‘ഒരിക്കല്‍ എസ്എഫ്‌ഐയുടെ ശുഭ്രപതാക നെഞ്ചേറ്റിയവര്‍ക്ക് അത് മതി ജീവിതകാലം മുഴുവന്‍ എസ്എഫ്‌ഐ ആയിരിക്കാന്‍’: സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്

എസ്എഫ്‌ഐ 18 അഖിലേന്ത്യാ സമ്മേളനം കോഴിക്കോട് ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ എസ്എഫ്‌ഐയിലൂടെയുള്ള തന്റെ യാത്രയും സ്മരണകളും എസ്എഫ്‌ഐ എന്ന വികാരത്തെയും കുറിച്ച് മനസ് തുറന്നൊരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. തന്റെ വിദ്യാര്‍ഥി കാലഘട്ടത്തെ അര്‍ത്ഥപൂര്‍ണമായത് എസ്എഫ്‌ഐ യുടെ ശുഭ്രപതാകയ്ക്ക് കീഴില്‍ അണിനിരന്നതിന് ശേഷമാണെന്ന് അദ്ദേഹം പറയുന്നു. നെരൂദയുടെ കവിതയുമായാണ് അദ്ദേഹം എസ്എഫ്‌ഐയെ താരതമ്യം ചെയ്തിരിക്കുന്നത്. ഒരിക്കല്‍ എസ്എഫ്‌ഐയുടെ ശുഭ്രപതാക നെഞ്ചേറ്റിയവര്‍ക്ക് അത് മതി ജീവിതകാലം മുഴുവന്‍ എസ്എഫ്‌ഐ ആയിരിക്കാന്‍ എന്നദ്ദേഹം പറയുന്നു. ”അറിയപ്പെടാത്ത മനുഷ്യരുമായി നീ എനിക്ക് സാഹോദര്യം നല്‍കി. ജീവിച്ചിരിക്കുന്ന എല്ലാറ്റിലുമുള്ള കരുത്തുമുഴുവന്‍ നീ എനിക്ക് നല്‍കി. ഒരു പുതിയ ജന്മത്തില്‍ എന്നപോലെ എന്റെ രാജ്യം നീ എനിക്ക് തിരിച്ചു നല്‍കി. ഏകാകിയായ മനുഷ്യന് ലഭിക്കാത്ത സ്വാതന്ത്ര്യം നീ എനിക്ക് നല്‍കി..” എന്ന കവിതയിലൂടെ എസ്എഫ്‌ഐ എന്താണെന്ന് അദ്ദേഹം അടയാളപ്പെടുത്തുക കൂടിയാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
വിദ്യാര്‍ത്ഥി കാലഘട്ടം അര്‍ത്ഥപൂര്‍ണ്ണമായത് പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ശുഭ്ര പതാകയ്ക്ക് കീഴില്‍ അണിനിരന്നിതിന് ശേഷമാണ്. ഒരു യഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ സ്‌കൂള്‍കാലഘട്ടം രാഷ്ട്രീയ-സാമൂഹിക ബോധ്യങ്ങളെ ശരിയായി അടയാളപ്പെടുത്തിയിരുന്നില്ലെന്ന് തീര്‍ച്ചയാണ്. പ്ലസ് ടൂ പഠനകാലത്താണ് എസ്.എഫ്.ഐയുടെ ശുഭ്രപതാകയില്‍ ആലേഖനം ചെയ്ത സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്ന മുദ്രാവാക്യം ഏറ്റുവിളിക്കാന്‍ തുടങ്ങുന്നത്.

പിന്നീടെപ്പോഴോ എസ്.എഫ്.ഐ മുന്നോട്ടുവയ്ക്കുന്ന സര്‍ഗ്ഗാത്മക വിദ്യാര്‍ത്ഥിത്വത്തിന്റെ ആകെതുകയാണ് ഈ മൂന്ന് ആശയങ്ങളെന്ന് തിരിച്ചറിഞ്ഞു. മാനന്തവാടി ഗവണ്‍മെന്റ് കോളേജിലെ ഡിഗ്രികാലഘട്ടം എസ്.എഫ്.ഐയെ ആശയപരമായി ജീവിതത്തോട് ചേര്‍ത്തു പിടിക്കാന്‍ സഹായിച്ചു. ഹൃദയംകൊണ്ട് സ്‌നേഹിക്കുന്ന മാനവികവാദിയെന്നാണ് സഖാവ് എന്നതിന്റെ അര്‍ത്ഥമെന്ന് ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ ഒരുപിടി സഖാക്കളുടെ തണലായിരുന്നു ഡിഗ്രികാലത്തെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം. കൂട്ടായ്മയുടെ, സര്‍ഗ്ഗാത്മകതയുടെ, ആശയദൃഢതയുടെ വഴിയിലൂടെ നിര്‍ഭയം സഞ്ചരിച്ച ഗവണ്‍മെന്റ് കോളേജിലെ ഒരുപാട് സഖാക്കളുടെ ഊര്‍ജ്ജമാണ് പിന്നീട് പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ അടിയുറച്ചു നില്‍ക്കാന്‍ പ്രേരണയായത്.

