
ജി സുധാകരൻ കോൺഗ്രസിൻ്റെയും ബിജെപിയുടെയും കൈകോടാലിയായി അധപതിക്കുന്നുവെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ്. വാഴ്ചയ്ക്കും ജന്മിത്വത്തിനും എതിരെ പൊരുതി മുന്നേറിയ പാരമ്പര്യമുള്ള ആലപ്പുഴയിലെ സിപിഐഎമ്മിൻ്റെ ചോരയും നീരും ഊറ്റി വളർന്ന് സകല സ്ഥാനമാനങ്ങളും നേടിയെടുത്ത ശേഷം നാല് വെള്ളികാശിന് പാർട്ടിയെ ഒറ്റികൊടുത്ത് കിട്ടിയ എംഎൽഎ പദവി ഉപയോഗിച്ച് പാർട്ടിയെയും പാർട്ടി നേതാക്കളെയും കരിവാരി തേക്കാനാണ് ഓരോ ദിവസവും പാർട്ടി നേതാക്കളെ പുലഭ്യം പറയുന്നതെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് പുറത്തുവന്നു.
തന്റെ നേട്ടത്തിന് അനുസരിച്ച് സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തിന് പുതിയ കഥ മെനഞ്ഞ് വലതുപക്ഷ രാഷ്ട്രീയത്തിൻ്റെ നല്ലപിള്ള ചമയാൻ ശ്രമിക്കുന്നതിനെ ചോദ്യം ചെയ്ത ചാരുംമൂട് പാർട്ടി ഏരിയാ സെക്രട്ടറി ബിനുവിനെ കഠിനമായി ആക്ഷേപിക്കുകയാണ്. രക്തസാക്ഷിയായ ജി ഭുവനേശ്വരൻ്റെ ബലികുടീരത്തിൽ കയറാനുള്ള രാഷ്ട്രീയ വിശുദ്ധി സുധാകരൻ നഷ്‌ടപ്പെടുത്തിയെന്നത് ഓരോ കമ്മ്യൂണിസ്റ്റുകാരന്റെയും മനോവികാരമാണ്.
എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് പദവിയും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായി പതിറ്റാണ്ടുകൾ ഇരുന്നയാൾക്ക് ജി ഭുവനേശ്വരൻ്റെ രക്തസാക്ഷിത്വത്തെ തുടർന്ന് സ്വന്തം കുടുംബത്തിൻ്റെ ആഞ്ഞിലി വിറ്റ് കേസ് നടത്തിയത് എന്ന് ചരിത്രത്തിൽ ആർക്കും അറിയാൻ പാടില്ലാത്ത പുതിയ കള്ളകഥയുടെ ചരിത്രം രചിക്കുകയാണ്. പ്രോസിക്യൂഷൻ കേസ് നടത്താനാർക്കും പണം ചെലവില്ലെന്നിരിക്കെ നട്ടാൽ കുരുക്കാത്ത നുണ കേസ് സംബന്ധിച്ച് പ്രചരിപ്പിക്കുകയാണ്.
ജി ഭുവനേശ്വരൻ്റെ രക്തസാക്ഷിത്വത്തിൻ്റെ പേരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് നേടിയെടുത്ത പരിഗണനകൾ ഇപ്പോൾ വലതുപക്ഷത്തിന്റെ പരിഗണനകൾക്കായി ജി ഭുവനേശ്വരൻ്റെ രക്തസാക്ഷിത്വത്തെ ഉപയോഗിക്കാനാണ് ജി സുധാകരൻ ശ്രമിക്കുന്നത്. ഭുവനേശ്വരൻ്റെ രക്തസാക്ഷിത്വം എസ്എഫ്ഐ കാരുടെ പ്രവൃത്തികൾ മൂലമാണെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. അതുകൊണ്ടാണ് പാർട്ടി ഏരിയാ സെക്രട്ടറി ജി സുധാകരന്റെ രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയെ ചോദ്യം ചെയ്‌തത്. അതിനാണ് അദ്ദേഹത്തെ ശുഭൻ എന്ന് വിളിച്ച് സ്വയം അപഹാസ്യനാകുന്നത്. പാർട്ടിയിൽ ഇപ്പോൾ കള്ള് കുടിയന്മാരും മോശക്കാരുമാണെന്നാണ് സുധാകരൻ്റെ പുതിയ കണ്ടുപിടുത്തം. സുധാകരൻ തന്നെ അഭിമാനപുരസരം 60 കൊല്ലത്തെ കമ്മ്യൂണിസ്റ്റ് പാരമ്പര്യം പറയുമ്പോൾ ഇപ്പോഴാണ് പാർട്ടിയിൽ എല്ലാവരും മോശക്കാരായി മാറിയതായി തോന്നുന്നത്.
അതുകൊണ്ട് കോൺഗ്രസുകാരുടെയും ബിജെപിക്കാരുടെയും കയ്യടി നേടാൻ ജി സുധാകരൻ നടത്തുന്ന തറവേലയാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. സുധാകരന്റെ ഇത്തരം ജൽപനങ്ങളെ പൊതുസമൂഹം അവഞ്ജയോടെ തള്ളിക്കളയുമെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

