രമേശ് ചെന്നിത്തല നുണ ആവര്‍ത്തിക്കുന്നു, കേരളീയ സമൂഹത്തെ പരിഹസിക്കുകയാണെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരേ നുണ ആവര്‍ത്തിച്ച് കേരളീയ  സമൂഹത്തെ പരിഹസിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍.  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സംസ്ഥാനത്ത് റോഡിലെ നിയമലംഘനങ്ങളും അപകടങ്ങളും ഗണ്യമായി കുറയ്ക്കാൻ സഹായകമായി എന്ന കണക്കുകൾ പുറത്തു വന്നതോടെ പ്രതിപക്ഷം ഇതുവരെ പരത്തിയ നുണക്കഥകളുടെ ആയുസ്സൊടുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പറഞ്ഞു പൊളിഞ്ഞ ആരോപണങ്ങളും പൊതു മണ്ഡലത്തിൽ ലഭ്യമായ രേഖകളും പുതിയതാണ് എന്ന വ്യാജേന അവതരിപ്പിച്ച് പുകമറ പരത്താനാണ് ഞായറാ‍ഴ്ച രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്ക് ഈ പദ്ധതിക്കായി നൽകിയ കോണ്‍ട്രാക്ടുകളില്‍ പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ചപ്പോള്‍ മുതല്‍ തെളിവുകൾ പുറത്തു വിടാൻ ആവശ്യപ്പെട്ടതാണ്. ആ വെല്ലുവിളി സ്വീകരിച്ച് തെളിവിന്‍റെയോ വസ്തുതയുടെയോ കണികയെങ്കിലും പുറത്തുവിടാൻ ചെന്നിത്തലയ്ക്കോ കൂട്ടർക്കോ ഇതുവരെ സാധിച്ചിട്ടില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇതുവരെ മറുപടി നൽകിയില്ല എന്നാണ് പരിദേവനം. യാതൊരു അടിസ്ഥാനവുമില്ലാത്ത കള്ളങ്ങൾക്കെല്ലാം ആരെങ്കിലും മറുപടി നൽകണമെന്നു വാശി പിടിക്കുന്നതിൻ്റെ സാംഗത്യമെന്താണെന്നും അദ്ദേഹം ചോദിച്ചു.

ഈ പദ്ധതിയിൽ കരാർ ലഭിക്കാതിരുന്ന കമ്പനികളിൽ ചിലതിന്‍റെ വക്കാലത്താണ് “വിവരാകാശ നിയമപ്രകാരം ലഭിച്ച ചോദ്യങ്ങൾക്ക് കെൽട്രോൺ മറുപടി നൽകിയില്ല” എന്ന ആരോപണം വീണ്ടും ഉന്നയിച്ച് അദ്ദേഹം ഏറ്റെടുക്കുന്നത്. ലഭിച്ച എല്ലാ ചോദ്യങ്ങൾക്കും കെൽട്രോൺ മറുപടി നൽകിയിട്ടുണ്ടെന്ന് മാത്രമല്ല, വിലവിവരങ്ങൾ നൽകാതിരിക്കുന്നതിൻ്റെ കാരണം കൃത്യമായി വിശദീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിവരാകാശ നിയമത്തിലെ 8 (1) (d) പ്രകാരം കെൽട്രോണിൻ്റെ മത്സരാധിഷ്ഠിത സ്ഥാനത്തിനു ഹാനി സൃഷ്ടിക്കാവുന്ന ചില വിവരങ്ങൾ അറിയിക്കാൻ നിർവാഹമില്ല എന്ന് മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കെൽട്രോൺ സംസ്ഥാനത്തിനകത്തും പുറത്തും വിവിധ പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കുന്ന സ്ഥാപനമാണ്. അത് ജനങ്ങളുടെ സ്ഥാപനമാണ്. അതിൻ്റെ വ്യാപാരവുമായി ബന്ധപ്പെട്ടെ രഹസ്യാത്മക വിവരങ്ങൾ പുറത്തു വിടുന്നത് കമ്പനിയുമായി വ്യാപാരത്തിൽ മത്സരിക്കുന്ന മറ്റു കമ്പനികൾക്ക്  മത്സരത്തിൽ മുൻകൈ നൽകുന്ന അവസ്ഥയ്ക്ക് ഇടയാക്കും. അതൊഴിവാക്കുന്നതിനാണ് ആ വിവരങ്ങൾ ഒഴിവാക്കിയത് എന്ന് കെൽട്രോൺ വിശദീകരിച്ചിട്ടുണ്ടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വിശദീകരിച്ചു.

