
സിപിഐഎം പ്രതിനിധിസംഘത്തിന്‍റെ കാശ്മീർ സന്ദർശനം പുരോഗമിക്കുന്നു. അതിർത്തി മേഖലയായ ഉറിയിൽ പാകിസ്താന്റെ ഷെല്ലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങളെ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെട്ട സംഘം സന്ദർശിച്ചു. ദുരന്തം അനുഭവിക്കുന്ന ജനങ്ങളെ പുനരധിവസിക്കാൻ സ്വീകരിച്ച നടപടികൾ അപര്യാപ്തമാണെന്നും, ജനജീവിതം പൂർണ്ണനിലയിലേക്ക് എത്താനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ദുരന്തബാധിത മേഖലകൾ സന്ദർശിച്ച ശേഷം എം എ ബേബി കൈരളി ന്യൂസിനോട് പറഞ്ഞു.
സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും കുൽഗാമിലെ സിപിഐഎം എംഎൽഎയുമായ യൂസഫ് തരിഗാമിയും സംഘത്തോടൊപ്പം അനുഗമിച്ചു. സിപിഐഎം എംപിമാരായ എ എ റഹിം, കെ രാധാകൃഷ്ണൻ,സു വെങ്കിടേശൻ, അമ്ര റാം തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
ALSO READ; പലസ്തീന്‍ ഐക്യദാര്‍ഢ്യ മാര്‍ച്ച്; എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി
പഹൽഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തെ തുടർന്ന് ജമ്മു കാശ്മീർ സന്ദശിക്കാൻ തീരുമാനിച്ച സിപിഐഎം പ്രതിനിധി സംഘം ഇന്ന് വൈകുന്നേരത്തോടെയാണ് ശ്രീ നഗറിൽ എത്തിയത്. ശ്രീനഗർ വിമാനത്താവളത്തിൽ പാർട്ടി ജമ്മു കാശ്മീർ സംസ്ഥാന സെക്രട്ടറി മുഹമ്മദ് അബ്ബാസ് റാത്തറുടെ നേതൃത്വത്തിൽ സംഘത്തെ സ്വീകരിച്ചിരുന്നു. ശ്രീനഗർ വിമാനത്താവളത്തിൽ സ്വീകരിക്കാൻ പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി സഹോദരൻ എന്നു വിളിച്ച മുസാഫിറും എത്തിയിരുന്നു. ആരതി അവരോടു പറഞ്ഞതനുസരിച്ചാണ് അവർ വന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here