
പിന്നാക്കം നിൽക്കുന്ന സമുദായത്തിൽ നിന്നുള്ള മിടുക്കനായ വിദ്യാർത്ഥി നിതിൻ രാജിന് നേരിടേണ്ടി വന്ന ജാതി അധിക്ഷേപം കേരളത്തിന്റെ സാമൂഹ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നിതിൻ രാജിന്റെ കുടുംബത്തിന് പാർട്ടി നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടലും നിർമ്മാണോദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെറിറ്റ് അടിസ്ഥാനത്തിൽ അഡ്മിഷൻ നേടിയ നിതിൻ രാജിന്റെ അച്ഛനെയും അമ്മയെയും അവരുടെ ജോലിയെയും കുടുംബത്തെയും ലക്ഷ്യം വെച്ചാണ് ജാതി അധിക്ഷേപം നടന്നത്. പതിറ്റാണ്ടുകളോളം നമുക്കിടയിൽ ജീവിക്കേണ്ടിയിരുന്ന, വലിയ പ്രതീക്ഷയായിരുന്ന ഒരു ചെറുപ്പക്കാരനെയാണ് നമുക്ക് നഷ്ടമായതെന്ന് ഗോവിന്ദൻ മാസ്റ്റർ അനുസ്മരിച്ചു.
വാടക വീട്ടിൽ കഴിയുന്ന നിതിന്റെ കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ പരിഗണിച്ചാണ് പാർട്ടിയും പ്രാദേശിക കമ്മിറ്റികളും ചേർന്ന് വീട് നിർമ്മിച്ച് നൽകുന്നത്. ചടങ്ങുകൾ മാത്രം നടത്തുന്നതിന് പകരം വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്ന് തന്നെ ആരംഭിച്ചു. സംഭവത്തിൽ പ്രതിയായ റാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. വെറും അന്വേഷണം പോരാ, ഒരു മാസത്തിനുള്ളിൽ തന്നെ കുറ്റപത്രം സമർപ്പിക്കണം. കോളേജിൽ നിന്ന് പുറത്താക്കിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും, ഇത്തരം പ്രവണതകൾക്കെതിരെ ഈ കേസ് ഒരു ശക്തമായ താക്കീതാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഴയ സവർണ്ണ മേധാവിത്വത്തിന്റെ കാലത്തെ ഓർമ്മിപ്പിക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അയ്യങ്കാളിയും ശ്രീനാരായണ ഗുരുവും പൊരുതി തോൽപ്പിച്ച ഇത്തരം അനാചാരങ്ങൾക്കെതിരെ കേരളം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നീതി ഉറപ്പാക്കുന്നതിനായുള്ള ഈ പോരാട്ടത്തിൽ പാർട്ടി മുൻപന്തിയിലുണ്ടാകുമെന്നും, പാർട്ടി എന്നും നിതിൻ രാജിന്റെ കുടുംബത്തോടൊപ്പം നിൽക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
ജാതി അധിക്ഷേപങ്ങളെ കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും കൃത്യമായി അന്വേഷിക്കണം. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടു വരണം. തക്കതായ ശിക്ഷ നൽകണം. ഒരു സാമ്പത്തിക സഹായവും നിതിൻ രാജിന്റെ ജീവന് പകരം ആകില്ല എന്നും അദ്ദേഹം പറഞ്ഞു. വളരെ വേഗത്തിൽ വീട് പണി പൂർത്തിയാക്കും എന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

