
അടിക്കടി പെട്രോളിയം വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും, അധിക തീരുവ കുറയ്ക്കാൻ തയ്യാറാവാത്ത സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും സംസ്ഥാന വ്യാപകമായി തുടർച്ചയായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ സി പി ഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണെന്നും ഇതിൻ്റെ തുടക്കമായി ജൂൺ 4 ന് തിരുവനന്തപുരം ജില്ലയിൽ കേന്ദ്ര സർക്കാർ ഓഫീസിന് മുന്നിൽ സിപിഐഎം നേതൃത്വത്തിൽ സമരം സംഘടിപ്പിക്കുമെന്നും സി പി ഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ സിറ്റി ഏരിയാ കമ്മറ്റികൾ കേന്ദ്രീകരിച്ച് പുളിമൂട് ജിപിഒയ്ക്ക് മുന്നിലെ പ്രക്ഷോഭം സി പി ഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്‌റ്റർ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മറ്റ് 16 ഏരിയാ കേന്ദ്രങ്ങളിലുമാണ് സമരം നടക്കുക.
ഡീസൽ വില കൂടുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് ഗതാഗത നിരക്ക് ഗണ്യമായി വർധിപ്പിക്കും. രാജ്യത്തിൻറെ തെക്കേ അറ്റത്ത് കിടക്കുന്ന സംസ്ഥാനം എന്ന നിലയിൽ എല്ലാം ഇറക്കുമതി ചെയ്യുന്ന കേരളത്തിനാണ് ഇത് ദോഷകരമായി ഭവിക്കുക. വാണിജ്യ സിലിണ്ടറിൻ്റെ വില വർധനവ് ഹോട്ടൽ, റസ്റ്റോറന്റുകൾ, തട്ടുകടകൾ തുടങ്ങി ഈ മേഖലയിൽ വലിയ ഇന്ധന ചെലവാണ് ഉണ്ടാകുക. ഇത് വലിയ വില വർദ്ധനവിന് കാരണമാകും. ഇത് സാധരണക്കാരെയാണ് ബാധിക്കുക.നിയമസഭാ ലോകവിപണിയിൽ വില കുറഞ്ഞിരുന്നപ്പോഴും അതിൻ്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ കേന്ദ്ര സർക്കാർ എണ്ണക്കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ ഒത്താശ ചെയ്യുകയായിരുന്നു. തിരഞ്ഞെടുപ്പുകൾ നടക്കുന്ന സമയങ്ങളിൽ വില വർദ്ധിപ്പിക്കാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയും തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ തുടർച്ചയായി വില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്ന സ്ഥിരം നാടകമാണ് കേന്ദ്ര സർക്കാർ ഇപ്പോഴും ആവർത്തിക്കുന്നത്.
കഴിഞ്ഞ ബഡ്‌ജറ്റിൽ കേന്ദ്രം ഏർപ്പെടുത്തിയ എക്സൈസ് ഡ്യൂട്ടി വർദ്ധന ഒഴിവാക്കാൻ സംസ്ഥാന ഗവൺമെന്റ്റ് ആവശ്യപ്പെടണം. ഡീസലിനും പെട്രോളിനും മേലുള്ള റോഡ് സെസ് നിർത്തിവെയ്ക്കണം. സംസ്ഥാനം അതിൻ്റേതായ നിലയിലും നികുതിയിലെ ഓഹരി ഉപേക്ഷിച്ച് സാധാരണക്കാർക്കൊപ്പം സംസ്ഥാന സർക്കാർ നിൽക്കണം. പ്രതിപക്ഷത്തിരുന്നപ്പോൾ ഇന്ധനവിലയുടെ പേരിൽ നടത്തിയ സമര കോലാഹലങ്ങൾ ജനങ്ങളെ കബളിപ്പിക്കാനുള്ള വെറും രാഷ്ട്രീയ നാടകമായിരുന്നു എന്ന് തെളിയിക്കുന്നതാണ് യുഡിഎഫ് സർക്കാരിന്റെ ഇപ്പോഴത്തെ നടപടികൾ. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും കേന്ദ്രസർക്കാർ ഓഫീസിന് മുന്നിൽ ജൂൺ 4 ന് നടക്കുന്ന പ്രതിഷേധ സമരം വിജയിപ്പിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നുവെന്നും സി പി ഐ എം ജില്ലാ കമ്മിറ്റി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

