
കൊല്ലത്ത് നടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. നയരേഖയിലെ പ്രതിനിധി ചർച്ചയ്ക്ക് മുഖ്യമന്ത്രി ഇന്ന് രാവിലെ മറുപടി പറയും. കാൽ ലക്ഷം പേരുടെ ചുവപ്പുസേനാ മാർച്ചും ബഹുജന റാലിയും ഇന്ന് നടക്കും. വൈകിട്ട് നാല് മണിക്കാണ് പൊതുസമ്മേളനം നടക്കുന്നത്.
അതേസമയം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളെ പ്രതിരോധിക്കണമെന്നും സ്ത്രീ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ ഇന്നലെ പറഞ്ഞു. മോദി സർക്കാർ അധികാരത്തിൽ വന്നത് മുതൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർദ്ധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകൾക്കായി സംസ്ഥാന സർക്കാർ നിരവധി കാര്യങ്ങൾ ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വനിതാദിനത്തിന്‍റെ പശ്ചാത്തലത്തിലാണ് മാധ്യമങ്ങളുമായി സംവദിക്കവേ അദ്ദേഹം പ്രതികരിച്ചത്.
മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖ ചർച്ച ചെയ്തെന്നും രേഖക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നവകേരള നിർമാണം എന്ന ലക്ഷ്യം ഭൂരിഭാഗവും പൂർത്തീകരിച്ചതായും പുതിയ വിഭവ സമാഹരണ നിർദ്ദേശവും സ്വാഗതം ചെയ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. രേഖ ജനങ്ങൾക്കിടയിൽ നന്നായി പ്രചരിപ്പിക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. രേഖ എൽഡിഎഫിലും ചർച്ച ചെയ്യും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

