ഏക സിവിൽകോഡിനെതിരെ സിപിഐഎം സെമിനാർ ഇന്ന് കോഴിക്കോട് നടക്കും

രാജ്യത്തെ ഒരുസംസ്ഥാനത്ത് കലാപം കത്തുമ്പോള്‍ ഒന്നും മിണ്ടാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി യൂണിഫോം സിവില്‍ കോഡ് ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ടത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു. കോണ്‍ഗ്രസ് വിഷയത്തില്‍ ഒരു വ്യക്തമായ നിലപാട് പോലും പറയാതെ ഒളിച്ചു കളിക്കുമ്പോള്‍ ദേശീയപാര്‍ട്ടിയെന്ന നിലയില്‍ യൂണിഫോം സിവില്‍ കോഡിനെതിരെ പ്രതിഷേധത്തിന്‍റെ ശബ്ദം ഉയര്‍ത്തുകയാണ് സിപിഐഎം. വിശാല പ്രതിപക്ഷ ഐക്യത്തിന് വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തെ എതിര്‍ക്കാനുള്ള കരുത്ത് കൂടിയാവുകയാണ് സെമിനാര്‍ ഉള്‍പ്പെടെയുള്ള സിപിഐഎം പ്രതിരോധങ്ങള്‍.ഇന്ന് വൈകീട്ട് നാല് മണിക്ക് കോഴിക്കോട് എരഞ്ഞിപ്പാലം സരോവരം കൺവെൻഷൻ സെന്ററിൽ നടക്കുന്ന സെമിനാർ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പ്രമുഖ രാഷ്ട്രീയ – മത – സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.

രാജ്യം ചർച്ച ചെയ്യാതെ വീട്ടി വച്ചിരുന്ന സിവിൽ കോഡ് വിഷയം വീണ്ടും ചർച്ചയാക്കിയത് നരേന്ദ്രമോദിയാണ്. ക്ഷേത്രവും കാശ്മീരും പോലെ വർഗീയ ധ്രുവീകരണത്തിന് സംഘപരിവാരം എന്നും ഉപയോഗിച്ചുവന്ന വിഷയം. ഇപ്പോൾ നടപ്പാക്കേണ്ടതില്ലെന്ന് 21-ാം ലോ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് രാജ്യം മുഴുവൻ മറന്ന വിഷയം. 2024ലെ പൊതു തെരഞ്ഞെടുപ്പിന്റെ തലേവർഷം തന്നെ അതിൽ വീണ്ടും ഒരു ചർച്ച നടത്താൻ ബിജെപി തയ്യാറെടുത്തത് ഈ ധ്രുവീകൃത വോട്ട് മുന്നിൽ കണ്ടാണെന്ന് വ്യക്തം. രാജ്യത്തെ ഭിന്നിപ്പിച്ച് നേട്ടമെടുക്കാനുള്ള ബിജെപി നീക്കത്തെ മതനിരപേക്ഷത ഉപയോഗിച്ച് പ്രതിരോധിക്കാൻ തയ്യാറെടുക്കുകയാണ് സിപിഐഎം. സംഘപരിവാരത്തിന്റെ വർഗീയ രാഷ്ട്രീയത്തെ ജീവൻ പോയാലും എതിർത്ത് തോൽപ്പിച്ച് പരിചയമുള്ളവരുടെ വഴി അതാണ്.

കലാപം നടമാടുന്ന മണിപ്പൂരിനെ പറ്റി ഒരക്ഷരം പോലും മിണ്ടാതെ ഗോത്രവിഭാഗങ്ങളെയും ക്രിസ്ത്യൻ മതവിശ്വാസികളെയും ഒഴിവാക്കി നൽകുമെന്ന് പ്രഖ്യാപനം വന്നുകഴിഞ്ഞു. അതുകൊണ്ട് സിവിൽ കോഡ് ചർച്ച ചിലരെ പേടിപ്പിക്കാനും ചിലരെ പ്രീണിപ്പിക്കാനും വേണ്ടിയുള്ളതാണെന്ന് വ്യക്തം. ദില്ലിയിൽ ഒരു നയവും കേരളത്തിൽ മറ്റൊരു നയവും തുടരുന്ന കോൺഗ്രസ് ബിജെപി തന്ത്രത്തെ നേരിടാൻ അശക്തരെന്ന് വ്യക്തമാക്കി കഴിഞ്ഞു. അതുകൊണ്ട് ഭരണകൂടം അരികുവൽക്കരിക്കാനും ആട്ടിപ്പുറത്താക്കാനും നോക്കുമ്പോൾ മനുഷ്യർക്ക് ഉറപ്പോടെ പിടിക്കാൻ കൊടിക്കാല് ഒന്നു മാത്രമാണ് ബാക്കി. ഇതിനിടയിൽ ഇടതുവിരുദ്ധത എത്ര എണ്ണയിട്ട് അച്ച് വാർത്താലും സിപിഐഎം ഇന്ന് നടത്തുന്ന സെമിനാറും അതിലൂടെ മുറുകെപ്പിടിക്കുന്ന രാഷ്ട്രീയവും കേരളം ഏറ്റെടുക്കുക തന്നെ ചെയ്യും.

Also Read: നരേന്ദ്ര മോദിയെപ്പോലെ ഒരാള്‍ പി ആര്‍ എക്‌സര്‍സൈസ് ആയി പുലികളിക്കിറങ്ങുന്നത് തികച്ചും അനാശാസ്യമാണ്; എം എ ബേബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here