
സിപിഐഎം തൃശ്ശൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 9, 10, 11 തീയതികളിലായി കുന്നംകുളത്ത് വച്ച് നടക്കും. 9 ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. 11 ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 42 ജില്ലാ കമ്മിറ്റി അംഗങ്ങളും 17 ഏരിയകളിൽ നിന്നും സ്പെഷ്യൽ യൂണിറ്റുകളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 392 പ്രതിനിധികൾ ഉൾപ്പെടെ 434 പേർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും.
ജില്ലാ സമ്മേളനത്തിൽ ഉയർത്താൻ ഉള്ള പതാക വടക്കാഞ്ചേരിയിലെ ധീര രക്തസാക്ഷി എംകെ കൃഷ്ണന്റെ സ്മൃതി കുടീരത്തിൽ നിന്നും, കൊടിമരം ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിന്റെ വളണ്ടിയർ ക്യാപ്റ്റൻ എകെജിയുടെ സ്മൃതികുടീരത്തിൽ നിന്നും, ദീപശിഖ ധീര രക്തസാക്ഷി അഴീക്കോടൻ രാഘവന്റെ സ്മൃതികുടീരത്തിൽ നിന്നും അത്‌ലറ്റുകളുടെയും വളണ്ടിയർമാരുടെയും ബാൻഡ് സംഘത്തിന്റെയും അകമ്പടിയോടെ സമ്മേളന നഗരിയിൽ എത്തിക്കും.
ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി തൃശ്ശൂരിൽ നടന്ന സംസ്ഥാന സമ്മേളന തീരുമാനപ്രകാരം ജില്ലയിൽ ഇതുവരെ 139 വീടുകൾ പുതിയതായി നിർമ്മിച്ചു നൽകിയിട്ടുണ്ടെന്ന് ജില്ലാ സെക്രട്ടറി എംഎം വർഗീസ് പറഞ്ഞു. സമ്മേളനത്തിന്‍റെ ഭാഗമായുള്ള ജില്ലാതല സെമിനാർ ഫെബ്രുവരി 6 വൈകിട്ട് അഞ്ചിന് തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കും. ഓൾ ഇന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി ഡോക്ടർ വിജു കൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എസി മൊയ്തീൻ, സംഘാടക സമിതി കൺവീനർ ടികെ വാസു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here