
യുഡിഎഫിന്‍റെ വർഗീയ കൂട്ടുകെട്ടിനെയും മാധ്യമ നുണപ്രചാരണങ്ങളെയും മറികടന്ന് തിളങ്ങുന്ന വിജയമാണ് തദ്ദേശ സ്വയം ഭരണ ഉപതെര ഞെഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വന്തമാക്കിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സീറ്റിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അതിൽ 17 എണ്ണം എൽഡിഎഫ് വിജയിച്ചു. യുഡിഎഫിന് 12 ഇടത്ത് മാത്രമാണ് വിജയിക്കാനായത്. ബിജെപിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല. 7 മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കോൺഗ്രസ് പിന്തുണയോടെ ഒരു എസ്ഡിപിഐ സ്ഥാനാർത്ഥിക്കും വിജയിക്കാനായി.
വിജയിച്ച പല വാർഡുകളിലും യുഡിഎഫ് നേടിയതിന്‍റെ പല മടങ്ങ് വോട്ട് നേടിയാണ് എൽഡിഎഫ് വിജയിച്ചത്. തിരുവനന്തപുരം പാങ്ങോട് ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് സിറ്റിംഗ് സീറ്റായ പുലിപ്പാറ വാർഡ് കോൺഗ്രസ് വോട്ടുനേടി എസ്ഡിപിഐ വിജയിച്ചു. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കോൺഗ്രസ് എത്രത്തോളം വർഗ്ഗീയ ശക്തികൾക്ക് അടിപ്പെട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും സിപിഐഎം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം കോർപറേഷനിലെ ശ്രീവരാഹം വാർഡിൽ 2020-ൽ 408 വോട്ട് നേടിയ കോൺഗ്രസ് ഇക്കുറി 277 വോട്ടിലേക്ക് ചുരുങ്ങി. കോൺഗ്രസിന് കുറഞ്ഞ വോട്ടുകൾ ബിജെപി യുടെ വോട്ട് വർധനവായി മാറി. ഈ വാർഡിൽ 1358 വോട്ട് നേടിയാണ് ഇടതുപക്ഷ സ്ഥാനാർഥി വിജയിച്ചത്. പ്രതിപക്ഷത്തിന്‍റെ വികസന വിരുദ്ധ നിലപാടിനും വർഗീയ കക്ഷികളോടുള്ള ബാന്ധവത്തിനുമെതിരെ ജനം വിധിയെഴുതിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. വയനാട് ദുരന്തം ബാധിതരെപ്പോലും പരിഗണിക്കാതെ കേരളത്തോട് ശത്രുതാപരമായ സമീപനം സ്വീകരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരേയുള്ള വിധി കൂടിയാണിത്.
മാധ്യമങ്ങളുടെ പ്രചരണങ്ങളെ ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങിയെന്നതിന്‍റെ തെളിവ് കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. കേരളത്തിലെ എൽഡിഎഫ് സർക്കാരിന് ജനങ്ങൾ വലിയ തോതിലുള്ള പിന്തുണ നൽകുന്നുണ്ടെന്ന കാര്യം വീണ്ടും തെളിയിക്കുകയാണ് തെരഞ്ഞെടുപ്പ് ഫലം. എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ നടപടികൾക്കും, മതനിരപേക്ഷതയിൽ ഉറച്ചുനിന്ന സമീപനത്തിനുമുള്ള അംഗീകാരം കൂടിയാണ് ഈ തെരഞ്ഞെടുപ്പിലൂടെ ഉണ്ടായത്. എൽഡിഎഫിന് അനുകൂലമായി വിധിയെഴുതിയ മുഴുവൻ ജനങ്ങളേയും പാർടി സംസ്ഥാന സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

