വാച്ചാത്തിയിലെ ആദിവാസികള്‍ക്ക് തുണയായ സിപിഐഎം, ചെങ്കൊടി പിടിച്ച് നീതിക്കായി പോരാടിയത് കാലങ്ങ‍ളോളം

1992 ജൂൺ 20… ചന്ദന കള്ളക്കടത്ത് നടത്തുന്ന വീരപ്പനെ പിടികൂടാനെന്ന പേരില്‍ 269 പേരടങ്ങുന്ന ഒരു വന്‍ ഉദ്യോഗസ്ഥ സംഘം തമി‍ഴ്നാട് ധര്‍മ്മപുരിയിലെ വാച്ചാത്തിയെന്ന ഒരു കൊച്ച് ആദിവാസി ഊരിലേക്ക് ഇടിച്ചുകയറുന്നു.. സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന വാച്ചാത്തിയിലെ മനുഷ്യരുടെ ഇടയിലേക്ക് ഇടത്തീപോലെ എത്തിയ ആ ഉദ്യോഗസ്ഥര്‍ അവിടെ താണ്ഡവമാടി. ആദിവാസി സ്ത്രീകളുടെ മടിക്കുത്ത‍ഴിച്ചു…കൂട്ടബലാത്സംഗത്തിനിരയാക്കി..തടയാന്‍ ചെന്നവരെയെല്ലാം തല്ലിച്ചതച്ചു..തല തല്ലിപ്പൊളിച്ചു. 48 മണിക്കൂറോളമാണ് ആ ഗ്രാമത്തിലുള്ളവര്‍ ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അ‍ഴിഞ്ഞാട്ടത്തിന് പാത്രമായത്.

ആദിവാസികളല്ലേ..ആരും ചോദിക്കാനില്ലാത്തവരല്ലേ… അവിടെ എന്ത് ചെയ്താലും പുറംലോകമറിയില്ലെന്നും ശിക്ഷിക്കപ്പെടില്ലെന്നും ആ ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചു..എന്നാലവര്‍ക്ക് തെറ്റി…. ആരുമില്ലാത്ത, ആക്രമിക്കപ്പെട്ട, നിരാലംബരായ അവിടുത്തെ മനുഷ്യര്‍ക്ക് വേണ്ടി,  കുടുംബത്തിന്‍റെ മുന്നില്‍ കൂട്ടുബലാത്സംഗം ചെയ്യപ്പെട്ട 18 സ്ത്രീകള്‍ക്ക് വേണ്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ് … സിപിഐഎം,  മുന്നിട്ടിറങ്ങി.. പിന്നീട് നടന്നത് ചരിത്രപരമായ പോരാട്ടമായിരുന്നു…

ഒരു ഇടതുപക്ഷ പ്രസ്ഥാനം നീതിക്കു വേണ്ടി നടത്തിയ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം…

സഹനങ്ങളും  സമരങ്ങളും തിരിച്ചടികളും നിറഞ്ഞ സിപിഐഎമ്മിന്‍റെ ആ യാത്ര 19 വര്‍ഷങ്ങള്‍ ക‍ഴിഞ്ഞ് നീതിയുടെ കടവില്‍ എത്തിച്ചേര്‍ന്നു… വീരപ്പൻ വേട്ടയുടെ മറവിൽ ബലാത്സംഗം അടക്കം ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്ത കേസിൽ 215 പേര്‍ കുറ്റക്കാരാണെന്ന്  2011 സെപ്തംബറിൽ സെഷൻസ് കോടതി കണ്ടെത്തി. പത്തു വർഷംവരെ തടവുശിക്ഷയും വിധിച്ചു.