അതിൽ ചട്ടവിരുദ്ധമായി ഒന്നുമില്ല എന്നു മാത്രമല്ല  കൃത്യമായി ആർ.ടി.ഐ ചട്ടങ്ങൾക്ക് അനുസൃതമായാണ് പ്രവർത്തിച്ചതെന്ന് മനസിലാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറുപടിയിൽ തൃപ്തനല്ലെങ്കിൽ അപ്പീൽ പോകാനുള്ള അവസരവുമുണ്ട്. എന്തെ മുന്നിലുള്ള അത്തരം സാധ്യതകൾ ചെന്നിത്തലയും കൂട്ടരും ഉപയോഗിക്കുന്നില്ല? ഇതിനകം വ്യക്തമായ മറുപടികൾ വന്നിട്ടും അക്ഷര എൻ്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്ക്ക് ആവശ്യമായ പ്രവർത്തനപരിചയമില്ലെന്ന ആരോപണവും ചെന്നിത്തല ഈ വാർത്താ സമ്മേളനത്തിലും ആവർത്തിക്കുകയാണ്.

കെൽട്രോൺ നൽകിയ വിശദീകരണം സാമാന്യ ബോധമുള്ളവർക്ക് മനസ്സിലാകുന്നതാണ്. ടെൻഡർ പ്രീ ക്വാളിഫിക്കേഷൻ ബിഡിൽ 4.2.2 ൽ 10 വര്‍ഷം കുറയാത്ത പ്രവർത്തന പരിചയം ആവശ്യമാണെന്ന് പറയുന്നുണ്ട്. ടെക്‌നിക്കൽ ബിഡ് ക്വാളിഫൈ ആയ അക്ഷര എന്റർപ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് രജിസ്റ്റർ ചെയ്തത് 2017 ൽ ആണ്. അങ്ങനെ ഒരു കമ്പനിക്ക് എങ്ങനെ 10 വർഷത്തെ പ്രവർത്തന പരിചയം ഉണ്ടാകും എന്ന ലളിതമായ ചോദ്യമാണ് ആരോപണത്തിൻ്റെ കാതൽ. അക്ഷര എന്റർപ്രൈസസ് എന്ന പേരിൽ 2010 ൽ രജിസ്റ്റർ ചെയ്ത കമ്പനി 2017 ൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി കൺവെർട് ചെയ്യുകയായിരുന്നു എന്നും ഇതുമായി ബന്ധപ്പെട്ട കമ്പനീസ് ഓഫ് രെജിസ്ട്രാർ നൽകിയ രേഖ ടെൻഡർ ഡോക്യൂമെന്റിൽ ഉണ്ടെന്നുമുള്ള വാസ്തവം മുൻ പ്രതിപക്ഷ നേതാവ് കൗശലപൂർവ്വം മറച്ചു വെക്കുന്നു.

ഒരു ലക്ഷം രൂപയ്ക്ക് മാർക്കറ്റിൽ വിലയുള്ള ക്യാമറയ്ക്ക് 10 ലക്ഷം രൂപയാണ് ക്വോട്ട് ചെയ്തതെന്നും അതിന് കെൽട്രോൺ ടെണ്ടർ ഉറപ്പിക്കുകയും ചെയ്തതെന്നും ആവര്‍ത്തിക്കുന്നത് പറയുന്നത് ഭരണ പരിചയമുള്ള ഒരു പൊതുപ്രവർത്തകന് ചേർന്നതല്ല. വെറുമൊരു ക്യാമറ മാത്രമല്ലെന്നും നിരവധി ഘടകങ്ങൾ ചേരുന്ന ഒരു ക്യാമറ യൂണിറ്റാണെന്നുമുള്ള വസ്തുതയെ തമസ്കരിക്കുന്നു എന്നതാണ് ഈ ആരോപണത്തിലെ പ്രധാന കുതന്ത്രം. കേൾക്കുന്നവരിൽ “ഒരു ക്യാമറയ്ക്ക് മാത്രം ഇത്ര വിലയോ” എന്ന സംശയം ജനിപ്പിക്കാനാണ് ശ്രമിക്കുന്നത്.

