
ഗാസയിൽ ഇസ്രയേല്‍ ഉടനടി സൈനിക നീക്കങ്ങള്‍ അവസാനിപ്പിച്ച് രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ തുടരണമെന്ന് സിപിഐ എം പിബി. എല്ലാ പാര്‍ട്ടി യൂണിറ്റുകളിലും ഇസ്രായേല്‍ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധം നടത്തണമെന്നും എത്രയും പെട്ടെന്ന് വെടിനിര്‍ത്തലിലൂടെ പ്രദേശത്ത് സമാധാനം കൊണ്ടുവരണമെന്നും പിബി പ്രസ്താവനയില്‍ വ്യക്തമാക്കി.
ഒറ്റ ദിവസം കൊണ്ട് കുട്ടികളും സ്ത്രീകളുമടക്കമുള്ള 400 പേരെ കൂട്ടക്കൊല ചെയ്ത ഇസ്രായേലിന്റെ നടപടിയില്‍ പിബി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിദ്വേഷം അവസാനിപ്പിച്ച് സമാധാനം പുലരുന്നതിനായി തുടങ്ങിവച്ച രണ്ടാമത് വെടിനിര്‍ത്തല്‍ കരാറില്‍ നിന്നും ഇസ്രായേല്‍ പിന്നോട്ടുപോകുന്ന കാഴ്ചയാണ് ഈ കുറ്റകരമായ പ്രവൃത്തിയിലൂടെ ഇസ്രയേല്‍ നടത്തിയത്. മാര്‍ച്ച് രണ്ട് മുതല്‍ ഗാസയിലേക്കുള്ള അവശ്യവസ്തുക്കളായ ഭക്ഷണം, ഇന്ധനം, വെള്ളം, മരുന്ന് എന്നിവയെല്ലാം അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അക്രമം.
ഇസ്രയേല്‍ അതിക്രമം കണ്ടില്ലെന്ന് നടിക്കുന്ന ട്രംപ് ഭരണകൂടം ഗാസയെ തകര്‍ത്ത് തരിപ്പണമാക്കി പട്ടിണിക്കിടാനാണ് ശ്രമിക്കുന്നത്. ഇസ്രയേല്‍ അതിക്രമത്തിനെതിരെ മോദി സര്‍ക്കാര്‍ ശക്തമായി രംഗത്തുവരണം. ഗാസയിലെ മുഴുവന്‍ മനുഷ്യരും കൂട്ടക്കുരുതിക്കും പട്ടിണിക്കും വിധേയരാകവെ ഇനിയും മോദി സര്‍ക്കാരിന് നിശബ്ദമായിരിക്കാന്‍ സാധിക്കുകയില്ലെന്നും സിപിഐ എം പിബി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here