സെഷന്‍സ് കോടതി വിധി ശരിവെച്ച് ഇക്ക‍ഴിഞ്ഞ സെപ്തംബര്‍ 29ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.   ഇരകള്‍ക്ക് നഷ്ടപരിഹാരമായി പത്തു ലക്ഷം രൂപയും ജോലിയും നൽകണമെന്ന് സംസ്ഥാന സർക്കാരിനോട്‌ നിർദ്ദേശിച്ചു. പരാതിയിൽ നടപടി സ്വീകരിക്കാതിരുന്ന അന്നത്തെ ജില്ലാ കലക്‌ടർ, ജില്ലാ വനംവകുപ്പ്‌ അധികൃതർ, എസ്‌പി എന്നിവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

1992 മുതല്‍ 2023 വരെയുള്ള ഈ 31 വര്‍ഷങ്ങളില്‍ നിയമത്തിലുള്ള വിശ്വാസത്തെ മുറുകെപിടിച്ച്  വാച്ചാത്തിക്ക് ലഭിക്കേണ്ട നീതിക്ക് വേണ്ടി സിപിഐഎം നടത്തിയ വലിയൊരു സമരമുണ്ട്. സിപിഐഎം നേതാക്കള്‍ നടത്തിയ ആ ധീരമായ പോരാട്ടത്തിന്‍റെ നാള്‍വ‍ഴികളിലൂടെ നമുക്കും ഒന്ന് സഞ്ചരിക്കാം…

ഒറ്റ രാത്രകൊണ്ട് വേട്ടയാടപ്പെട്ട് ഇല്ലാതായ വാച്ചാത്തി എന്ന ഊരിനെ സിപിഐഎം നേതാക്കള്‍ കൈ മെയ് മറന്ന് ഒന്നിച്ചു നിന്ന് കൈപിടിച്ചുയര്‍ത്തിയ ആ പോരാട്ടം..

കത്തിവിണ്ണീറായ 154 വീടുകള്‍, ബലാത്സംഗം ചെയ്യപ്പെട്ട 18 സ്ത്രീകള്‍, പൊലീസ് കള്ളക്കേസെടുത്ത് ജയിലിലടച്ച 133 പേരുടെ ബന്ധുക്കള്‍. നിസാഹയതയും ഭയവും തളം കെട്ടിനില്‍ക്കുന്ന മുഖങ്ങളുമായി കുറെ മനുഷ്യര്‍ അതായിരുന്നു അന്ന് വാച്ചാത്തി.

പൊലീസിന്‍റെ ക്രൂരതയിൽ നിന്ന് ഓടിരക്ഷപ്പെട്ടവര്‍ സീതേരിക്കുന്നിൽ അഭയം പ്രാപിച്ചു. ദിവസങ്ങളോളം കാട്ടില്‍ കഴിഞ്ഞ ഇവർ പിന്നീട് പോയത് സിപിഐഎം നേതാക്കളുടെ അടുത്തേക്കായിരുന്നു. കൃഷ്ണമൂർത്തി സഖാവും ബാഷാജാനും ദില്ലിബാബുവും മറ്റാരെക്കാളും ഈ ആദിവാസികൾക്ക് വിശ്വാസമുള്ളവരായിരുന്നു.

വിവരമറിഞ്ഞ സഖാവ് എം അണ്ണാമലൈ എംഎല്‍എ, ആദിവാസി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സഖാവ് പി ഷണ്‍മുഖം, സഖാവ് എസ് ആര്‍ ഗണേശന്‍ , ബാഷാജാന്‍ , കൃഷ്ണമൂര്‍ത്തി, ചിത്തേരി പൊന്നുസ്വാമി എന്നിവര്‍  വാച്ചാത്തിയിലെത്തി.

അവിടെ നടന്ന കൊടിയ മനുഷ്യാവകാശലംഘനം അവര്‍ ലോകത്തോട് വിളിച്ചുപറഞ്ഞു. സഖാക്കളാല്‍ അന്ന് ഉയര്‍ന്ന് കേട്ടത് നീതി ലഭിക്കണമെന്ന വെറുംവാക്കുകളായിരുന്നില്ല.. നീതി ലഭിക്കും വരെ പോരാടുമെന്ന ഉറച്ച തീരുമാനമായിരുന്നു, ആക്രമികള്‍ക്കെതിരെയും അവരെ സഹായിക്കുന്നവര്‍ക്കെതിരെയുമുള്ള വെല്ലുവിളിയായിരുന്നു.

