
ആളൂരിലേത് പൊലിസ് വരുത്തി വച്ച അപകടമായതിനാൽ മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ കുട്ടിക്ക് അടിയന്തര ചികിത്സാ സഹായവും നൽകണമെന്ന് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ്. മനുഷ്യത്വ വിരുദ്ധവും നിയമ വിരുദ്ധവുമായ കൃത്യവിലോപമാണ് പൊലീസിൽ നിന്ന് ഉണ്ടായതെന്ന് സിപിഐഎം പറഞ്ഞു. എന്തുകൊണ്ടാണ് അപകടം നടന്ന ഉടനെ പൊലീസ് സംവിധാനം ഉണർന്നു പ്രവർത്തിക്കാതിരുന്നതെന്നും കുട്ടികളെ ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് ജീപ്പ് ഉപയോഗിക്കുകയോ ആംബുലൻസ് വരുത്തുകയോ ചെയ്തില്ലെന്നും സിപിഐഎം ചുണ്ടിക്കാണിച്ചു. തൊട്ടടുത്ത് സെന്റ് ജെയിംസ് ആശുപത്രി
ഉണ്ടായിട്ടും 15 മിനിറ്റ് പരുക്കേറ്റ കുട്ടികൾ റോഡിൽ ചോര വാർന്ന് കിടക്കേണ്ടി വന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും സിപിഐഎം പറഞ്ഞു.
സംസ്ഥാന സർക്കാരും ആഭ്യന്തര വകുപ്പും ഈ സംഭവം നടന്നിട്ടും മനുഷ്യത്വ വിരുദ്ധമായ നിലപാട് തുടരുകയാണ്. ചുമതലപ്പെട്ട ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഇതുവരെ കുട്ടികളുടെ വീട്ടിൽ ഒന്ന് വരികയോ അവരോട് സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും സിപിഐഎം പറഞ്ഞു. ഓപ്പറേഷൻ തൂഫാനിൽ മേനി നടിക്കുന്ന ആഭ്യന്തര വകുപ്പ് മന്ത്രി ഈ കുടുംബാംഗങ്ങളെ ഇതുവരെ ബന്ധപ്പെട്ടില്ല. പൊലീസ് ഉദ്യോഗസ്ഥർക്ക് എന്തോ മറച്ചു വയ്ക്കാനുള്ള വ്യഗ്രതയാണ് അടിമുടി ദൃശ്യമായത്. ഇത്തരമൊരു സാഹചര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടുന്നില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർത്തിക്കൊണ്ട് വരുമെന്നും സിപിഐഎം വ്യക്തമാക്കി.
ജൂൺ 15 ന് ആളൂർ ആനത്തടത്ത് വെച്ച് അമിത വേഗതയിൽ വന്ന ഇരിങ്ങാലക്കുട ഏസിപിയുടെ ഡാൻസാഫ് സ്ക്വാഡ് സഞ്ചരിച്ച ബൊലേറൊ ജീപ്പ് കുട്ടികൾ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടികൾ തെറിച്ചു വീണു. പണിക്കപ്പറമ്പിൽ ജൂവിൻ (16), തയ്യിൽ അനന്തകൃഷ്ണൻ (18) എന്നീ വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരുക്കേറ്റു. ചോരയിൽ കുളിച്ചു കിടന്ന കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് തയ്യാറായില്ല. പതിനഞ്ചു മിനിറ്റിലേറെ സമയം രക്തം വാർന്ന് കുട്ടികൾ തെരുവിൽ കിടന്നു. പിന്നീട് സ്വകാര്യ വാഹനത്തിലാണ് ഓടി കൂടിയ നാട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോയത്.
Also Read: വീണ്ടും ചികിത്സാപ്പിഴവ്,നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ രോഗിക്ക് ഗുളിക മാറി നൽകി
ജൂവിൻ ജൂൺ 23 ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. അനന്തകൃഷ്ണൻ കൊച്ചിയിലെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

