
ബ്രഹ്‌മപുരത്ത് മന്ത്രി എം ബി രാജേഷ് ക്രിക്കറ്റ് കളിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയതോതില്‍ വൈറലായത് നാം കണ്ടതാണ്. മാസങ്ങള്‍ക്ക് മുമ്പ് ബ്രഹ്‌മപുരത്തെ മാലിന്യമലയും തീപിടുത്തവുമൊക്കെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വാര്‍ത്തയായിരുന്നു. അന്ന് രാഷ്ട്രീയ എതിരാളികളും വലതുപക്ഷ മാധ്യമങ്ങളും ഈ വിഷയം സര്‍ക്കാരിനെതിരെ തിരിക്കാനാണ് വ്യഗ്രത കാട്ടിയത്. പിന്നീട് ക്രിക്കറ്റ് കളിക്കാന്‍പാകത്തിന് മനോഹരമായ ഇടമായി മാറിയപ്പോള്‍ ഈ വലതുപക്ഷമാധ്യമങ്ങള്‍ അതിന് എത്രത്തോളം പ്രാധാന്യം നല്‍കിയെന്നും നമുക്ക് അറിയാം. ഇത്തരത്തില്‍ മാറിയ മറ്റൊരു സ്ഥലമുണ്ട്. കൊല്ലം ജില്ലയിലെ കുരീപ്പുഴ ചണ്ടി ഡിപ്പോ. ഇപ്പോഴത് ഫുട്‌ബോള്‍ കളിക്കാനും ഓണത്തിന് ചെണ്ടിമല്ലിപ്പൂ കൃഷി ചെയ്യാനും പറ്റിയ രീതിയില്‍ മാറിയിരിക്കുന്നു. ഇതെല്ലാം സാധ്യമായത് കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ ഇച്ഛാശക്തിയും കൃത്യമായ നയപരിപാടികളുമാണെന്ന് രാഷ്ട്രീയ എതിരാളികള്‍ക്കുപോലും സമ്മതിക്കേണ്ടി വരും.
ബ്രഹ്‌മപുരവും കുരീപ്പുഴയും വിളപ്പില്‍ശാലയും ഞെളിയന്‍പറമ്പുമൊക്കെ ഒരുകാലത്ത് കേരളത്തിലെ പ്രധാന നഗരങ്ങളിലെ മാലിന്യമലകളായിരുന്നു. എന്നാല്‍ 2015 ല്‍ സിപിഐഎമ്മിന്റെയും പിന്നീട് വന്ന ഇടത് സര്‍ക്കാരുകളുടെയും നേതൃത്വത്തില്‍ ആരംഭിച്ച ജനകീയ ശുചിത്വ ക്യാമ്പയിന്‍ ഫലപ്രാപ്തിയിലേക്ക് എത്തിയതോടെ മേല്‍പ്പറഞ്ഞ മാലിന്യമലകളൊക്കെ അതിശയിപ്പിക്കുന്ന വേഗത്തില്‍ അപ്രത്യക്ഷമായി. മാലിന്യമുക്ത കേരളത്തിനായുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി മുന്നോട്ടുപോകുന്നുണ്ട്. നവകേരളസൃഷ്ടിക്കായി മാലിന്യ മുക്തമായ സംസ്ഥാനമെന്ന പദവി കൈവരിക്കേണ്ടത് അനിവാര്യതയാണെന്നും പ്രമേയത്തിന്റെ വിശദാശംങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ അവതരിപ്പിച്ച എംവി ഗോവിന്ദന്‍ മാസ്റ്റര്‍ കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
Also Read : ‘കടലോരത്ത് അന്തിവെയിൽ ചെമ്പട്ട് വിരിച്ച്’ സിദ്ദിഖിന്‍റെ തൂലികയിൽ പിറവികൊണ്ട അവതരണഗാനം
