സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കെതിരെ അണിനിരക്കുക: സിപിഐഎം സംസ്ഥാന സമ്മേളനം

നരേന്ദ്രമോദി അധികാരത്തില്‍ എത്തിയതിനു ശേഷം രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളുടെ നിരക്ക് ക്രമാതീതമായി വര്‍ധിച്ചു. സ്ത്രീകളും പെണ്‍കുട്ടികളും അക്രമത്തിനും ദുരുപയോഗത്തിനും വിധേയരാക്കുന്ന അവസ്ഥ തികച്ചും ഭയാനകമാണ്. ദില്ലിയില്‍ ഓരോ മാസവും ഏഴ്‌ പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതായി പൊലീസ് രേഖകള്‍ പറയുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ 2014 ല്‍ 3.4 ലക്ഷമായിരുന്നെങ്കില്‍ 2022 ല്‍ 4.5 ലക്ഷമായി. ഏകദേശം 35 ശതമാനം കേസുകളും ഗാര്‍ഹിക പീഢനം അല്ലെങ്കില്‍ ഭര്‍ത്താവിന്റെയും ബന്ധുക്കളുടേയും ക്രൂരതയുമായി ബന്ധപ്പെട്ടവയാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (2019) റിപ്പോര്‍ട്ട് ചെയ്തത് നമ്മുടെ രാജ്യത്ത് പ്രതിദിനം 10 ദളിത് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു എന്നാണ്. യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും വളരെ കൂടുതലാണ്. 2019ല്‍ ഇന്ത്യയില്‍ പ്രതിദിനം ശരാശരി 87 ബലാത്സംഗ കേസകളും 4,05,861 സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യ കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ 16 മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു.

ALSO READ: പത്തനംതിട്ടയിൽ പത്ത് വയസുള്ള മകനെ മറയാക്കി എംഡിഎംഎ കടത്തി; അച്ഛൻ പിടിയിൽ

2022 ല്‍ 6450 സ്ത്രീകള്‍ സ്ത്രീധന പീഢനത്തിന് ഇരകളായി മരിച്ചു. 124 കേസുകള്‍ ആസിഡ് ആക്രമണത്തിന്റേതാണ്. 4963 കേസുകള്‍ സ്ത്രീകളുടെ ആത്മഹത്യകളാണ്. ഇന്ത്യയില്‍ ഈ സ്ഥിതി നിലനില്‍ക്കുമ്പോഴും സ്ത്രീസുരക്ഷയ്ക്കായി യാതൊന്നും മാറ്റിവെയ്ക്കാന്‍ കേന്ദ്ര ബജറ്റ് തയ്യാറായിട്ടില്ല. നിര്‍ഭയ പദ്ധതി ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ പണിയെടുക്കുന്ന മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ തുക വെട്ടിക്കുറയക്കുന്നതിലൂടെ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

പോഷകാഹാരക്കുറവ് കാരണം ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും മരണപ്പെടുന്ന ഈ രാജ്യത്ത് ഐസിഡിഎസ് ധനവിഹിതം വെട്ടിക്കുറയ്ക്കാനും ഈ സര്‍ക്കാര്‍ തയ്യാറായി. കേന്ദ്രത്തില്‍ നിന്നുമുള്ള അവഗണന തുടരുമ്പോഴും പ്രതീക്ഷയുടെ പച്ചതുരുത്തായി മാറുകയാണ് കേരളം. ജെന്‍ഡര്‍ ബജറ്റ് അവതരിപ്പിച്ച്‌ മറ്റ് സംസ്ഥാനങ്ങള്‍ക്കും കേരളം മാതൃകയാകുന്നു. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രകടന പത്രികയില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 18 ശതമാനമായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ന് അത് 24 ശതമാനമായി ഉയര്‍ന്നു കഴിഞ്ഞു. ഇത് 50 ശതമാനമായി ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ കേരളത്തിലെ ഏറ്റവും വലിയ സ്ത്രീശാക്തീകരണ പ്രസ്ഥാനമായ കുടുംബശ്രീ ഇന്ന് ലോകത്തിന് തന്നെ മാതൃകയായി വളര്‍ന്നു കഴിഞ്ഞു. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യംവെച്ചുകൊണ്ട് കഴിഞ്ഞ അഞ്ച്‌ വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി പദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കിയിട്ടുള്ളത്. ഒരു സ്ത്രീപക്ഷ നവകേരളമെന്ന ആശയത്തിലേക്ക് നടന്നടുക്കുകയാണ് കേരളം.

കേരളത്തില്‍ ഈയിടെയായി വര്‍ധിച്ചുവരുന്ന ഗാര്‍ഹിക പീഢനങ്ങളും സ്ത്രീപീഢനങ്ങളും വലിയ ആശങ്ക ഉളവാക്കുന്നതാണ്. സ്ത്രീധന പീഡനങ്ങള്‍ പെരുകിവരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും ജില്ലാ വനിത–-ശിശു വികസന ഓഫീസര്‍മാരെ പ്രത്യേക സ്ത്രീധന നിരോധന ഓഫീസര്‍മാരായി നിയോഗിച്ചിട്ടുണ്ട്. ഗാര്‍ഹിക പീഡനം നേരിടേണ്ടിവന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുന്നതിനായി പ്രത്യേക ഷെല്‍ട്ടറുകള്‍ എല്ലാ ജില്ലകളിലും സജ്ജീകരിച്ചിട്ടുണ്ട്. ഈ സാമൂഹ്യവിപത്ത് കളയാന്‍ പൊതുജനങ്ങളും രംഗത്ത് ഇറങ്ങേണ്ടത് ആവശ്യമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെയെല്ലാം ചെറുക്കുന്നതിന് സ്ത്രീ പ്രസ്ഥാനം മാത്രമല്ല പൊതുപ്രസ്ഥാനവും ശക്തമായി മുന്നോട്ട് വരണമെന്ന്‌ സി എസ്‌ സുജാത അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. മോദി സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ പ്രവണതകളെ തുറന്നു കാണിക്കുന്നതിനോടൊപ്പം കേരള സംസ്ഥാനത്ത് പ്രകടമാകുന്ന ദുഷ്പ്രവണതകളെ വേരോടെ പിഴുതുമാറ്റാന്‍ മുന്നിട്ടിറങ്ങാന്‍ ഈ സമ്മേളനം എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News