അടിയന്തര പ്രമേയ നോട്ടീസ് അവതരണം വിലക്കിയതിലൂടെ മദ്യനികുതി ഇളവിലെ അഴിമതി സർക്കാർ സ്ഥിരീകരിച്ചു: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്

CPIM

അടിയന്തര പ്രമേയ നോട്ടീസ്‌ അവതരണത്തിൽ നിന്ന്‌ പ്രതിപക്ഷത്തെ വിലക്കിയതിലൂടെ, മദ്യനികുതി ഇളവിലെ അഴിമതി സർക്കാർ സ്ഥിരീകരിച്ചതായി സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌. മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിൽ നടന്ന ശതകോടികളുടെ അഴിമതിയാണ്‌ വെളിച്ചത്തുവന്നിരിക്കുന്നത്‌. കുത്തക മദ്യക്കമ്പനികൾക്ക്‌ വേണ്ടി സർക്കാർ നടത്തുന്ന കള്ളക്കളിയും, അഴിമതിയും മറയ്‌ക്കാനാണ്‌ നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ്‌ പോലും അവതരിപ്പിക്കാൻ അനുവദിക്കാതിരുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസെങ്കിലും അവതരിപ്പിച്ചാൽ, ഈ വിഷയത്തിൽ യു.ഡി.എഫിലും, മന്ത്രിസഭയിലും നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസം മറയില്ലാതെ പുറത്തുവരുമായിരുന്നു.

ഇത്‌ തടഞ്ഞ്‌ സർക്കാരിനെ രക്ഷിക്കാനാണ്‌ സ്‌പീക്കർ ഈ ജനാധിപത്യ വിരുദ്ധമായ നടപടി സ്വീകരിച്ചത്‌. ഇന്ധന വില കുത്തനെ കൂട്ടിയപ്പോൾ ലഭിക്കുന്ന അധിക വരുമാനത്തിൽ നിന്ന്‌ അര ശതമാനം നികുതി ഒഴിവാക്കി പൊതുജനങ്ങൾക്ക്‌ ആശ്വാസം പകരാൻ പോലും തയ്യാറാവാത്ത യു.ഡി.എഫ്‌ സർക്കാരാണ്‌, കുത്തക കമ്പനിക്ക്‌ മദ്യമൊഴുക്കാൻ 131 % നികുതിയിളവ്‌ നൽകുന്നത്‌. കേരളത്തിൽ മദ്യമൊഴുക്കാനും, യുവാക്കളേയും, വിദ്യാർത്ഥികളേയും മദ്യത്തിന്‌ അടിമകളാക്കാനും അതുവഴി കുത്തക മദ്യക്കമ്പനിക്ക്‌ കൊള്ളലാഭം ഉണ്ടാക്കാനുമുള്ള നടപടികളുമാണ്‌ ഇവയെല്ലാം.പ്രതിപക്ഷനേതാവ്‌ ഉന്നയിച്ച അഴിമതിയാരോപണം നിയമസഭയുടെ ടി.വിയായ സഭാ ടീവിയിൽ നിന്ന്‌ പോലും നീക്കം ചെയ്‌തത്‌ നിയമസഭയുടെ ചരിത്രത്തിലെ തീരാക്കളങ്കമായി മാറിയിരിക്കുകയാണ്‌. കേന്ദ്ര സർക്കാർ പാർലമെന്റിൽ സ്വീകരിക്കുന്ന ജനാധിപത്യ നടപടികൾ കേരളത്തിലും പകർത്തിയെടുക്കാനാണ്‌ യു.ഡി.എഫ്‌ ശ്രമിക്കുന്നത്‌. നിയമസഭയിൽ വിലക്കിയാലും, വെട്ടിമാറ്റിയാലും കേരളത്തിന്റെ തെരുവുകളിൽ ഈ ചോദ്യം നിരന്തരമായി ഉയരുക തന്നെ ചെയ്യും.

Also read: ഒരു കാര്യം അറിയില്ലങ്കിൽ പഠിക്കണം, ചാടിക്കയറി എഴുതരുത്; രാജു പി നായർക്ക് മറുപടിയുമായി കെ അനിൽ കുമാർ

എൽ.ഡി.എഫ്‌ സർക്കാരിന്റെ കാലത്ത്‌ പ്രധാനപ്പെട്ട വിഷയങ്ങളിലെല്ലാം അടിയന്തര പ്രമേയങ്ങൾ സഭ നിർത്തിവെച്ച്‌ ചർച്ച ചെയ്‌ത അനുഭവം കേരളത്തിലുണ്ട്‌. രാജ്യത്തിനാകമാനം മാതൃകയാവുന്ന കേരളത്തിന്റെ ജനാധിപത്യ സംസ്‌കാരത്തെയാണ്‌ യു.ഡി.എഫ്‌ തകർത്തിരിക്കുന്നത്‌. അത്തരം ചർച്ചക്ക്‌ പോലും തയ്യാറാകാതെ ഒളിച്ചോടിയ യു.ഡി.എഫിനെയാണ്‌ ഇന്ന്‌ കേരളം കണ്ടത്‌.അധികാരമേറ്റെടുത്ത്‌ ഒന്നര മാസത്തിനുള്ളിൽ തന്നെ അഴിമതിയുടെ കൂടാരമായി യു.ഡി.എഫ്‌ സർക്കാർ മാറുകയാണ്‌. ബജറ്റ്‌ പോലും കുത്തകകൾക്കുള്ള പരവതാനിയാക്കി മാറ്റുന്ന നടപടിയാണ്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നത്‌. കേന്ദ്ര സർക്കാർ മുന്നോട്ടുവയ്‌ക്കുന്ന കോർപ്പറേറ്റ്‌ – ഹിന്ദുത്വ അജണ്ടകൾ സംസ്ഥാനത്ത്‌ നടപ്പിലാക്കുന്നതിനുള്ള വഴി വെട്ടുകയാണ്‌ യു.ഡി.എഫ്‌ സർക്കാരെന്ന്‌ ഇപ്പോൾ വ്യക്തമായിരിക്കുകയാണ്‌. യു.ഡി.എഫിന്റെ യഥാർത്ഥ മുഖമാണ്‌ ഇതിലൂടെ പുറത്തുവരുന്നത്‌. നാടിന്റെ നേട്ടങ്ങളെയാകെ തകർക്കുന്ന ഇത്തരം നടപടികളെ ജനങ്ങൾ തിരിച്ചറിയണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News