
തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് – ബിജെപി ഡീൽ ചർച്ചയാകുമ്പോൾ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് പോയ നേതാക്കളുടെ പേരുകൾ കണ്ടെത്തുന്ന രസകരമായ ഗെയിം അവതരിപ്പിച്ച് ഇടത് സൈബർ സെൽ. dealers.cjp.info എന്ന വെബ്സൈറ്റിലാണ് പഴയ കോൺഗ്രസ് നേതാക്കളുടെ വിവരങ്ങൾ കൊടുത്തിരിക്കുന്നത്.
ഫോട്ടോയും നേതാക്കളെക്കുറിച്ചുള്ള സൂചനകളും വെച്ച് പേര് കണ്ടെത്തുക എന്നതാണ് കോൺഗ്രസ് – ബിജെപി ഡീൽ ഗെയിമായി അവതരിപ്പിച്ചിരിക്കുന്നത്. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് പോയ ആളുകളുടെ വിവരങ്ങൾ രേഖകളായും വെബ്സൈറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചൗഹാൻ, പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്, ഗോവ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത്, കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്ണ, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി വിജയ് ബഹുഗുണ തുടങ്ങി ബിജെപിയിലേക്ക് പോയ കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാക്കൾ, മുൻ മുഖ്യമന്ത്രിമാർ, മുൻ കേന്ദ്ര മന്ത്രിമാർ, പിസിസി അധ്യക്ഷൻമാരടക്കം അൻപതോളം പേരുടെ വിവരങ്ങളാണ് വെബ്സൈറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
കേരളത്തിലെ മുൻ മുഖ്യമന്ത്രി കെ കരുണാകാരന്റെ മകൾ എന്നതാണ് ഗെയിമിൽ പത്മജ വേണുഗോപാലിനെ കണ്ടെത്താൻ കൊടുത്തിരിക്കുന്ന സൂചന. പത്മജയെ കൂടാതെ കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായിരുന്ന അനിൽ ആന്റണി, ദേശീയ വക്താവായിരുന്ന ടോം വടക്കൻ, മുൻ എം പി അബ്ദുള്ളക്കുട്ടി തുടങ്ങി കേരളത്തിൽ നിന്നുള്ളവരുടെ വിവരങ്ങൾ കൂടെ ഉൾകൊള്ളിച്ചാണ് ഗെയിം രീതിയിലുള്ള വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ മുതിർന്ന 450ഓളം നേതാക്കൾ ബിജെപിയിൽ ചേർന്നിട്ടുണ്ടെന്ന് വെബ്സൈറ്റിൽ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

