
ഇടുക്കി ഡി സി സി പ്രസിഡൻ്റ് സി പി മാത്യുവിന്റെ വിവാദ പ്രസംഗത്തിൽ പ്രതിഷേധം ശക്തമാകുന്നു. ആദിവാസി ക്ഷേമസമിതി ഇടുക്കി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ഡിസിസി ഓഫീസിലേക്ക് മാർച്ച് നടത്തി. സ്ത്രീത്വത്തെ അപമാനിച്ച സിപി മാത്യുവിനെതിരെ ജനാധിപത്യമഹിളാ അസോസിയേഷനും പോലീസിൽ പരാതി നൽകി.
ഇടുക്കി വാഴത്തോപ്പിൽ ഇടുക്കി നിയോജകമണ്ഡലം സ്ഥാനാർഥി റോയി കെ പൗലോസിന്റെ മണ്ഡല പര്യടനത്തിന് ഇടയിലാണ് ഡിസിസി പ്രസിഡണ്ട് സിപി മാത്യു ആദിവാസി വിരുദ്ധ പരാമർശം നടത്തിയത്. ആദിവാസി നേതാവിനോട് ബ്ലൗസ് വലിച്ചുകീറാൻ താൻ നിർദ്ദേശിച്ചു എന്നായിരുന്നു മാത്യുവിന്റെ പരാമർശം. ഇതിനെതിരെ വിവിധ ആദിവാസി സംഘടനകൾക്കിടയിലും ആദിവാസി സമൂഹത്തിനിടയിലും വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. ഇടുക്കിയിൽ ഡിസിസി ഓഫീസിലേക്ക് ആദിവാസി ക്ഷേമസമിതി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ഡിസിസി പ്രസിഡണ്ട് സിപി മാത്യുവിനെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുക്കണമെന്നാണ് ഏരിയ കമ്മിറ്റിയുടെ ആവശ്യം. പ്രതിഷേധ സമരത്തിൻറെ ഭാഗമായി സിപി മാത്യുവിന്റെ കോലം കത്തിച്ചു.
ALSO READ: വയനാടിന്റെ പേരിൽ പിരിച്ച പണം എന്ത് ചെയ്തുവെന്ന് വി ഡി സതീശൻ വ്യക്തമാക്കണം: പി രാജീവ്
എ കെ എസ് ജില്ലാ സെക്രട്ടറി കെ യു വിനു സമരപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. സിപി മാത്യു വിവാദ പരാമർശം നടത്തുമ്പോൾ വേദിയിലുണ്ടായിരുന്ന റോയി പൗലോസ് ഊറിച്ചിരിക്കുകയായിരുന്നു എന്നത് ഗുരുതരമായ തെറ്റാണ് എന്ന് കെ യു വിനു പറഞ്ഞു. സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ ഇടുക്കി ഡിവൈഎസ്പിയുടെ മുൻപിൽ പരാതി സമർപ്പിച്ചു. ആദിവാസി വിരുദ്ധ പരാമർശത്തിൽ സിപി മാത്യുവിനെതിരെ ആദിവാസി ക്ഷേമസമിതി ഇടുക്കി എസ്പിക്കും പരാതി നൽകിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

