ജനകീയ സമരങ്ങൾ വഴി കരുത്ത് തെളിയിച്ചവർ; പൊളിറ്റ്‌ ബ്യൂറോയിലെ എട്ട് പുതുമുഖങ്ങളെ പരിചയപ്പെടാം

സിപിഐഎമ്മിന്‍റെ ജനസ്വാധീനവും കരുത്തും വിളിച്ചറിയിക്കുന്നതായിരുന്നു 24-ാo പാർട്ടി കോൺഗ്രസ്. മധുരയെ ചെങ്കടലാക്കി നടന്ന സിപിഐഎമ്മിന്‍റെ 24-ാo പാർട്ടി കോൺഗ്രസിൽ ആണ് സിപിഐ എം പൊളിറ്റ് ബ്യൂറോയിലേക്ക് 18 അം​ഗങ്ങളെ തെരഞ്ഞെടുത്തത്. ഇതിൽ എട്ട്‌ പുതുമുഖങ്ങൾ കൂടിയുണ്ട്. ​അവർ ആരൊക്കെയെന്ന് പരിചയപ്പെടാം

വിജൂ കൃഷ്ണൻ

അഖിലേന്ത്യാ കിസാൻസഭയുടെ ജനറൽ സെക്രട്ടറിയാണ്‌ മലയാളിയായ വിജൂ കൃഷ്ണൻ. കിസാൻസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ സെക്രട്ടറിയായാണ് അദ്ദേഹം ആ പദവിയിലെത്തിയത്‌. ലക്ഷക്കണക്കിന് കർഷകരെ അവകാശസമരത്തിൽ അണിനിരത്തിയ നേതൃപാടവവും പിബിയിലേക്ക് എത്തുമ്പോൾ അദ്ദേഹത്തിന് ഒപ്പമുണ്ട്.

1995ൽ ജെഎൻയുവിൽ എസ്എഫ്ഐ പ്രവർത്തകനായാണ് അൻപത്തൊന്നുകാരനായ വിജൂ കൃഷ്ണൻ പൊതുരംഗത്തെത്തിയത്. 2004ൽ എസ്എഫ്ഐ ഡൽഹി സംസ്ഥാന സെക്രട്ടറിയും കേന്ദ്ര എക്സിക്യൂട്ടീവ് അംഗവുമായി. കാർഷിക സമ്പദ് വ്യവസ്ഥ വിഷയത്തിൽ ഡോക്ടറേറ്റ് നേടിയശേഷം ബെംഗളുരു സെന്റ് ജോസഫ് കോളേജ് പൊളിറ്റിക്കൽ സയൻസ് ബിരുദാനന്തരബിരുദ വിഭാഗം മേധാവിയായി. 2008 ൽ അധ്യാപനം അവസാനിപ്പിച്ച് ഇന്ത്യൻ കർഷകരുടെ പ്രശ്ന‌ങ്ങൾ ഏറ്റെടുത്ത് പൊതുരംഗത്ത് സജീവമായി. 2009 മുതൽ കിസാൻസഭ മുഴുവൻസമയ പ്രവർത്തകനായി. വിവിധ സംസ്ഥാനങ്ങളിലെ കർഷകരെ സംഘടിപ്പിച്ച് സമരങ്ങളുടെ മുൻനിരയിലെത്തി. 2018ൽ മഹാരാഷ്ട്രയിൽ നടന്ന കിസാൻ ലോങ് മാർച്ച് മുതൽ ഡൽഹി കർഷകപ്രക്ഷോഭം വരെയുള്ള സമരങ്ങളിൽ മുഖ്യനേതൃത്വം വഹിച്ചു. വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയനിൽ അഫിലിയറ്റ് ചെയ്ത ട്രേഡ് യൂണിയൻ ഇന്റർനാഷണൽ ഇൻ അഗ്രികൾച്ചറിന്റെ സെക്രട്ടറിയറ്റ് അംഗമാണ്. കണ്ണൂർ കരിവെള്ളൂരിലെ ഡോ. പി കൃഷ്ണന്റെയും വൈക്കത്ത് ശ്യാമളയുടെയും മകനാണ്. സമതയാണ് ഭാര്യ. മകൾ: റിയ.

