
സ്ഥാനമോഹങ്ങളിൽ മതിഭ്രമിച്ച് പാർട്ടിവിട്ട നേതാക്കളെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ച് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കണ്ണൂരിലെ രാഷ്ട്രീയ ചരിത്രവും രക്തസാക്ഷിത്വവും ചൂണ്ടിക്കാട്ടിയാണ് രാഗേഷ് വിമർശനം ഉന്നയിച്ചത്. കണ്ണൂർ നിരവധി ധീരരുടെ രക്തസാക്ഷിത്വം കണ്ട നാടാണെന്നും, കോൺഗ്രസ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ട നിരവധി പ്രവർത്തകരുടെ പേരുകൾ മറക്കരുതെന്നും അദ്ദേഹം കുറിപ്പിൽ ഓർമപ്പെടുത്തുന്നു. മൊയാരത്ത് ശങ്കരൻ മുതൽ ധീരജ് വരെ നീളുന്ന രക്തസാക്ഷികളുടെ നിരയെ ഓർമ്മിപ്പിച്ചുകൊണ്ട്, ഇവരുടെ ത്യാഗങ്ങൾ രാഷ്ട്രീയ നിലപാടുകളിൽ വിലമതിക്കപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വി. കുഞ്ഞികൃഷ്ണന്റെ കാലുമാറ്റത്തെക്കുറിച്ചും കെ കെ രാഗേഷ് പോസ്റ്റിലൂടെ വിമർശിച്ചു. വ്യക്തിവിരോധത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പാർട്ടിക്കെതിരെ നിലപാട് സ്വീകരിച്ചത്, വിവിധ കമ്മിറ്റികൾ ഇത് മുൻപ് തന്നെ ചർച്ച ചെയ്ത കാര്യവുമാണ്. ഇപ്പോഴത്തെ സ്ഥാനാർത്ഥിത്വം അതിന്റെ ആത്യന്തിക ലക്ഷ്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ കെ രാഗേഷിന്റെ പോസ്റ്റിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു.
പയ്യന്നൂരിലെ ഒറ്റുകാരനോട്…
വയനാട്ടിൽ ഒരു ദുരന്തമുണ്ടായപ്പോൾ, കേരളം മുഴുവൻ കൈമെയ് മറന്ന് സർക്കാരിനൊപ്പം സഹായത്തിനെത്തിയപ്പോൾ, ചില്ലിക്കാശ് കൊടുക്കരുതെന്ന് പറഞ്ഞ് വിലക്കിയവരാണ് കോൺഗ്രസ്സുകാർ. പിന്നീടവർ ദുരിതബാധിതരെ സഹായിക്കാനായി പ്രത്യേക മൊബൈൽ ആപ്പിലൂടെ വൻതോതിൽ നാട്ടുകാരുടെ പണവും ശേഖരിച്ചു. ദുരന്തം നടന്നിട്ട് ഇരുപത് മാസം പിന്നിട്ടിരിക്കുന്നു. സർക്കാർ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പും ഭവനങ്ങളും അവസാനഘട്ടത്തിലാണ്. എന്നാൽ ശേഖരിച്ച പണമെത്രയെന്നോ ചെയ്ത പ്രവൃത്തിയെന്തെന്നോ എന്തിന് ഫണ്ട് പിരിച്ച ആപ്പ് എവിടെയെന്നുപോലും പറയാൻ ഈ നിമിഷം വരെ കോൺഗ്രസ്സിനായിട്ടില്ല. യൂത്ത് കോൺഗ്രസ് പിരിച്ച ഫണ്ടാവട്ടെ, രാഹുൽമാങ്കൂട്ടത്തിലും കൂട്ടരും ചേർന്ന് എന്തൊക്കെ ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചത് എന്നും ഇനിയും പുറത്തുവരാനിരിക്കുന്നതേ ഉള്ളൂ. ഇത്രയും പറഞ്ഞത്, പാർട്ടിഫണ്ട് ചിലർ തട്ടിയെടുത്തതിലുള്ള ‘ആത്മരോഷം’ മൂലമാണ് പാർട്ടിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചത് എന്ന് പയ്യന്നൂരിൽ മറ്റൊരു വർഗവഞ്ചകൻ പറഞ്ഞുനടക്കുന്നത് കണ്ടാണ്. കോൺഗ്രസ്സ് ഇപ്പോൾ ഇടതുപക്ഷത്തിനെതിരെയുള്ള പ്രചാരണങ്ങൾക്കും മറ്റും ഒഴുക്കിക്കൊണ്ടിരിക്കുന്ന പണം ഏതെല്ലാം അഴിമതിയിലൂടെ സമാഹരിച്ചതാണെന്നത് ഊഹിക്കാവുന്നതേയുള്ളൂ. നാട്ടുകാർ ആരും ഇനി കോൺഗ്രസ്സിന് ഫണ്ട് കൊടുക്കില്ലെന്നും ഉറപ്പാണ്. സർവ്വത്ര അഴിമതിയിൽ മുങ്ങിക്കുളിച്ച ആ പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് വർഗവഞ്ചകന്റെ പുതിയ ഉയിർത്തെഴുന്നേൽപ്!
