
മെയ് 31ന് ചേർന്ന സിപിഐഎം കാസർഗോഡ് ജില്ലാ കമ്മിറ്റി യോഗത്തിൽ നടന്നത് എന്ന മട്ടിൽ റിപ്പോർട്ടർ ചാനലിൽ വന്ന വാർത്ത ശുദ്ധ അസംബന്ധവും വ്യാജ നിർമ്മിതിയുമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്. അനധികൃത സ്വത്ത് സംമ്പാദനം നടത്തിയെന്ന് ജില്ലാ കമ്മിറ്റി ഒരു പാർട്ടി അംഗത്തെ കുറിച്ചും വിലയിരുത്തുകയോ നടപടിയെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ജില്ലാ കമ്മിറ്റി യോഗത്തിൽ വാഗ്വാദം, പരസ്പരം പോർവിളി, ജില്ലാ സെക്രട്ടറിക്കെതിരെ ആരോപണം എന്നൊക്കെ ചാനലിൽ വന്ന വാർത്ത പച്ചക്കള്ളമാണ്.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറിക്കെതിരെ ഒരു പരാമർശവും ഉണ്ടായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സെക്രട്ടറി ഉൾപ്പെടെ ഏതൊരു അംഗവും വിമർശനങ്ങൾക്ക് വിധേയരാകാം. എന്നാൽ മെയ് 31 ന്‍റെ യോഗത്തിൽ അങ്ങനെയൊരു വിമർശനമോ ചർച്ചയോ ഉണ്ടായിരുന്നില്ലെന്നും ജില്ല സെക്രട്ടറിയേറ്റ് പറഞ്ഞു.
ALSO READ;‘അടുത്ത നിയമസഭ ചേരുമ്പോൾ എം സ്വരാജ് സഭയിൽ ഉണ്ടാകും’; മന്ത്രി കെ രാജൻ
ജില്ലാ കമ്മിറ്റി യോഗത്തിൽ സംഭവിച്ചിട്ടില്ലാത്തയൊന്ന് നടന്നുവെന്ന രീതിയിൽ വാർത്തയാക്കിയത് വ്യാജ നിർമ്മിതിയാണ്. ഒരു അടിസ്ഥാനവുമില്ലാത്ത സ്രോതസ്സുകളിൽ നിന്ന് കിട്ടുന്നതെന്തും വാർത്തയാക്കിയ ചാനലിന്റെ നടപടി തീർത്തും അനുചിതമാണെന്നും ജില്ല സെക്രട്ടറിയേറ്റ് വിമർശിച്ചു. 24ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന പാർട്ടി സമ്മേളനങ്ങൾ ജില്ലയിലെ പാർട്ടിക്ക് പുതിയ കരുത്തും ആവേശവുമാണ് പ്രദാനം ചെയ്തിട്ടുള്ളത്. കൂടുതൽ ഐക്യത്തോടെ പാർട്ടി മുന്നേറ്റം നടത്തുകയാണ്. ഇതിൽ അസഹിഷ്ണുത പൂണ്ട ശക്തികളുടെ കേന്ദ്രത്തിൽനിന്ന് ബോധപൂർവ്വം നിർമ്മിച്ച വാർത്തയാണിതെന്നും പ്രസ്താവനയിൽ പറയുന്നു.
അര നൂറ്റാണ്ടുകാലത്തെ സംശുദ്ധമായ രാഷ്ട്രീയ പ്രവർത്തനത്തിന് ഉടമയാണ് പാർട്ടി ജില്ലാ സെക്രട്ടറി എം രാജഗോപാലൻ. പാർട്ടിയിലും പാർലമെന്ററി രംഗത്തും വർഗ്ഗ ബഹുജന സംഘടനകളിലും നിരവധി ചുമതലകൾ വഹിച്ച അദ്ദേഹത്തിന്‍റെ വ്യക്തിജീവിതം ലാളിത്യപൂർണ്ണവും സുതാര്യവും ആണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്.
ALSO READ; ‘നിലമ്പൂരിൽ സ്വരാജ് ഉജ്ജ്വല വിജയത്തോടെ മണ്ഡലത്തിൽ വികസന തുടർച്ചയുണ്ടാക്കും’: എം വി ജയരാജൻ
എന്നിട്ടും ജില്ലാ സെക്രട്ടറിക്ക് എതിരെ വ്യാജ ആരോപണം ഉന്നയിച്ച് അപകീർത്തിപ്പെടുത്താനാണ് ശ്രമിച്ചത്. എന്നാൽ ഇത് വ്യക്തിപരമായ വിദ്വേഷത്താലാണെന്ന് കണക്കാക്കും കഴിയില്ല. മറിച്ച് പാർട്ടിയെ ദുർബലപ്പെടുത്താനുള്ള ഗൂഢോദ്ദേശത്തോടെയാണെന്നും കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ്ആരോപിച്ചു. പാർട്ടിക്കും ജില്ലാ സെക്രട്ടറിക്കും എതിരായ വ്യാജവാർത്ത നിർമിതി എന്ന് തിരിച്ചറിഞ്ഞ് ഇത്തരം ദുഷ്പചരണങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്നും പ്രസ്താവനയിലൂടെ ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

