
ഇന്ത്യ സഖ്യത്തെ ദുർബലപ്പെടുത്തുന്നത് കോൺഗ്രസ് ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസിന്റേത് മൃദുഹിന്ദുത്വ നിലപാടാണ്. എൽഡിഎഫിന് എതിരെ എല്ലാ പിന്തിരിപ്പൻ ശക്തികളും കൈകോർക്കുന്നു. കേരളത്തിലേക്ക് ഏറ്റവും മോശപ്പെട്ട പ്രതിപക്ഷമെന്ന് പറഞ്ഞ അദ്ദേഹം യുഡിഎഫും ബിജെപിയും കേരളത്തിൽ കൈകോർക്കുന്നുവെന്നും പറഞ്ഞു.
‘പാർടിയുടെ മുൻ ജനറൽ സെക്രട്ടറിയായ സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള ആളുകളുടെ പ്രവർത്തന ഫലമായാണ് ഇന്ത്യ സഖ്യം രൂപപ്പെട്ടത്. അതിനാലാണ് അദ്ദേഹം അന്തരിച്ച വേളയിൽ ‘സീതാറാം യെച്ചൂരി ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യ സഖ്യം രൂപപ്പെടില്ലായിരുന്നു’ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞതും. ഇന്ത്യ കൂട്ടായ്‌മയുടെ പ്രവർത്തനങ്ങളുടെ ഫലമായി എൻഡിഎ ചെറിയ ഭൂരിപക്ഷത്തിലാണ് അധികാരത്തിലെത്തിയത്. എന്നാൽ പിന്നീട് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഇന്ത്യ സഖ്യത്തെ തകർക്കുന്ന നിലപാടാണ്.’– എം വി ഗോവിന്ദൻ പറഞ്ഞു.
കേരളത്തെ വികസിതരാജ്യങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വികസനരംഗത്ത് ആരും പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ ഉണ്ടാകും. ഭൂരിപക്ഷവര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയുമെല്ലാം ചേര്‍ന്ന് അവരുടെയെല്ലാം പൊതുശത്രു സിപിഐഎം ആണ് എന്ന് പ്രഖ്യാപിക്കുന്നു. ഈ പ്രചരണ കോലാഹലങ്ങളെയാകെ നേരിടും.
‘ജനങ്ങളുടെ പിന്തുണയോടെ രണ്ടാം ടേം അധികാരത്തില്‍ വന്നതുപോലെ 2026ലെ തെരഞ്ഞെടുപ്പിലും അതിന് മുമ്പ് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും വന്‍ മുന്നേറ്റം സിപിഐഎമ്മിന് സൃഷ്ടിക്കാനാവണം. സംഘടനാപരമായ കരുത്ത് നേടിയെടുക്കണം’- എം വി ഗോവിന്ദൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

