
സംസ്ഥാന സെക്രട്ടറിയേറ്റിൽ നടന്ന ചർച്ചകളെക്കുറിച്ച് ചില മാധ്യമങ്ങൾ നൽകുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ അപ്രതീക്ഷിത പരാജയത്തെക്കുറിച്ച് വിശദമായ ചർച്ചകളാണ് സെക്രട്ടറിയേറ്റിൽ നടന്നത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കി മുന്നോട്ടുപോയ സംസ്ഥാന സർക്കാരിന് തുടഭരണം ഉണ്ടാകുമെന്നാണ് പാർട്ടി പ്രതീക്ഷിച്ചിരുന്നത്. ഇത് എന്തുകൊണ്ട് സാധ്യമായില്ല എന്ന പ്രശ്‌നം വിശദമായി പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യുകയുണ്ടായി. വന്ന പോരായ്‌മകളെ സംബന്ധിച്ച് വിമര്‍ശനപരവും, സ്വയം വിമര്‍ശനപരവുമായ ചര്‍ച്ചകള്‍ സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടായി.
ഏതെങ്കിലും വ്യക്തികളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകളായിരുന്നില്ല ഉയര്‍ന്നുവന്നത്. വന്ന പോരായ്‌മകള്‍ പാര്‍ടിയിലുടനീളം പരിശോധിച്ച് ആവശ്യമായ തിരുത്തല്‍ വരുത്താന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യകണ്‌ഠേന തീരുമാനിച്ചു. ശരിയായ പരിശോധന നടത്തി മുന്നോട്ടുപോയാല്‍ ഈ പരാജയത്തെ അതിജീവിക്കാന്‍ കഴിയുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.
പാര്‍ടി സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യകണ്‌ഠേനയെടുത്ത ഇത്തരം തീരുമാനങ്ങളെ ഇകഴ്‌ത്തിക്കാണിക്കാനും, പാര്‍ടിക്കകത്ത് വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് ഇത്തരം മാധ്യമങ്ങള്‍ നടത്തുന്നത്. പാര്‍ടിക്കെതിരായി വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന കള്ളക്കഥകളുടെ മറ്റൊരു മുഖമാണ് ഇതിലൂടെ പുറത്തുവരുന്നത്. ഇത്തരം പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

