
വനിതാ സംവരണം എന്ന വ്യാജേന മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള ബിജെപി ഗവണ്‍മെന്റിന്റെ കരുനീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം തമിഴ്നാട്ടില്‍ ഉയര്‍ത്തി സിപിഐഎമ്മും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും. കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ കരിങ്കൊടി ഉയർത്തിയും കറുത്ത വസ്ത്രം ധരിച്ചും തമിഴ്നാട്ടില്‍ വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കാൻ സിപിഐ എം തമിഴ്നാട് സംസ്ഥാന കമ്മിറ്റി ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
സ്ത്രീകൾക്ക് 33% സംവരണം നല്‍കുക എന്ന പുറംമോടി കാണിച്ച് അതിനുള്ളില്‍ കൂടി മണ്ഡല പുനര്‍നിര്‍ണയം എന്ന ഗൂഢലക്ഷ്യം നടപ്പിലാക്കി എടുക്കുന്നതിനായി ഭരണഘടനാ ഭേദഗതി അവതരിപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുകൂട്ടുകയായിരുന്നു.
Also Read: ചരിത്രമുറങ്ങുന്ന കീഴ്വേലൂർ: പോരാട്ടത്തിന്റെ ഭൂമികയിൽ വിജയപതാക പാറിക്കാനുറച്ച് സിപിഐഎം
ജനസംഖ്യാ അടിസ്ഥാനത്തിലുള്ള മണ്ഡല പുനര്‍ നിര്‍ണയം തമിഴ്നാടുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ലോക്സഭയിലെ പ്രാതിനിധ്യം കുറയ്ക്കുകയും. നികുതി വിഹിതത്തിലെ അന്തരം, സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ നഷ്ടമാകുക തുടങ്ങി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും ഇത് സൃഷ്ടിക്കുമെന്നും സിപിഐ എം പറഞ്ഞു.
പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്ന സമയം തന്നെ ബില്ലവതരിപ്പിക്കുന്നതിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ത്തതിനെയും സിപിഐ എം നിശിതമായി വിമര്‍ശിച്ചു. പ്രധാന തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് അടിയന്തര പ്രാധാന്യമില്ലാതെയാണ് സമ്മേളനം വിളിച്ചു ചേര്‍ത്തതെന്നും സിപിഐഎം അറിയിച്ചു.
തമിഴ്‌നാട് മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം ( ഡിഎംകെ) പ്രസിഡന്റുമായ എം കെ സ്റ്റാലിനും കരിങ്കൊടി ഉയര്‍ത്തി ബില്ലിനെതിരെ പ്രതിഷേധിക്കാൻ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഭേദഗതിയെ കരി നിയമം എന്നും തമിഴ്നാടിനെതിരായ ഗൂഢാലോചനയെന്നുമാണ് സ്റ്റാലിൻ വിശേഷിപ്പിച്ചത്.
Also Read: മണ്ഡലപുനർനിർണയ-വനിതാ സംവരണ ബില്ലുകൾക്കെതിരെ പ്രതിഷേധം; കറുത്ത വസ്ത്രം ധരിച്ചെത്തി ഡിഎംകെ അംഗങ്ങൾ
ഉത്തരേന്ത്യയും ദക്ഷിണേന്ത്യയും തമ്മില്‍ അസന്തുലിതാവസ്ഥ മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ വര്‍ധിപ്പിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രാതിനിധ്യം കുറയ്ക്കാനാണ് ഈ നടപടി. അധികാരം കേന്ദ്രീകരിക്കാൻ വേണ്ടിയാണ് മണ്ഡല പുനര്‍നിര്‍ണയം നടത്തുന്നതെന്നും തമിഴ്‌നാടിന്റെ ഭരണഘടനാ പദവി ദുർബലപ്പെടുത്തുന്ന ഏതൊരു നീക്കത്തെയും ശക്തമായി എതിര്‍ക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.
സ്റ്റാലിൻ പങ്കുവെച്ച ആശങ്കള്‍ ഉയര്‍ത്തിപ്പിടിച്ച് തന്നെയാണ് തമിഴ്നാട് സിപിഐ എമ്മും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

