
കോഴിക്കോട് സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിൽ നടന്ന വിമർശങ്ങളെന്ന രീതിയിൽ ചില മുഖ്യധാരാ മാധ്യമങ്ങൾ കഴിഞ്ഞദിവസങ്ങളിൽ റിപ്പോർട്ട്ചെയ്ത കാര്യങ്ങൾ വസ്തുതകളുമായി ഒരുവിധ ബന്ധവുമില്ലാത്തതും ഊഹാപോഹങ്ങളും കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണങ്ങളുമാണെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. പാർട്ടി പ്രവർത്തകരിലും അണികളിലും ആശയക്കുഴപ്പവും നേതൃത്വത്തിൽ അവിശ്വാസവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നത്.
കമ്യൂണിസ്റ്റ് പാർടിയേയും അതിന്റെ ഉൾപാർട്ടി ചർച്ചകളെയും സംബന്ധിച്ച് ഒരുവിധ അറിവുമില്ലാത്തവരാണ് ഇതിനുപിന്നിൽ. ജില്ലാ കമ്മിറ്റി യോഗത്തിൽ പാർടിയുടെ തലമുതിർന്ന നേതാവും ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനറുമായ ടി പി രാമകൃഷ്ണനെ സ്ഥാനാർഥിയാക്കിയതിനെ സംബന്ധിച്ചോ പൊതുവെ ജില്ലയിലെ സ്ഥാനാർഥി നിർണയത്തെ സംബന്ധിച്ചോ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന രീതിയിൽ ഒരുചർച്ചയും ഉയർന്നുവന്നിട്ടില്ല.
also read:കേരളത്തിന്റെ സഹവർത്തിത്വ പാരമ്പര്യം സംരക്ഷിക്കണം; ഒറ്റക്കെട്ടായി നിൽക്കണമെന്ന് സിപിഐഎം
അതേപോലെ ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി പി എ മുഹമ്മദ് റിയാസിന്റെ വിജയം എതിർ സ്ഥാനാർഥി പി വി അൻവറായതുകൊണ്ട് മാത്രമാണെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു എന്ന രീതിയിൽ ഒരു ദേശീയ പത്രം നൽകിയ റിപ്പോർട്ട് ബേപ്പൂരിലെ ഇടതുപക്ഷ വിജയത്തെ പരിഹസിക്കുന്നതും ജനവിധിയെ അവജ്ഞയോടെ കാണുന്നതുകൊണ്ടാണെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം ഊഹങ്ങളും തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യംവച്ചുള്ള നുണക്കഥകളും അർഹിക്കുന്ന അവജ്ഞയോടെ പാർടി പ്രവർത്തകരും ഈ പ്രസ്ഥാനത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ജനങ്ങളും തള്ളിക്കളയുമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

