
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആനാട് ശശിയുടെ ആത്മഹത്യയില്‍ കോണ്‍ഗ്രസിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് സി പി ഐ എം. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സംഘത്തില്‍ നിന്നും നിക്ഷേപതുക തിരികെ ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് ആനാട് ശശി ആത്മഹത്യ ചെയ്തത്.
അദ്ദേഹത്തിൻ്റെ മരണത്തിൽ ഇതുവരെയും ഒരു മറുപടിയും നല്‍കാത്ത കോണ്‍ഗ്രസ് ഭരണസമിതിക്കെതിരെ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് സി പി ഐ എം. ഇതിന്റെ ഭാഗമായി നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടന്നു. ജില്ലാ സെക്രട്ടറി വി ജോയ് എം എല്‍ എ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.
ആനാട് ശശിയെ മരണത്തിലേക്ക് തള്ളിവിടുകയും കോടികളുടെ തട്ടിപ്പ് നടത്തുകയും ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് വി ജോയി ആവശ്യപ്പെട്ടു. തട്ടിപ്പ് നടത്തിയവരുടെ സമ്പാദ്യം കണ്ടുകെട്ടുക, നഷ്ടപ്പെട്ട തുക ആനാട് ശശിയുടെ കുടുംബത്തിന് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. വരുംദിവസങ്ങളിലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് സി പി ഐ എം തീരുമാനം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മലയാള മനോരമ ദിനപത്രത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആനാട് ശശി ആത്മഹത്യ ചെയ്യുന്നത്. അരുവിക്കര മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘത്തില്‍ ആയിരുന്നു ഒന്നരക്കോടിയിലധികം രൂപ ആനാട് ശശി നിക്ഷേപിച്ചിരുന്നത്. നിക്ഷേപത്തുക തിരികെ നല്‍കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഭരണ തലപ്പത്തുള്ള കോണ്‍ഗ്രസ് ഇതിനു തയ്യാറായിരുന്നില്ല. തുക തിരികെ ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് ആനാട് ശശി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

