
മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായും അവതരിപ്പിച്ചതിലെ ഭരണഘടനാ വിരുദ്ധതയും ബഹുസ്വരത തകർക്കാനുള്ള നീക്കവും ചൂണ്ടിക്കാണിച്ച പി എ മുഹമ്മദ് റിയാസിനെ ഒറ്റതിരിഞ്ഞാക്രമിക്കാനും വ്യക്ത്യാധിക്ഷേപം നടത്താനുമുള്ള നീക്കത്തെ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അപലപിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചത് തീർത്തും തെറ്റായ നടപടിയാണ്. ബഹുസ്വര സമൂഹത്തിന് യോജിക്കുന്നതല്ല ഇത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് 1937ൽ എട്ടുവരിയൊഴികെ ബാക്കി വെട്ടിമാറ്റിയത്. എന്നാൽ, ഇൗ ഭാഗങ്ങളുൾപ്പെടുത്തിയാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചത്.
വന്ദേമാതര ഗാനത്തിന്റെ ചില ഭാഗങ്ങൾ ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതാണ്. വെട്ടിമാറ്റിയ ഭാഗമടക്കം അവതരിപ്പിച്ചത് കേരളത്തിന്റെ മതേതര സ്വഭാവത്തിന് ചേർന്നതല്ല. ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയപ്പോഴും വന്ദേമാതരം പൂർണമായി ആലപിച്ചില്ല. അതാണ് കേരളത്തിൽ കോൺഗ്രസ് അധികാരമേറിയ ദിവസം നടന്നതെന്നാണ് റിയാസ് ചൂണ്ടിക്കാട്ടിയത്. വർഗ്ഗീയമായി ജനങ്ങളെ വിഭജിക്കാനുള്ള ശ്രമങ്ങൾ സജീവമാകുന്ന കാലത്ത് അതിന് വളമിടുന്ന കാര്യങ്ങൾ ആരുടെയും ഭാഗത്ത് നിന്നുണ്ടാകരുതെന്ന ഓർമപ്പെടുത്തലാണ് മുഹമ്മദ് റിയാസ് നടത്തിയത്.
വന്ദേമാതരം പൂർണമായി ആലപിച്ചതിന് കോൺഗ്രസിന് കയ്യടിക്കുകയാണ് സംഘപരിവാർ നേതൃത്വം. റിയാസിനെ ഒറ്റതിരിഞ്ഞാക്രമിക്കാനും രാജ്യദ്രോഹിയായി ചിത്രീകരിക്കാനുമാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. സംഘപരിവാർ സംഘടനകൾ ഒന്നടങ്കം റിയാസിനെ വ്യക്തിപരമായി ആക്രമിക്കാനാണ് ശ്രമിക്കുന്നത്. ഇൗ നീക്കത്തെ സിപിഐ എം ശക്തിയുക്തം എതിർക്കും. വന്ദേമാതരം പൂർണമായി അവതരിപ്പിച്ചതിലും റിയാസിനെതിരെ നടക്കുന്ന ആക്രമണത്തിലും നിലപാട് വ്യക്തമാക്കാൻ സംസ്ഥാന സർക്കാരും കോൺഗ്രസ് നേതൃത്വവും തയ്യാറാകണം.മതേതരത്വത്തിന് പോറലേൽപ്പിക്കുന്ന ഏതൊരു നീക്കത്തെയും കേരളം ചെറുക്കും. ആ പോരാട്ടങ്ങൾക്ക് സിപിഐ എം നേതൃത്വം നൽകുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

