചിമുറിയില്‍ ശരിയായ വെന്റിലേഷനും ഉണ്ടായിരുന്നില്ല.

കുളിമുറിയില്‍ വെള്ളം ചൂടാക്കാനാണ് ഗെയ്സര്‍ ഗ്യാസ് സംവിധാനം ഉപയോഗിക്കുന്നത്. ഇവ ഉപയോഗിക്കുമ്പോള്‍ ശരിയായ വായുസഞ്ചാരം ഉറപ്പാക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യുന്നത് ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. വീടുകളില്‍ കാര്‍ബണ്‍ മോണോക്സൈഡ് ഡിറ്റക്ടറുകള്‍ സ്ഥാപിക്കേണ്ടതും പ്രധാനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News