അടുത്ത ദിവസം തന്നെ കള്ളക്കേസുകളിൽ പെട്ട് സേലം സെന്‍ട്രല്‍ ജയിലില്‍ തടവിലിടപ്പെട്ടവരെ സഖാക്കൾ സന്ദർശിച്ചു. പാര്‍ട്ടി ഇടപെട്ടതോടെ ആർഡിഒയുടെ റിപ്പോർട്ട് ആവശ്യപ്പെടാൻ കലക്ടർ തയ്യാറായെങ്കിലും ഇതിനോട് മുഖംതിരിഞ്ഞുനിൽക്കുന്ന സമീപനമാണ് ആർഡിഒ സ്വീകരിച്ചത്.

അയാള്‍ വാച്ചാത്തി സന്ദർശിക്കാൻ തയ്യാറായില്ല. നിരന്തര പ്രതിഷേധങ്ങൾക്ക് ശേഷം ആര്‍ഡിഒ വാച്ചാത്തി സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിതനായി. എന്നാൽ പൂർണമായും ഉദ്യോഗസ്ഥർക്ക് അനുകൂലമായ റിപ്പോർട്ടാണ് ആർഡിഒ സമർപ്പിച്ചത്. ബലാത്സംഗം നടന്നിട്ടില്ലെന്നടക്കം അദ്ദേഹം റിപ്പോർട്ടിലെഴുതിവച്ചു.

ഈ റിപ്പോർട്ട് കൂടി വന്നതോടെ പൊലീസും ഉദ്യോഗസ്ഥരും പാർട്ടി സഖാക്കളെ ഭീഷണിപ്പെടുത്തി. തുടർന്ന് നേതാക്കള്‍ അന്നത്തെ മുഖ്യമന്ത്രി ജയലളിതക്ക് പരാതി നല്‍കി. പക്ഷെ കിട്ടിയ മറുപടി വിചിത്രവും അസ്വീകാര്യവുമായിരുന്നു.

കാട്ടുകള്ളന്‍ വീരപ്പനെ സഹായിക്കുന്നവരെയും ചന്ദനമരം കടത്തിയവരെയുമാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പ്രതികരണം. മനുഷ്യാവകാശ ലംഘനമോ ബലാത്സംഗമോ നടന്നതിന് തെളിവില്ലെന്നും ആർഡിഒ റിപ്പോർട്ട് മാത്രം കൂട്ടുപിടിച്ച് മറുപടിയിൽ ആവർത്തിച്ചു.

ഈ റിപ്പോർട്ട് തള്ളിക്കളഞ്ഞ പാർട്ടി  ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും കള്ളക്കേസിൽ പെട്ട ആദിവാസികളെ വിട്ടയക്കാനും തയ്യാറാകാതിരുന്ന സംസ്ഥാന സർക്കാരിനെതിരെ പോരാട്ടത്തിന് തയ്യാറായി. വാച്ചാത്തിയിലെ പൊലീസ് നരവേട്ടയിൽ തീരുമാനമാക്കുമെന്ന് പാർടി ദൃഢനിശ്ചയം കൈക്കൊണ്ടു.

സമരം തെരുവിലും കോടതിയിലുമെന്ന നയം സ്വീകരിച്ച് പാർട്ടി മുന്നോട്ടുപോയി. മദ്രാസ് ഹൈക്കോടതിയിൽ 1992 ജൂലൈ 30ന് പാർടി പൊതുതാൽപര്യഹർജി സമർപ്പിച്ചു. പക്ഷേ ഈ ഹർജ്ജിയിലെ കാര്യങ്ങൾ അവിശ്വസനീയവും ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്തതുമാണന്ന് കണ്ട് കോടതി തള്ളിക്കളഞ്ഞു.