ഓപ്പൺ ടെണ്ടറാണ് വിളിച്ചത്. വില കുറച്ച് ഈ ക്യാമറ നൽകുന്ന കമ്പനികൾ ഉണ്ടായിരുന്നെങ്കിൽ അവർക്ക് അതിൽ പങ്കെടുത്ത് ടെണ്ടർ സ്വന്തമാക്കാമായിരുന്നു. അങ്ങനെയുണ്ടായില്ല. ഈ പദ്ധതിയിൽ ഉപയോഗിച്ചിരിക്കുന്നതിനു സമാനമായ ക്യാമറ യൂണിറ്റുകൾ പത്തിലൊന്നു വിലയ്ക്ക് വിൽക്കുന്ന കമ്പനികൾ ഏതെന്നു പറയാൻ എന്തുകൊണ്ട് ചെന്നിത്തലയും കൂട്ടരും തയ്യാറാകുന്നില്ല?

പുതുതായെന്തോ പറയാനുണ്ടെന്ന് അവകാശപ്പെട്ടു വാർത്താ സമ്മേളനം സംഘടിപ്പിച്ച ചെന്നിത്തല ‘നേരത്തെ താൻ തന്നെ പുറത്തു വിട്ട രേഖയാണെന്നു’ പറഞ്ഞുകൊണ്ട് തന്നെ പൊളിഞ്ഞുപോയ ആരോപണങ്ങൾ വീണ്ടും ഉന്നയിക്കുന്ന വിരോധാഭാസമാണ് അരങ്ങേറിയത്.

ഈ സമ്മേളനത്തിലൂടെ അദ്ദേഹത്തിൻ്റെ പ്രധാന ലക്ഷ്യം എന്തെങ്കിലും വിവരം ജനങ്ങൾക്ക് കൈമാറുക എന്നതായിരുന്നില്ല. മറിച്ച്, സർക്കാരിനെയും അതിനെ നയിക്കുന്ന മുഖ്യമന്ത്രിയെ വ്യക്തിപരമായും ചെളിവാരിയെറിയുക എന്നത് മാത്രമായിരുന്നു. അങ്ങനെ ഉള്ള വില കുറഞ്ഞ അഴിമതി ആരോപണംകൊണ്ട് പരിക്കേൽക്കുന്ന മുഖ്യമന്ത്രിയല്ല കേരളത്തിന്‍റേത് എന്ന് കഴിഞ്ഞ പതിറ്റാണ്ടുകളുടെ അനുഭവട്ടത്തിൽ നിന്ന് ചെന്നിത്തല പഠിച്ചില്ലെങ്കിൽ അദ്ദേഹത്തെ സഹായിക്കാൻ ആർക്കും കഴിയില്ല.

സംസ്ഥാനത്ത് പുതുതായി വരുന്ന ഏതു പദ്ധതിയെയും ദുരാരോപണങ്ങളും വിവാദവും സൃഷ്ടിച്ച് തകർക്കാനുള്ള ഗൂഢാലോചനയിൽ പ്രധാന കണ്ണിയായി മുൻ പ്രതിപക്ഷ നേതാവ് മാറുന്നത് ദൗർഭാഗ്യകരമാണ്. ഒരു തെളിവുമില്ലാതെ അസംബന്ധങ്ങൾ എഴുന്നള്ളിച്ച് മുഖ്യമന്ത്രിയേയും ബന്ധുക്കളേയും വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കാനുള്ള തുടർച്ചയായ നീക്കം രണ്ടാംവട്ടവും ഭരണം നഷ്ടപ്പെട്ടതുകൊണ്ടുള്ള നൈരാശ്യത്തിൽ നിന്നുണ്ടാകുന്നതാണ്. ജനങ്ങൾ തിരസ്കരിച്ചതു കൊണ്ടാണ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം പോലും നഷ്ടപ്പെട്ടതെന്നും ആ യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ ഇനിയെങ്കിലും അദ്ദേഹം തയാറാകണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News