‘കടലോരത്ത് അന്തിവെയിൽ ചെമ്പട്ട് വിരിച്ച്’ സിദ്ദിഖിന്‍റെ തൂലികയിൽ പിറവികൊണ്ട അവതരണഗാനം

മൂന്ന് പതിറ്റാണ്ടിന് ശേഷം വീണ്ടുമൊരിക്കൽ സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലം വേദിയായി. കഴിഞ്ഞ ദിവസം പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി പതാക ഉയർത്തൽ വേദിക്ക് സമീപത്തായി അവതരിപ്പിച്ച ഒരു ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. ‘കടലോരത്ത് അന്തിവെയിൽ ചെമ്പട്ട് വിരിച്ച്,കശുമാവുകൾ ചോന്ന്പഴുത്ത് ഒരു ചെന്തോരണമണിയുന്നേ..’ എന്ന ഗാനം രചിച്ചിരിക്കുന്നത് കൊട്ടാരക്കര ചെങ്ങമനാട് സ്വദേശിയും കലാപ്രവർത്തകനുമായ സിദ്ദിഖ് ആണ്. ഈ ഗാനത്തെക്കുറിച്ച് കൈരളി ന്യൂസ് ഓൺലൈനോട് സംസാരിക്കുകയാണ് സിദ്ദിഖ്.

കൊല്ലത്തിന്‍റെ ചരിത്ര, ഭൂമിശാസ്ത്ര, രാഷ്ട്രീയ പ്രാധാന്യം ഉൾക്കൊണ്ടാണ് ഈ ഗാനം തയ്യാറാക്കിയത്. നിരവധിയായ സമരപോരാട്ടങ്ങളുടെ ചരിത്രവും കൊല്ലത്ത് നിരവധിയായിട്ടുണ്ട്. ഇതെല്ലാം കോർത്തിണക്കിയാണ് സിപിഐഎം സംസ്ഥാനസമ്മേളനത്തിന് മുന്നോടിയായുള്ള അവതരണഗാനം രചിച്ചതെന്ന് സിദ്ദിഖ് പറയുന്നു. നാടിന്‍റെ സംസ്ക്കാരം, വ്യാപാരചരിത്രം എന്നിവയും ഗാനത്തിൽ കൊണ്ടുവന്നിട്ടുണ്ട്.

കല്ലുമാല സമരം, ശൂരനാട് സമരം, കടയ്ക്കൽ സമരം, കുണ്ടറ വിളംബരം തുടങ്ങിയ ഐതിഹാസികമായ സമരങ്ങളും, തെന്മല, ബീച്ചുകൾ, അഷ്ടമുടി കായൽ, കയർ പിരിക്കൽ, കശുവണ്ടി തൊഴിലാളികൾ,കൊട്ടാരക്കര കഥകളി തുടങ്ങി കൊല്ലവുമായി ചേർത്ത് വെക്കാൻ കഴിയുന്ന പരമാവധി വിവരങ്ങളും ഈ ഗാനത്തിലുണ്ട്. അതിനെല്ലാം പുറമെ ഇടതുപക്ഷ പ്രസ്ഥാനവുമായി ചേർത്തുവെക്കാൻ കഴിയുന്ന ഉജ്ജ്വലപോരാട്ടങ്ങളിലൂടെ രക്തസാക്ഷിത്വം വരിച്ച അമരൻമാരെ കൂടി ഗാനത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.

സ്ഥിരമായി ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കുവേണ്ടി ഗാനങ്ങൾ രചിച്ച് ചിട്ടപ്പെടുത്തി നൽകുന്നയാളാണ് സിദ്ദിഖ്. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പടെ വിവിധ അവസരങ്ങളിലും സിദ്ദിഖ് ഗാനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. കെ എൻ ബാലഗോപാൽ കൊട്ടാരക്കര മത്സരിച്ചപ്പോൾ സിദ്ദിഖ് രചിച്ച ഗാനം ശ്രദ്ധേയമായിരുന്നു. കൂടാതെ സർവകലാശാല കലോത്സവത്തിനുള്ള തീം സോങ്ങും സിദ്ദിഖ് രചിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള ഗാനം തയ്യാറാക്കാനായി സിദ്ദിഖിനെ സംഘാടകസമിതിയിൽനിന്ന് സമീപിച്ചത്.

നിതിൻ കെ ശിവ എന്ന സുഹൃത്തുമായി ചേർന്നാണ് ഈ ഗാനം തയ്യാറാക്കിയത്. സിദ്ദിഖ് രചിച്ച ഗാനം ചിട്ടപ്പെടുത്തിയതും ആലപിച്ചിരിക്കുന്നതും നിതിൻ കെ ശിവയാണ്. പിന്നീട് തെരഞ്ഞെടുപ്പുകളിലും നിതിനുമായി ചേർന്നാണ് സിദ്ദീഖ് ഗാനം തയ്യാറാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇത്തവണ ഇരുവരെയും ഗാനം തയ്യാറാക്കാനായി, സംസ്ഥാന സമ്മേളന സംഘാടകസമിതി നിയോഗിക്കുകയായിരുന്നു.

നിതിൻ കെ ശിവ

Also Read ; ‘സിപിഐഎം സമ്മേളന നടപടി ക്രമങ്ങളെക്കുറിച്ച് കൂടുതല്‍ മനസിലാക്കണം, സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനുള്ള പ്രാപ്തി പല മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇല്ല’: എം സ്വരാജ്

കുട്ടികളുടെ ഏറ്റവും വലിയ സംഘടിതപ്രസ്ഥാനമായ ബാലസംഘത്തിലൂടെയാണ് തന്‍റെ കലാജീവിതം തുടങ്ങുന്നതെന്ന് സിദ്ദിഖ് പറയുന്നു. വേനൽത്തുമ്പി കലാജാഥയിൽ ഉൾപ്പടെ ഗാനങ്ങൾ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്ത അനുഭവം കൂടുതൽ കരുത്ത് പകർന്നിട്ടുണ്ട്. ഉള്ളിൽ ആ രാഷ്ട്രീയം കിടക്കുന്നതുകൊണ്ട് തന്നെ സംസ്ഥാന സമ്മേളനത്തിനുവേണ്ടിയുള്ള ഗാനം എഴുതാനും ഒരു ആർജവമുണ്ടായിരുന്നുവെന്നും ഈ യുവാവ് പറയുന്നു. പിൽക്കാലത്ത് നീരാവിൽ പ്രകാശ് കലാകേന്ദ്രവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളും തന്‍റെ കലാജീവിതത്തിന് കരുത്തേകിയിട്ടുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു.

മൂന്നു സിനിമകൾക്കും നിരവധി ആൽബങ്ങൾക്കും സിദ്ദിഖ് വരികൾ എഴുതിയിട്ടുണ്ട്.റിലീസാകാനിരിക്കുന്ന അന്ത്യകുമ്പസാരം,കുട്ടികളുടെ സിനിമയായ കല്ലുപെൻസിലും മഷിത്തണ്ടും അണിയറയിലുള്ള മറ്റൊരു സിനിമയ്ക്കും വേണ്ടി സിദ്ദിഖ് ഗാനങ്ങൾ രചിച്ചിട്ടുണ്ട്. സ്വതന്ത്ര സംഗീതത്തിന് കേരളത്തിൽ വലിയ സ്കോപ്പാണുള്ളതെന്നും, അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൽപര്യമെന്നും സിദ്ദിഖ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News