
സിപിഐഎം കാസർഗോഡ് ജില്ലാ സമ്മേളനത്തിന് കാഞ്ഞങ്ങാട് കൊടിയുയർന്നു. പ്രതിനിധി സമ്മേളനത്തിന് നാളെ തുടക്കമാവും. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. മുനയൻകുന്ന്, കയ്യൂർ, പൈവളിഗെ, ചീമേനി രക്തസാക്ഷി സ്മൃതി കൂടീരങ്ങളിൽ നിന്നും അത്ലറ്റുകളുടെയും റെഡ് വളൻ്റിയർമാരുടെയും അകമ്പടിയോടെ എത്തിച്ച കൊടി – കൊടിമര ജാഥകളും ജില്ലയിലെ 28 രക്തസാക്ഷി കുടീരങ്ങളിൽ നിന്നുമുള്ള ദീപശിഖ ജാഥകളും അലാമിപ്പള്ളി പുതിയ ബസ്‌സ്‌റ്റാൻഡ് പരിസരത്ത് സംഗമിച്ചു. നൂറുകണക്കിന് പേരുടെ അകമ്പടിയോടെ പൊതുസമ്മേളനം നടക്കുന്ന നോർത്ത് കോട്ടച്ചേരിയിലെ സീതാറാം യച്ചൂരി–- കോടിയേരി ബാലകൃഷ്‌ണൻ നഗറിലേക്ക്.
മുനയൻകുന്ന് രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ നിന്ന് എത്തിച്ച പതാക, ചീമേനി രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ നിന്നും എത്തിച്ച കൊടിമരത്തിൽ സംഘാടകസമിതി ചെയർമാൻ വി വി രമേശൻ ഉയർത്തി. ബുധനാഴ്ച പ്രതിനിധി സമ്മേളന നഗരിയിൽ കയ്യൂരിൽ നിന്നുമെത്തിച്ച കൊടിമരത്തിൽ പൈവളിഗെയിൽ നിന്നും എത്തിച്ച പതാക മുതിർന്ന നേതാവ് പി കരുണാകരൻ ഉയർത്തും. രക്തസാക്ഷി സ്‌മൃതി കുടീരങ്ങളിൽ നിന്നെത്തിച്ച ദീപശിഖ വലിയ ദീപത്തിലേക്ക് പകരും.
എ കെ നാരായണൻ – കെ കുഞ്ഞിരാമൻ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ജില്ലാ കമ്മറ്റി അംഗങ്ങളുമുൾപ്പെടെ 317 പേർ പങ്കെടുക്കും. വെള്ളിയാഴ്ച സമ്മേളനത്തിന് സമാപനം കുറിച്ച് റെഡ് വളൻ്റിയർ മാർച്ചും പൊതുസമ്മേളനവും നടക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here