‘തമിഴ്നാട്ടിൽ ബിജെപിയുടെ രാഷ്ട്രീയ കള്ളത്തരങ്ങൾ പൊളിക്കും’; ടിവികെയ്ക്ക് നിരുപാധിക പിന്തുണ നൽകുമെന്ന് തമിഴ്നാട് സിപിഐഎം

CPIM

തമിഴ് സിനിമാതാരം വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന് തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ നിരുപാധിക പിന്തുണ ഉറപ്പുനൽകി തമിഴ്നാട് സിപിഐഎം. ചെന്നൈയിൽ ഇന്ന് ചേർന്ന സിപിഐഎം തമിഴ്നാട് സംസ്ഥാന സമിതി യോഗത്തിലേതാണ് തീരുമാനം. സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം കോമ്രേഡ് എൻ ഗണേശകരന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

പോളിറ്റ് ബ്യൂറോ അംഗങ്ങൾ കെ. ബാലകൃഷ്ണൻ, യു. വാസുകി, സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം, കേന്ദ്ര കമ്മറ്റി അംഗങ്ങൾ പി. സമ്പത്ത്, കെ. ബാലഭാരതി എന്നിവരടക്കം നിരവധി നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം, തെരഞ്ഞെടുപ്പിന് ശേഷമുള്ള സർക്കാർ രൂപീകരണ സാധ്യതകൾ എന്നിവയെക്കുറിച്ചാണ് യോഗത്തിൽ വിശദമായി ചർച്ച നടന്നത്.

യോഗത്തിൽ സ്വീകരിച്ച പ്രമേയത്തിൽ, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ഒരു കക്ഷിക്കും ലഭിക്കാത്ത സാഹചര്യത്തിൽ ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവന്നതായി വിലയിരുത്തുന്നു. വിജയ് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചതായും പ്രമേയത്തിൽ വ്യക്തമാക്കുന്നുണ്ട്. ഗവർണർ വിജയിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാതിരുന്നതിനെയും യോഗം ശക്തമായി വിമർശിച്ചു.

ALSO READ: കോൺഗ്രസ്സിൽ മുഖ്യമന്ത്രി പോര് തെരുവിലേക്ക് നീങ്ങുന്നതിനിടയിൽ പ്രകടനങ്ങൾ വിലക്കി കെപിസിസിയുടെ സർക്കുലർ

ഇത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കും ഭരണഘടനാ മര്യാദകൾക്കും വിരുദ്ധമാണെന്നും, സുപ്രീംകോടതി വിധികളും നിലവിലെ ഭരണഘടനാ ചട്ടങ്ങളും ലംഘിക്കുന്ന രാഷ്ട്രീയ പക്ഷപാതപരമായ നടപടിയാണെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു. ഈ നടപടി സംസ്ഥാനത്തിന്റെ ഫെഡറൽ ഘടനയെ ബാധിക്കുന്നതാണെന്നും ജനവിധിയെ അവഗണിക്കുന്നതാണെന്നും യോഗം വിലയിരുത്തി.

തമിഴ്നാട്ടിൽ പ്രസിഡന്റ് ഭരണം ഏർപ്പെടുത്താനുള്ള സാധ്യതകൾ ഉണ്ടാകരുതെന്നും, അത് ജനാധിപത്യ പ്രക്രിയയെ ദുർബലപ്പെടുത്തുമെന്നും യോഗം മുന്നറിയിപ്പ് നൽകി. കൂടാതെ രാഷ്ട്രീയ സ്ഥിരതയെ ബാധിക്കുന്ന തരത്തിലുള്ള “ഹോഴ്സ് ട്രേഡിംഗ്” പോലുള്ള നീക്കങ്ങളും ജനവിധിക്ക് വിരുദ്ധമായ കൂട്ടുകെട്ടുകളും അനുവദിക്കരുതെന്നും പ്രമേയം ആവശ്യപ്പെടുന്നു.

അതേസമയം, ഡിഎംകെ , എഐഎഡിഎംകെ എന്നീ പാർട്ടികൾ തമ്മിലുള്ള രാഷ്ട്രീയ ചർച്ചകളും എടപ്പാടി കെ. പളനിസാമിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങളും ജനങ്ങൾ നൽകിയ ജനവിധിക്ക് വിരുദ്ധമാണെന്ന് യോഗം വിമർശിച്ചു. ഇത്തരം നീക്കങ്ങൾ രാഷ്ട്രീയ അവസരവാദത്തിന്റെ ഭാഗമാണെന്നും ജനാധിപത്യ വിശ്വാസത്തെ ബാധിക്കുന്നതാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

ടിവികെയ്ക്ക് സർക്കാർ രൂപീകരണ ശ്രമത്തിന് പിന്തുണ നൽകാൻ സിപിഐഎം തീരുമാനിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സർക്കാർ രൂപീകരണത്തിനായി നടക്കുന്ന വിശ്വാസവോട്ടിൽ പാർട്ടിയുടെ രണ്ട് എംഎൽഎമാർ ടിവികെ നേതൃത്വത്തിലുള്ള സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും, എന്നാൽ മന്ത്രിസഭയിൽ ചേരാതെ പുറത്തുനിന്ന് പിന്തുണ നൽകുമെന്നും പ്രമേയം വ്യക്തമാക്കുന്നു.പുതിയ സർക്കാർ മതേതരത്വം, ഫെഡറലിസം, സാമൂഹ്യനീതി, ജനകീയ വികസനം എന്നിവ ഉറപ്പാക്കുകയും, ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്ന നയങ്ങൾ സ്വീകരിക്കുകയും വേണമെന്ന് സിപിഐഎം തമിഴ്നാട് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News