ഇതേത്തുടർന്ന് 1992 സപ്തംബർ 3ന് സഖാവ് നല്ലശിവം നേരിട്ട് സുപ്രീം കോടതിയിൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്യുകയും സുപ്രീം കോടതി ഹൈക്കോടതിയോട് കേസ് ഫയലിൽ സ്വീകരിച്ച് അടിയന്തിര പ്രാധാന്യത്തോടെ നടപടികൾ കൈക്കൊള്ളാൻ പറയുകയുമായിരുന്നു.

കേസിനിടയിൽ അന്നത്തെ വനം മന്ത്രിയായ കെ എ ചങ്കോട്ടയ്യൻ മദ്രാസ് ഹൈക്കോടതിയിൽ വെച്ച് നല്ലശിവത്തെ വെല്ലുവിളിക്കുന്ന സാഹചര്യം വരെ ഉണ്ടായി.

എംപിയായിരുന്ന നല്ലശിവം വിഷയം കോടതിക്ക് പുറമെ  പാർലമെൻ്റിലുമുയർത്തി.. നീതി ലഭിക്കുംവരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ അഖിലേന്ത്യാ മഹിളാ അസോസിയേഷനും ഡിവൈഎഫ്ഐയും സമരമുന്നണിയിൽ അണിചേർന്നു. ഇവർ വാച്ചാത്തി സന്ദർശിച്ചു. ഗ്രാമത്തിനാവശ്യമായ എല്ലാ സഹായവും ഇവർ പ്രഖ്യാപിച്ചു. ആദിവാസികള്‍ക്കായുള്ള നിയമയുദ്ധത്തില്‍  കക്ഷിചേര്‍ന്നു.

വാച്ചാത്തി ഗ്രാമത്തിലെ ആളുകള്‍ക്ക് പിന്നീട് കരുത്തായി ഇടതുപക്ഷം മു‍ഴുവന്‍ അണിചേരുകയായിരുന്നു. ഒരേസമയം പലയിടങ്ങളില്‍, പലവിധത്തില്‍..

133 പേരും തടവിൽ നിന്ന് മോചിതരായപ്പോൾ ഇവർക്കാവശ്യമായ ഭക്ഷണ സാധനങ്ങളും തുണിയും നൽകിയത് സിഐടിയു ആണ്.

ഓരോ തൊഴിലാളിയേയും ആവേശം കൊള്ളിക്കുന്ന വിധത്തിൽ, തൊഴിലാളിവർഗ രാഷ്ട്രീയത്തിൻ്റെ യശ്ശസ് ഉയർത്തിപ്പിടിക്കുന്ന വിധത്തിൽ, ഐക്യദാർഢ്യത്തിൻ്റെ പതാകയേന്തിക്കൊണ്ട് വാച്ചാത്തിയിലെ ആദിവാസികൾക്ക് നിയമപോരാട്ടം നടത്താനുള്ള മു‍ഴുവന്‍ പണവും നൽകിയത് ഹൊസൂരിലെ അശോക് ലൈലൻ്റ് ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു.

ALSO READ: നവോത്ഥാന മൂല്യങ്ങള്‍ ഇല്ലാതാക്കി ജാതി മത ചിന്തകളെ വളര്‍ത്താന്‍ ശ്രമിക്കുന്നതിനെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണം: മുഖ്യമന്ത്രി

അവശ്യസൗകര്യങ്ങളോ അടിസ്ഥാന വികസനമോ ഇല്ലാതിരുന്ന വാച്ചാത്തിയെന്ന ആദിവാസി ഊരിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാക്കാൻ പട്ടികജാതി-പട്ടിക വർഗ കമ്മീഷനെ ഹൈക്കോടതി നിയോഗിച്ചു. കമ്മിഷനോട് വാച്ചാത്തി സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ഇതിനൊപ്പം തന്നെ സമാന്തരമായി പാർട്ടിയും വാച്ചാത്തി വിഷയത്തിൽ തെളിവുകൾ ശേഖരിച്ചുകൊണ്ടിരുന്നു.