കൃത്യമായ ആസൂത്രണത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് കുരീപ്പുഴ ചണ്ടിഡിപ്പോയെ അടിമുടി മാറ്റിയത്. ഒരുകാലത്ത് മാലിന്യകൂമ്പാരമായിരുന്നു കുരീപ്പുഴ ചണ്ടിഡിപ്പോ. മാലിന്യം കുമിഞ്ഞുകൂടി അഷ്ടമുടിക്കായലിലേക്ക് ഇറങ്ങി. ഇതോടെ ഹരിത ട്രിബ്യൂണല്‍ കോടികള്‍ പിഴ ചുമത്തി. എന്നാല്‍ കോര്‍പറേഷന്റെ ദ്രുതഗതിയിലുള്ള ഇടപെടലിലൂടെ കുരീപ്പുഴ ചണ്ടിഡിപ്പോ ക്ലീനാക്കുകയായിരുന്നു. മാലിന്യങ്ങള്‍ തരംതിരിച്ചു. 200 ടണ്‍ പ്ലാസ്റ്റിക് മാലിന്യം അവിടെനിന്ന് നീക്കി. ഇത് ഗ്രീന്‍ കേരള കമ്പനിയാണ് കൊണ്ടുപോയത്. ഇപ്പോള്‍ എട്ട് ഏക്കറോളം വരുന്ന ഈ പ്രദേശം വളരെ മനോഹരമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. അമ്പതോളം കടവുകള്‍ അഷ്ടമുടിക്കായലിനോട് ചേര്‍ന്ന് നിര്‍മിച്ചിട്ടുണ്ട്. അഷ്ടമുടിക്കായലുമായി ബന്ധപ്പെട്ട് ടൂറിസം വികസനത്തിനായി മ്യൂസിക്കല്‍ഫൌണ്ടെയ്ന്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു. കഴിഞ്ഞ ഓണക്കാലത്ത് ഇവിടെ ചെണ്ടുമല്ലിപ്പൂ കൃഷിചെയ്തും കോര്‍പറേഷന്‍ വരുമാനം നേടിയിരുന്നു.
കുരീപ്പുഴയിലും ബ്രഹ്‌മപുരത്തുമൊക്കെ അതിശയകരമായ ഈ മാറ്റത്തിന് ചുക്കാന്‍ പിടിച്ചത് ഇക്കാര്യത്തില്‍ സിപിഐഎം മുന്നോട്ടുവെക്കുന്ന കൃത്യമായ നയസമീപനം തന്നെയാണ്. മാലിന്യമുക്ത നവകേരളത്തിനായി അണിചേരാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സി പി ഐ എം സംസ്ഥാന സമ്മേളനത്തിന് മുമ്പാകെ വന്ന ഒരു പ്രമേയമാണ് ഈ ഘട്ടത്തില്‍ കൂടുതല്‍ പ്രസക്തമാകുന്നത്. കേരളത്തിന്റെ സുസ്ഥിര വികസനത്തിനായി മാലിന്യ രഹിത കേരളമെന്ന ലക്ഷ്യത്തിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാര്‍ച്ച് 30ന് സമ്പൂര്‍ണ മാലിന്യമുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കണമെന്ന് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടുന്നു.
മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് എതിരെ എതിര്‍പ്പുയര്‍ത്തുന്ന പ്രവണത ജനങ്ങളെ ബോധവത്കരിച്ച് മറികടക്കണമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതിനെതിരായ ബോധവത്കരണം ശക്തിപ്പെടുത്തണം. മാര്‍ച്ച് 19 മുതല്‍ 22 വരെ ഇ എം എസ്- എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി ലോക്കല്‍ കമ്മറ്റികള്‍ മാലിന്യം കിടക്കുന്ന പൊതു ഇടങ്ങള്‍ കണ്ടെത്തണം. അവിടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് സൗന്ദര്യവത്കരിക്കണം. ഇതിന്റെ ചിത്രങ്ങള്‍ സി പി ഐ എം ക്ലീന്‍ കേരള എന്ന ഹാഷ്ടാഗോടെ സമൂഹ മാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്യണം. മാര്‍ച്ച് 30ന് കേരളം മാലിന്യമുക്തമാണെന്ന് ഉറപ്പ് വരുത്തണമെന്നും പ്രമേയം ആഹ്വാനം ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