യു വാസുകി

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ വൈസ്‌ പ്രസിഡന്റാണ്‌ തമിഴ്‌നാട്‌ സ്വദേശിയായ യു വാസുകി. ബിരുദ പഠനത്തിന്‌ ശേഷമാണ്‌ സിപിഐ എമ്മിൽ സജീവമാകുന്നത്‌. ബാങ്ക്‌ ഉദ്യോഗസ്ഥയായ വാസുകി 2000ൽ ജോലി ഉപേക്ഷിച്ച്‌ മുഴുവൻ സമയ പൊതുപ്രവർത്തകയായി. മുൻ സിപിഐ എം നേതാക്കളായ ആർ ഉമാനാഥിയും പാപ്പ ഉമാനാഥിന്റേയും മകളാണ്‌.

മറിയം ധാവ്‌ളെ

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജനറൽ സെക്രട്ടറിയാണ്‌ മഹാരാഷ്ട്ര സ്വദേശിയായ മറിയം ധാവ്ളെ. ഗോത്രമേഖലയിലെ സ്ത്രീ അവകാശങ്ങൾക്കായി സജീവമായി രംഗത്തിറങ്ങുന്ന ജനകീയ നേതാവാണ് ധാവ്ളെ. 1979ൽ എസ്എഫ്ഐയിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. 1988ൽ മഹാരാഷ്ട്രയിലെ എസ്എഫ്ഐ യുടെ ആദ്യ വനിതാ സെക്രട്ടറിയായി. 1994ൽ മഹിളാ അസോസിയേഷൻ അംഗമായി. താനെ ജില്ലയിൽ ഗോത്രവർഗക്കാർക്കിടയിൽ സജീവമായി പ്രവർത്തിച്ച് അവരുടെ അവകാശങ്ങൾക്കായി നിലകൊണ്ടു. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം അശോക് ധാവ്ളെയാണ് ഭർത്താവ്. മുംബൈയിലെ വിൽസൺ കോളേജിൽ നിന്നാണ് ബിരുദം നേടിയത്.

ജിതേന്ദ്ര ചൗധരി

സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറിയാണ്‌ ജിതേ​ന്ദ്ര ചൗധരി. 66കാരനായ ജിതേ​ന്ദ്ര ചൗധരി ത്രിപുരയിലെ പ്രതിപക്ഷ നേതാവ്‌ കൂടിയാണ്‌. ആദിവാസി അ​ധികാർ രാഷ്ട്രീയ മഞ്ചിന്റെ ദേശീയാധ്യക്ഷനായും പ്രവർത്തിക്കുന്നു. 1993 മുതൽ 2014 വരെയുള്ള കാലഘട്ടത്തിലെ ദശരഥ്‌ ദേബ്‌, മണിക്‌ സർക്കാർ മന്ത്രിസഭകളിൽ വനം, കായിക, വ്യവസായ– വാണിജ്യ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്‌. 2014–19 കാലയളവിൽ ത്രിപുര ഈസ്റ്റ്‌ മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ ലോക്‌സഭയിലുമെത്തി.

ആർ അരുൺകുമാർ

സിപിഐ എം ആസ്ഥാനമായ ഡൽഹി എ കെ ജി ഭവനിൽ വിദേശകാര്യവിഭാഗം സഹചുമതലക്കാരനാണ്‌ ആർ അരുൺകുമാർ. അവിഭക്ത ആന്ധ്രപ്രദേശിലെ വിദ്യാർഥി പ്രക്ഷോഭങ്ങളിലൂടെയാണ്‌ അരുൺകുമാർ പൊതുപ്രവർത്തന രംഗത്തെത്തിയത്‌. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിക്കവെ നടന്ന ഹോസ്‌റ്റൽ സമരങ്ങൾ നയിച്ചു. ഈ സമരങ്ങൾ സർക്കാരിനെ മുട്ടുകുത്തിക്കുകയും ചെയ്തു. ആന്ധ്രപ്രദേശിലായിരിക്കെ ബഹുജന സമരങ്ങളിലും സജീവമായിരുന്നു. വൈദ്യുതി ചാർജ് വർധനവിനെതിരെ വിവിധ പാർട്ടികൾ നടത്തിയ സമരങ്ങളുടേയും ഭാഗമായി.

എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായതോടെയാണ്‌ അരുൺകുമാർ പ്രവർത്തന കേന്ദ്രം ഡൽഹിയിലേക്ക്‌ മാറ്റുന്നത്‌. സിഐടിയു അഖിലേന്ത്യ പ്രസിഡന്റ്‌ ഡോ. കെ ഹേമലതയുടെയും ഡൽഹിയിലെ സിപിഐ എം പ്രവർത്തകൻ ശ്യാംസുന്ദറിന്റെയും മകനാണ്‌. പീപ്പിൾസ്‌ ഡെമോക്രസിയിലെ മാധ്യമപ്രവർത്തക മമതയാണ്‌ ഭാര്യ. മകൻ അർണവ്‌.

കെ ബാലകൃഷ്ണൻ

സിപിഐ എം തമിഴ്‌നാട്‌ മുൻ സംസ്ഥാന സെക്രട്ടറിയായ കെ ബാലകൃഷ്‌ണൻ 1970കളിൽ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് പ്രവേശിച്ചത്. വിദ്യാർഥി സമരത്തെ തുടർന്ന് അണ്ണാമല സർവകലാശാലയിൽനിന്ന് പുറത്താക്കി. 1972ൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി. 1982 മുതൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായ അദ്ദേഹം 1989 മുതൽ കടലൂർ ജില്ലാസെക്രട്ടറിയായും പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഒളിവിൽ പ്രവർത്തിച്ചു. കർഷകസംഘം സംസ്ഥാന പ്രസിഡന്റായി. 2011ൽ ചിദംബരത്തുനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സിപിഐ എം ചീഫ് വിപ്പായിരുന്നു.

ശ്രീദീപ്‌ ഭട്ടാചാര്യ

പശ്ചിമ ബംഗാളിൽ നിന്നുള്ള സിപിഐ എം നേതാവാണ്‌ ശ്രീദീപ്‌ ഭട്ടാചാര്യ. ഹൗറ ജില്ലാക്കാരനാണ്. ഷിപ്പൂർ എഞ്ചിനിയറിങ് കോളേജിൽനിന്ന് റാങ്കോടുകൂടി പാസായി. എസ്എഫ്ഐയിലൂടെയാണ് പൊതുരം​ഗത്തേക്ക് കടന്നുവന്നത്. സിപിഐ എം പശ്ചിമബം​ഗാൾ സംസ്ഥാന സെക്രട്ടറിയറ്റം​ഗമാണ്. പഠനം പൂർത്തായാക്കിയയുടനെ പാർടിയുടെ മുഴുവൻ സമയപ്രവർത്തകനായി. ബം​ഗാളിലെ ജനകീയ ശാസ്ത്ര മൂവ്മെന്റിലെ പ്രധാന സംഘാടകനുമാണ്.

അംറാ റാം

സിപിഐ എം രാജസ്ഥാൻ സംസ്ഥാന സെക്രട്ടറിയാണ്‌ അംറാ റാം. സിക്കറിൽ നിന്നുള്ള ലോക്‌ സഭാംഗവുമാണ്‌. 2013 മുതൽ 2017 വരെയുള്ള കാലയളവിൽ അഖിലേന്ത്യാ കിസാൻ സഭയുടെ ദേശീയ അധ്യക്ഷനായിരുന്നു. നിലവിൽ സംഘടനയുടെ വൈസ്‌ പ്രസിഡന്റാണ്‌. 2011ൽ രാജസ്ഥാൻ സർക്കാരിന്റെ മികച്ച എംഎൽഎയ്‌ക്കുള്ള അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ്‌ പൊതുപ്രവർത്തന രംഗത്തേക്കുള്ള അംറ റാമിന്റെ കടന്നുവരവ്‌. 2017ൽ സിക്കറിൽ തുടങ്ങിയ കർഷക സമരത്തിൽ നിർണായക പങ്ക് വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News