കീഴ്വെണ്മണി കൂട്ടക്കൊല പൊതുജനസമക്ഷമെത്തിച്ച, സിഐടിയു നേതാവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സ്ഥാപക നേതാവും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന സഖാവ് മൈഥിലി ശിവരാമൻ പാർട്ടി നിർദേശപ്രകാരം വാച്ചാത്തിയിൽ താമസിക്കുകയും ഓരോരുത്തരെയും നേരിൽക്കണ്ട് തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ഈ തെളിവുകളെല്ലാം ദേശീയ പട്ടികജാതി പട്ടികവർഗ കമ്മിഷന് സമർപ്പിച്ചു. സഖാവ് ശേഖരിച്ച തെളിവുകൾ യാതൊരുവിധത്തിലും തള്ളിക്കളയാൻ സാധിക്കാത്തതായിരുന്നു.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സഖാവ് പി ഷണ്മുഖം അന്ന് കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തി. തമിഴ്നാട്ടിലുടനീളം വിവിധ പ്രക്ഷോഭങ്ങൾ  സംഘടിപ്പിച്ചു. വാച്ചാത്തിയിലെ ജനങ്ങളെ ഭയപ്പെടുത്തിയും പ്രലോഭിപ്പിച്ചും പിന്തിരിപ്പിക്കാൻ ശ്രമങ്ങൾ നടന്നു.

സിപിഐഎം തമിഴ്നാടിനെതിരാണെന്നും സംസ്ഥാനത്തിൻ്റെ യശ്ശസ് കെടുത്താൻ ശ്രമിക്കുകയാണെന്നും വ്യാപക പ്രചാരണമുണ്ടായി. എന്നാൽ വാച്ചാത്തി പാർട്ടിക്കൊപ്പവും പാർട്ടി വാച്ചാത്തിക്കൊപ്പവും നിന്നു. സഖാവ് മൈഥിലി ശേഖരിച്ച തെളിവുകളുടെയും സഖാവ് നല്ലശിവത്തിൻ്റെ റിട്ട് പെറ്റീഷൻ്റെയും അടിസ്ഥാനത്തിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണം നടന്നാൽ കാര്യങ്ങള്‍ എതിരാവുമെന്ന് കണ്ട് സംസ്ഥാന സർക്കാർ ഇതിനെതിരെ അപ്പീൽ പോയി.എന്നാല്‍ സര്‍ക്കാരിന്‍റെ  അപ്പീൽ തള്ളിക്കളഞ്ഞതോടെ പാർട്ടി ആവശ്യപ്പെട്ടതുപോലെ സിബിഐ അന്വേഷണത്തിന് കളമൊരുങ്ങി.

കേസന്വേഷണം പൂർത്തിയാക്കി 1996 ഏപ്രിൽ 25ന് മദ്രാസ് ഹൈക്കോടതിയിൽ സിബിഐ റിപ്പോർട്ട് സമർപ്പിച്ചു. ആറ് മാസങ്ങൾക്ക് ശേഷം ധർമ്മപുരി ജില്ലാക്കോടതിയിൽ വിചാരണ ആരംഭിച്ചപ്പോഴും പ്രതികളെ സംരക്ഷിക്കാൻ പരമാവധി ശ്രമം നടന്നു. 2002 വരെയും വിചാരണ ഇഴഞ്ഞുനീങ്ങിയതോടെ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇപ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സഖാവ് പി ഷണ്മുഖം ഹൈക്കോടതിയിൽ വീണ്ടും ഹർജി നൽകി. ഇതേത്തുടർന്ന് പ്രത്യേക കോടതിയിൽ കേസ് കൈകാര്യം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു.

