
സിപിഐഎം പാർട്ടി കോൺഗ്രസ് തെരഞ്ഞെടുത്ത 18 അംഗ പി ബി യിലെ 8 പേർ പുതുമുഖങ്ങളാണ്. 85 അംഗ കേന്ദ്ര കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് പുതുമുഖങ്ങളായി ടി.പി രാമകൃഷണൻ, പുത്തലത്ത് ദിനേശൻ, കെ.എസ് സലീഖ എന്നിവരുമുണ്ട്. ജോൺ ബ്രിട്ടാസ് സ്ഥിരം ക്ഷണിതാവാണ്.
നിലവിലുള്ള കേന്ദ്ര കമ്മിറ്റി രാവിലെ യോഗം ചേർന്ന് 85 അംഗ പുതിയ കേന്ദ്ര കമ്മിറ്റിയുടെ പാനൽ തയ്യാറാക്കി. പുതിയ പാനലിൽ എതിർപ്പ് പ്രകടിപ്പിച്ച് മഹാരാഷ്ടയിൽ നിന്നുള്ള ഡോക്ടർ ഡിഎൽ കാരഡ് കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് മത്സരിച്ചതോടെ തെരഞ്ഞെടുപ്പ് അനിവാര്യമായി. കാരാഡ് പരാജയപ്പെട്ടതോടെ സി.സി പാനലിലെ എല്ലാവരും തെരഞ്ഞെടുക്കപ്പെട്ടു. സിസി അംഗങ്ങളുടെ പ്രായ പരിധി 75 ആയി നിജപ്പെടുത്തിയപ്പോൾ പിണറായി വിജയൻ, ശ്രീമതി ടീച്ചർ, യൂസഫ് തരി ഗാമി എന്നിവർക്ക് ഇളവ് നൽകി. പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, മണിക് സർക്കാർ, സുഭാഷിണി അലി എന്നിവർ കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാക്കളാകും.
എ കെ ജി സെൻ്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിജു കൃഷ്ണൻ, അരുൺ കുമാർ, ബoഗാളിൽ നിന്നുള്ള ശ്രീ ദീപ് ഭട്ടാചാര്യ, തമിഴ് നാട്ടിൽ നിന്നുള്ള യു.വാസുകി, കെ.ബാലകൃഷ്ണൻ, മഹാരാഷ്ട്രയിൽ നിന്നുള്ള മറിയം ധാവളെ, ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, രാജസ്ഥാനിൽ നിന്നുള്ള കർഷക നേതാവ് അമ്രാ റാം എന്നിവരാണ് പൊളിറ്റ് ബ്യൂറോയിലെ പുതുമുഖങ്ങൾ. എം. എ ബേബി, പിണറായി വിജയൻ, എം.വി ഗോവിന്ദൻ മാസ്റ്റർ, എ വിജയരാഘവൻ, മുഹമ്മദ് സലിം, ബി.വി രാഘവലു, തപൻസെൻ, നീലോല്പൽ ബസു, ഡോ ക്ടർ രാമചന്ദ്ര ഡോം, അശോക് ധാവളെ എന്നിവരാണ് മറ്റ് പി.ബി അംഗങ്ങൾ.
ടി പി രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, കെ – എസ് സലീഖ എന്നിവരാണ് 85 അംഗ കേന്ദ്ര കമ്മിറ്റിയിലെ പുതുമുഖങ്ങൾ. പി ബി അംഗങ്ങൾക്ക് പുറമെ പി.കെ ശ്രീമതി, ഇ പി ജയരാജൻ, തോമസ് ഐസക് , കെ.കെ.ശൈലജ, എളമരം കരീം, കെ.രാധാകൃഷ്ണൻ , കെ.എൻ ബാലഗോപാൽ, പി.രാജീവ്, സതീദേവി, സി. എസ് സുജാത എന്നിങ്ങനെ കേരളത്തിൽ നിന്ന് 17 പേർ കേന്ദ്ര കമ്മിറ്റിയിൽ ഉണ്ട്. ജോൺ ബ്രിട്ടാസ് കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവാകും.5 അംഗ കംട്രോൾ കമ്മീഷനിൽ കേരളത്തിൽ നിന്ന് എം.വിജയകുമാർ ഉണ്ട്. പശ്ചിമ ബംഗാളിലെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖർജി കേന്ദ്ര കമ്മിറ്റിയിലെ പുതുമുഖമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

