കൊല്ലം ജില്ലയിലെ കഴിഞ്ഞ സമ്മേളനത്തിന് ശേഷം വന്ന ആറ് സര്‍ക്കാരുകളില്‍ നാലും ഇടതുപക്ഷത്തിന്റേത് !

കൊല്ലം തൊഴിലാളിവര്‍ഗ വിപ്ലവ പ്രസ്ഥാനത്തിന് ശക്തമായ അടിവേരുള്ള ജില്ലയാണ്. പരമ്പരാഗത തൊഴിലാളികളാണ് ജില്ലയിലെ പുരോഗമന പ്രസ്ഥാനത്തിന് കരുത്തേകുന്നത്. മൂന്ന് പതിറ്റാണ്ടിന് ശേഷം വിരുന്നെത്തിയ സംസ്ഥാന സമ്മേളനത്തെ നെഞ്ചോടടക്കി പിടിക്കുകയാണ് കൊല്ലം ജനത. നാടും നഗരവും ഉല്‍സവ ലഹരിയിലാണ്. ഇത് മൂന്നാം തവണയാണ് കൊല്ലം നഗരം സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. 1971ലും 1995ലുമാണ് ഇതിന് മുമ്പ് കൊല്ലത്ത് സിപിഐഎം സംസ്ഥാന സമ്മേളനം നടന്നത്.

1995ലെ കൊല്ലം സംസ്ഥാന സമ്മേളനത്തിന് ശേഷം കേരളത്തില്‍ ഭരണത്തിലെത്തിയ ആറ് സര്‍ക്കാരുകളില്‍ നാലെണ്ണവും ഇടതുപക്ഷത്തിന്റേതാണ്. അന്നത്തെ കൊല്ലം സമ്മേളനം പാര്‍ട്ടിക്കേകിയ കരുത്താണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോള്‍, സ്വാഗത പ്രാസംഗികനായ സംഘാടകസമിതി ചെയര്‍മാനും കേന്ദ്രകമ്മിറ്റി അംഗവുമായ കെ എന്‍ ബാലഗോപാല്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

സംസ്ഥാനത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന് അടിത്തറ ശക്തമാക്കുന്ന ഒട്ടേറെ കാര്യങ്ങളാണ് അന്നത്തെ കൊല്ലം ചര്‍ച്ച ചെയ്യുകയും അത് നടപ്പിലാക്കുകയും ചെയ്തിരുന്നു. അതിനുശേഷം കേരളത്തില്‍ അധികാരത്തിലെത്തിയ ഇ കെ നായനാര്‍ സര്‍ക്കാര്‍ ശ്രദ്ധേയമായ ചില നടപടികള്‍ കൈക്കൊണ്ടിരുന്നു. അതില്‍ ഏറ്റവും പ്രധാനം തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കിയ ജനകീയാസൂത്രണ പദ്ധതിയാണ്. നാടിന്റെ വികസനത്തില്‍ നാട്ടുകാരെക്കൂടി പങ്കാളികളാക്കിക്കൊണ്ടാണ് പദ്ധതി നടപ്പാക്കിയത്. വികസനം താഴേത്തട്ടുവരെ എത്താണ് ഇത് സഹായകരമായി.

Also Read : അമരാവതി, ചുരുളി- കീരിത്തോട് സമരങ്ങൾ; കടുത്ത എതിരാളികള പോലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അടുപ്പിച്ച ജ്വലിക്കുന്ന ഏടുകൾ

കൊല്ലം സമ്മേളനത്തിന് ശേഷം ഇതുവരെയായി ആറു സര്‍ക്കാരുകളാണ് കേരളത്തില്‍ അധികാരത്തിലെത്തിയത്. ഇതില്‍ നാലെണ്ണവും ഇടതുപക്ഷത്തിന്റേതായിരുന്നു. 1996ലെ ഇ കെ നായനാര്‍ സര്‍ക്കാര്‍, 2006ലെ വി എസ് സര്‍ക്കാര്‍, 2016ലെയും 2021ലെയും പിണറായി സര്‍ക്കാരുകള്‍. ഈ സര്‍ക്കാരുകള്‍ കൈക്കൊണ്ട ശ്രദ്ധേയമായ തീരുമാനങ്ങള്‍ നമ്മുടെ നാടിന്റെ മുഖച്ഛായ ആകെ മാറ്റിമറിക്കുകയാണ്. ന്യൂ ജെന്‍ ഭാഷയില്‍ പറഞ്ഞാല്‍, ഇപ്പോള്‍ കേരളം വേറെ ലെവലാണ് ബ്രോ.

വീണ്ടുമൊരിക്കല്‍ കൂടി സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലം വേദിയാകുമ്പോള്‍ നവകേരളം സൃഷ്ടിക്കുന്നതിനായി പുതുവഴികള്‍ മുന്നോട്ടുവെക്കുന്ന സുപ്രധാന രേഖ സിപിഐഎം പിബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ചു. അടുത്ത ദശാബ്ദങ്ങളില്‍ സുസ്ഥിരമായ വികസനം കൈവരിച്ച് മുന്നോട്ടുപോകുന്നതിനുള്ള ശ്രദ്ധേയമാ നിര്‍ദേശങ്ങളാണ് രേഖയിലുള്ളത്. 20 ലക്ഷത്തോളം തൊഴിലുകള്‍ സൃഷ്ടിച്ച്, കേരളത്തിലെ ആളുകളുടെ ജീവിതനിലവാരം വികസിതരാജ്യങ്ങളിലേതിന് തുല്യമാക്കി മാറ്റുമെന്ന സുപ്രധാന നിര്‍ദേശമാണ് രേഖയിലുള്ളത്. സുശക്തമായ വൈജ്ഞാനികസമൂഹം കെട്ടിപ്പടുക്കുന്നതിനൊപ്പം, സംരഭകത്വമേഖലയ്ക്ക് വലിയതോതിലുള്ള പ്രോല്‍സാഹനം നല്‍കുന്ന നയപരിപാടികളും ഉണ്ടാകും. ഇതിലൂടെ വ്യവസായരംഗത്ത് വലിയതോതിലുള്ള മുന്നേറ്റം സാധ്യമാകുമെന്നും വിലയിരുത്തപ്പെടുന്നു. സമ്മേളനം ചര്‍ച്ച ചെയ്ത് അംഗീകരിക്കുന്നതോടെ, നവകേരളത്തിന് പുതുവഴികള്‍ എന്ന രേഖയിലെ നിര്‍ദേശങ്ങള്‍ നടപ്പിലായി തുടങ്ങും.

കേരളത്തിന്റെ ചരിത്രത്തില്‍ ഇടംനേടുന്ന വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കാന്‍ ഇതുവഴി കൊല്ലം സമ്മേളനത്തിന് കഴിയും. സിപിഐഎം എന്ന പ്രസ്ഥാനത്തിന് കൂടുതല്‍ ആഴത്തിലുള്ള സ്വാധീനം ഇതുവഴി ലഭ്യമാകും. നിലവില്‍ ഉള്ളതുപോലെ രാജ്യത്തെ മറ്റെല്ലാം സംസ്ഥാനങ്ങള്‍ക്കും മാതൃകയായി നമ്പര്‍ വണ്ണായി കേരളം ഇനിയും മുന്നോട്ടുപോകാന്‍ സഹായകരമാകുന്ന തീരുമാനങ്ങള്‍ കൂടി സംഘടനാപരമായ കാര്യങ്ങള്‍ക്ക് പുറമെ കൊല്ലം സമ്മേളനത്തില്‍ രൂപപ്പെടുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായി മാറുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News