ഇത്രയും പ്രതികൾക്ക് ഒന്നിച്ച് നിൽക്കാൻ കഴിയുന്ന മുറിയില്ലാത്തതിനാൽ വിചാരണക്കായി പുതിയ ഹാൾ പണികഴിക്കപ്പെട്ടു. വിചാരണ അഞ്ച് വർഷത്തോളം നീണ്ടുനിന്നു. കുറ്റവാളികളെ തിരിച്ചറിയാൻ നടത്തിയ തിരിച്ചറിയൽ പരേഡിൽ പങ്കെടുക്കാനെത്തിയവരെയടക്കം ആക്രമിക്കാൻ സംഘങ്ങളെത്തി. ഇതിനെയെല്ലാം പാര്‍ട്ടി അതിജീവിച്ചു. വാച്ചാത്തി നിവർന്നുനിന്നു. പൊലീസിനെ ഭയക്കാതെ, ചെങ്കൊടി നൽകിയ ധൈര്യമുൾക്കൊണ്ട് ഓരോരുത്തരും മൊഴി നൽകി.

ഇവൻ ബലാത്സംഗം ചെയ്തുവെന്നും ഇവനെന്നെ അടിച്ച് തലപൊട്ടിച്ചുവെന്നും ഇരകളായവർ തന്നെ മൊഴി നൽകി. ഒരു രേഖയിലും പതിയാൻ സാധ്യതയില്ലാതിരുന്ന കേസ് ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ പ്രധാനപ്പെട്ടതായി മാറി. തെളിവുകൾ നിരത്തി നമ്മൾ ഉയർത്തിയ കേസിനൊടുവില്‍ 2011 സെപ്തംബര്‍ 29ന് വിചാരണക്കോടതി വിധി വന്നു.

വനം-പൊലീസ്-റവന്യൂ ഉദ്യോഗസ്ഥരായ എല്ലാ പ്രതികള്‍ക്കും ശിക്ഷ വിധിക്കപ്പെട്ടു. വിചാരണക്കിടെ മരിച്ചവര്‍ക്കെതിരെയടക്കം കോടതി പരാമര്‍ശം നടത്തി. ഒന്നാം പ്രതി ഡിഎഫ്ഒ ഹരികൃഷ്ണന് ജീവപര്യന്തം തടവ് ലഭിച്ചു, പ്രതികളില്‍ 17 പേര്‍ സ്ത്രീകളെ അപമാനിച്ചവരായിരുന്നു. ഇതില്‍ 12 പേര്‍ക്ക് 10 വര്‍ഷം വീതം തടവും അഞ്ച് പേര്‍ക്ക് 7 വര്‍ഷം വീതം തടവും 2000 രൂപ വീതം പിഴയും ബാക്കിയുള്ളവര്‍ക്കെല്ലാം 2 വര്‍ഷം വീതം തടവും 1000 രൂപ വീതം പിഴയും കോടതി വിധിച്ചു. വാച്ചാത്തിയിലെ ഇരകള്‍ക്ക് മൂന്നുകോടി രൂപയുടെ നഷ്ടപരിഹാരം ലഭിച്ചു.

2023 സെപ്തംബര്‍ 29 ന് വിചാരണക്കോടതി വിധി ശരിവെച്ച്  മദ്രാസ് ഹൈക്കോടതി വിധിയും വന്നു… എങ്ങുമെത്താതെ ആരുമറിയാതെ പോകുമായിരുന്ന ആ കൊടുംക്രൂരത…ഇന്ന് രാജ്യത്ത് തന്നെ ചര്‍ച്ചാവിഷയമായത് സിപിഐഎമ്മിന്‍റെ പോരാട്ടത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും ഫലമാണ്.

ഇന്ന് ഭൂരിപക്ഷവും സ്ത്രീകളുള്ള പാർട്ടി ബ്രാഞ്ച് ഈ ആദിവാസി ഊരിലുണ്ട്. അവിടെ പാറുന്ന ചെങ്കൊടിക്ക് ഇപ്പോള്‍ വല്ലാത്ത തിളക്കമുണ്ട്…

ALSO READ: ബിഹാറില്‍ 63 ശതമാനം ഒബിസി വിഭാഗം, 36.01 ശതമാനം അതിപിന്നോക്ക വിഭാഗം; ജാതി സർവേ റിപ്പോർട്ട്‌ പുറത്തുവിട്ട് സർക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News