എത്രയോ ധീരന്മാരുടെ ഹൃദയരക്തം വീണുകുതിർന്നമണ്ണാണീ കണ്ണൂർ. കോൺഗ്രസ്സ് കാപാലികരുടെ കൊലക്കത്തിക്കിരയായ എത്രയോപേരുണ്ട്. രക്തസാക്ഷികളുടെ പേര് പറഞ്ഞ് വികാരംകൊള്ളുന്ന താങ്കൾക്ക് കോൺഗ്രസ്സുകാർ കൊന്നുകളഞ്ഞ എത്ര രക്തസാക്ഷികളുടെ പേരറിയാം? മൊയാരത്ത് ശങ്കരനിൽ തുടങ്ങി ധീരജിൽ അവസാനിക്കുന്ന ഒരു നീണ്ടനിരയുണ്ട്. വെടിവെച്ചും കുത്തിമലർത്തിയും ചുട്ടെരിച്ചും താങ്കളിപ്പോൾ അഭയംതേടിയ കൂടാരത്തിലുള്ളവർ അവസാനിപ്പിച്ച ധീരന്മാരുടെ നീണ്ട നിര. പയ്യന്നൂരിന്റെ തെരുവുകൾ ആ ഗുണ്ടാപ്പടയുടെ കയ്യിലമർന്ന ഒരു നാളുണ്ടായിരുന്നു. ആ കാലത്തുനിന്നും എങ്ങിനെയാണ് ഇന്നുകാണുന്ന സമാധാനാന്തരീക്ഷം പയ്യന്നൂരിന് കൈവന്നതെന്ന് മറന്നുകൂടാത്തതാണ്. അന്ന് നിർഭയം ഈ നാടിന് കാവലായി നിൽക്കാൻ ആയിരങ്ങളുണ്ടായിരുന്നു. ഒന്നും പ്രതീക്ഷിക്കാതെ, ഒന്നും നേടാനാവാതെ പാർട്ടിയെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചവർ.
നിരവധി തവണ വിവിധ കമ്മിറ്റികൾ ചർച്ചചെയ്ത് ബോധ്യംവരുത്തിയ കാര്യമാണ് തീർത്തും വ്യക്തിവിരോധം ഒന്നുകൊണ്ടുമാത്രം വി. കുഞ്ഞികൃഷ്ണൻ പാർട്ടിക്കെതിരെ നിരന്തരം ഉയർത്തിക്കൊണ്ടിരുന്നത്. അതിന്റെ ആത്യന്തികലക്ഷ്യമെന്താണെന്ന് ഇപ്പോഴത്തെ അയാളുടെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് വ്യക്തമായിക്കഴിഞ്ഞു. അതിന് ആരുടെ തിണ്ണനിരങ്ങാനും അയാൾക്ക് മടിയുണ്ടായില്ല. ഇന്ത്യയിലെ മുഴുവൻ നിസ്വവർഗവും പ്രതീക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പാണ് കേരളത്തിൽ നടക്കാനിരിക്കുന്നതെന്ന് അറിയാത്തവരാരും ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഇന്ത്യയിലെ ഏക ഇടതുപക്ഷസർക്കാരിനെ നിലനിർത്താനുള്ള ജീവന്മരണപ്പോരാട്ടം. ആ പോരാട്ടത്തിനിടയിലും വി. കുഞ്ഞികൃഷ്ണനെപ്പോലുള്ള വൈകൃതങ്ങൾ വലതുപക്ഷത്തിനുവേണ്ടി കുഴലൂത്തുനടത്തുന്നത് എത്ര ലജ്ജാകരമാണ്.
തന്നെ വളർത്തിവലുതാക്കിയ പ്രസ്ഥാനത്തിന് വി. കുഞ്ഞികൃഷ്ണൻ തിരിച്ചുനൽകിയതെന്താണ്? അയാളെപ്പോലെ ‘ദീർഘകാലത്തെ അനുഭവസമ്പത്തുള്ള’ ഒരാൾ എന്ത് സന്ദേശമാണ് തന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ പുതുതലമുറയ്ക്ക് നൽകുന്നത്? സ്വയം ചീഞ്ഞ് വർഗശത്രുക്കൾക്ക് വളമാകുകയല്ലാതെ മറ്റെന്താണത്?

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

