
ഇന്ത്യൻ ബാങ്കിംഗ് വ്യവസ്ഥയിൽ നിലനില്കുന്ന ഗുരുതര പ്രശ്നങ്ങൾ രാജ്യസഭയിൽ ഉന്നയിച്ച് സിപിഐ രാജ്യ സഭ എംപി അഡ്വ പി സന്തോഷ് കുമാർ. എട്ടുലക്ഷത്തോളം വരുന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ പ്രതിനിധീകരിക്കുന്ന യുണൈറ്റഡ് ബാങ്ക് യൂണിയൻസ് ഫോറം പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ അടിയന്തര പ്രാധാന്യം അർഹിക്കുന്നവയാണ് എന്നും അതിനാൽ ധനകാര്യവകുപ്പ് മന്ത്രിയും കേന്ദ്ര സർക്കാരും വേണ്ട നടപടികൾ സ്വീകരിക്കണം എന്ന് അദ്ദേഹം പറഞ്ഞു.
ഏകദേശം രണ്ട് ലക്ഷത്തോളം ഒഴിവുകൾ ബാങ്കിങ് മേഖലയിലുണ്ട്. അവ നികത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. കണക്കുകൾ നോക്കുമ്പോൾ രണ്ടായിരം ബാങ്ക് ഉപഭോക്താക്കൾക്ക് ഒരു ബാങ്ക് ഉദ്യോഗസ്ഥൻ എന്ന അനുപാതമാണ് രാജ്യത്ത് നിലനിൽക്കുന്നത്. ഇത് ഉദ്യോഗസ്ഥരിൽ സമ്മർദ്ദവും പിരിമുറുക്കവും സൃഷ്ടിക്കുന്നുണ്ടെന്നും അവരിൽ പലരും ആത്മഹത്യ ചെയ്യുന്നതായും പി സന്തോഷ് കുമാർ എം പി സഭയെ അറിയിച്ചു. വേണ്ടത്ര സ്റ്റാഫ് ഇല്ലാതെ വരുമ്പോൾ ജനങ്ങൾക്കും ബുദ്ധിമുട്ടുകൾ ഉണ്ട്. അതിനാൽ രണ്ട് ലക്ഷത്തോളം വരുന്ന ഒഴിവുകൾ അതിവേഗം നികത്താൻ വേണ്ട നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണം.
ഇന്ത്യൻ ബാങ്ക് അസോസിയേഷൻ അടക്കം ബന്ധപ്പെട്ട പലരും അംഗീകരിച്ച ഒരു ആവശ്യമാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ പ്രവർത്തി ദിനങ്ങൾ അഞ്ചായി ചുരുക്കുന്നത്. ആർ ബി ഐ, ഇൻഷുറൻസ് മേഖലയിൽ എല്ലാം തന്നെ അഞ്ചു ദിവസമാണ് പ്രവർത്തി ദിനങ്ങൾ. ഈ ആവശ്യം കേന്ദ്ര ധനകാര്യ വകുപ്പിന്റെ മുന്നിൽ ബാങ്ക് എംപ്ലോയീസ് സംഘടനകൾ ഉന്നയിച്ചിട്ടുള്ളതാണ്. അടിയന്തരമായി ഈ ആവശ്യങ്ങൾ പരിഗണിക്കുകയും അനുകൂല നടപടികൾ സ്വീകരിക്കുകയും വേണമെന്ന് പി സന്തോഷ് കുമാർ എംപി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

