
ആർ എസ് എസ്സുമായി സിപിഐ എമ്മിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചുഴുഞ്ഞ് അന്വേഷിക്കുകയാണ് പരിമിതവിഭവന്മാരായ കേരളത്തിലെ പണ്ഡിതരൂപികൾ. അവർക്കുള്ള കൃത്യമായ മറുപടി നൽകുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ കെ ജെ ജേക്കബ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേരളത്തിൽ സി പി എമ്മിനുമാത്രമായി ഒരു (ചാരിത്ര്യ)പരിശോധനയുണ്ട്. അത് ആ പാർട്ടിയുടെ ചരിത്രത്തിൽ അതിന്റെ ഏതെങ്കിലും നേതാക്കളോ പ്രവർത്തകരോ എന്നെങ്കിലുമൊരിക്കൽ ഏതെങ്കിലുമൊരാൾ ആർഎസ്സെസ്സുകാരനുമായി എവിടെയെങ്കിലും ഒരു മുറിയിൽ ഒരുമിച്ചു കിടന്നിട്ടുണ്ടോയെന്നാണ്.
തപ്പിച്ചെന്നാൽ കിട്ടും. ആളുകൾ പറഞ്ഞുകൊടുക്കും, ഒള്ളതാണ്. അതിന്റെ ചരിത്രം കേട്ട് ഞെട്ടിയിട്ടാണ് പരിമിതവിഭവന്മാരായ പണ്ഡിതരൂപികൾ ‘രഹസ്യബാന്ധവ’ കഥകളുമായി നാട്ടിൽ പാഞ്ഞുനടക്കുന്നത്. അവരോട് പറയണം: ഒന്നൂടെ സൂക്ഷിച്ചുനോക്കിയാൽ ആ മുറിയിൽ അതിന്റെ മറ്റു മൂലകളിൽ സോഷ്യലിസ്റ്റുകളും സംഘടനാ കോൺഗ്രസുകാരും കിടക്കുന്നതു കാണാം.
മൗദൂദിക്കുഞ്ഞുങ്ങൾക്കും വേണമെങ്കിൽ മുതിർന്നവരോട് ചോദിച്ചുമനസ്സിലാക്കാം. അവർ പറഞ്ഞുതരും, ആ മൂലകളിലെവിടെയോ ജമാ അത്തെ ഇസ്ലാമിക്കാരു പോലുമുണ്ടായിരുന്നു. അതൊരു ശിശിരകാലമായിരുന്നു. ഇന്ത്യയുടെമേൽ ഏകാധിപത്യത്തിന്റെ മഞ്ഞുപുതഞ്ഞുനിന്ന അടിയന്തിരാവസ്‌ഥയുടെ ഇരുളുനിറഞ്ഞ ഒരു കാലം.
Also Read: എല്‍ഡിഎഫ് ജയിക്കുമെന്ന് നിലമ്പൂര്‍ ആയിഷ; വോട്ട് ചെയ്ത് എം സ്വരാജ്
അവിടെ നിങ്ങളവരെ കാണും. അവിടെയെ കാണൂ. ഒരു മതനിരപേക്ഷ പ്രധാനമന്ത്രിയെ വീഴ്ത്താൻ ആറെസ്സെസ്സുകാർക്കൊപ്പം വാരിക്കുഴി കുഴിക്കുന്നവരുടെ കൂട്ടത്തിൽ, അതിൽ തള്ളിയിടാൻ കൈപൊക്കുന്നവരുടെ കൂട്ടത്തിൽ നിങ്ങളവരെ കാണില്ല. മിനാരങ്ങളിടിച്ചുനിരത്താൻ ക്രിമിനലുകളെ അനുവദിച്ചുവിട്ട കൊടിയ വഞ്ചനയുടെ കരസേവകരുടെ കൂട്ടത്തിൽ അവരുണ്ടാവില്ല. നിങ്ങളുടെ കഴുക ദൃഷ്ടികളുമായി എത്രകാലം നടന്നാലും പൂജനീയ പടങ്ങൾക്കുമുന്നിൽ പ്രാർത്ഥനാ പാണികളുമായി നിൽക്കുന്ന പുണ്യാളന്മാരുടെ ചിത്രങ്ങളും കാണില്ല.
കല്ലിൽകൊത്തിയിട്ട ചരിത്രമാണ്; കുഞ്ഞുബുദ്ധികൾക്കു കൂട്ടിയാൽ കൂടണമെന്നില്ല. അതുവെച്ച് ഒരുപതെരഞ്ഞെടുപ്പ് എറിഞ്ഞിടാമെന്നല്ലേ?
ആവട്ടെ. എങ്കിലുമവരിവിടെയിനിയുമുണ്ടാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here