എസ്.എഫ്.ഐയുടെ യുണിറ്റ് ഭാരവാഹിത്വത്തില്‍ നിന്ന് കേന്ദ്രകമ്മിറ്റി അംഗം എന്ന നിലയിലേയ്ക്ക് സംഘടന ചുമതലപ്പെടുത്തിയപ്പോള്‍ മുന്നോട്ടു നയിച്ചത് കൗമാരകാലത്ത് മനസ്സില്‍ വേരാഴ്ത്തിയ സമരതീക്ഷണമായ വിദ്യാര്‍ത്ഥിത്വമായിരുന്നു. എസ്.എഫ്.ഐയില്‍ നിന്ന് വിട പറയേണ്ടി വരികയെന്നത് ജീവിതയാത്രയില്‍ ഒരു അനിവാര്യതയാണ്. ജീവിതം എത്ര മുന്നോട്ടു പോയാലും എസ്.എഫ്.ഐയുടെ നക്ഷത്രാങ്കിത ശുഭ്രപതാകയുടെ തണലില്‍ നിന്നും പകര്‍ന്നു കിട്ടിയതെല്ലാം പഴയ ചൂടോടെ അതേ ചൂരോടെ ജീവിതത്തില്‍ ബാക്കിയാണ്. ഒരിക്കല്‍ എസ്.എഫ്.ഐയുടെ ശുഭ്രപതാക നെഞ്ചേറ്റിയവര്‍ക്ക് അത് മതി ജീവിതകാലം മുഴുവന്‍ എസ്.എഫ്.ഐ ആയിരിക്കാന്‍. എസ്.എഫ്.ഐ കാലഘട്ടം ജീവിതത്തിലെ സമാനതകളില്ലാത്ത കാലയളവാണ്. എല്ലായിപ്പോഴും എസ്.എഫ്.ഐ ആയിരിക്കാന്‍ ആഗ്രഹിക്കുന്ന പഴയ എസ്.എഫ്.ഐക്കാരില്‍ ഒരാളെന്ന നിലയില്‍ വര്‍ത്തമാനകാലത്തെ എസ്.എഫ്.ഐ പ്രവര്‍ത്തകരെ , അഖിലേന്ത്യാ സമ്മേളനത്തെ ഹൃദയത്തോട് ചേര്‍ത്ത് അഭിവാദ്യം ചെയ്യുന്നു. നമ്മുടെ വിദ്യാര്‍ത്ഥി കാലഘട്ടത്തിന്റെ, ലോകത്തെ ഹൃദയംകൊണ്ട് സ്‌നേഹിച്ചിരുന്ന മാനവികവാദത്തിന്റെ ആശയദൃഢതയെ പഴയ കരുത്തോടെ എന്നും ചേര്‍ത്തു പിടിക്കും..
എനിക്ക് മാത്രമല്ല നമുക്കോരുരുത്തര്‍ക്കും എസ്.എഫ്.ഐ എന്താണെന്ന് നെരൂദ വരച്ചിട്ടുണ്ട്. എനിക്ക് ഈ കവിതയാണ് എസ്.എഫ്.ഐ
‘അറിയപ്പെടാത്ത മനുഷ്യരുമായി
നീ എനിക്ക് സാഹോദര്യം നല്‍കി.
ജീവിച്ചിരിക്കുന്ന എല്ലാറ്റിലുമുള്ള കരുത്തുമുഴുവന്‍
നീ എനിക്ക് നല്‍കി.
ഒരു പുതിയ ജന്മത്തില്‍ എന്നപോലെ
എന്റെ രാജ്യം നീ എനിക്ക് തിരിച്ചു നല്‍കി.
ഏകാകിയായ മനുഷ്യന് ലഭിക്കാത്ത സ്വാതന്ത്ര്യം
നീ എനിക്ക് നല്‍കി.
എന്നിലെ കാരുണ്യവായ്പിനെ
ഒരഗ്‌നിയെപോലെ ഉദ്ദീപ്തമാക്കാന്‍
നീ എന്നെ പഠിപ്പിച്ചു.
ഒരു വൃക്ഷത്തിന് അനിവാര്യമായ ഔന്നത്യം നീ
എനിക്കു തന്നു.
മനുഷ്യരുടെ ഏകത്വവും നാനാത്വവും ദര്‍ശിക്കുവാന്‍
നീ എന്നെ പ്രാപ്തനാക്കി.
എല്ലാവരുടെയും വിജയത്തില്‍
എന്റെ വൈയക്തിക ദു:ഖങ്ങള്‍ക്ക്
മരണമടയാന്‍ കഴിയുന്നതെങ്ങിനെയെന്നു
നീ എനിക്കു കാണിച്ചുതന്നു.
എന്റെ സഹോദരന്മാരുടെ കഠിന ശയ്യയില്‍
വിശ്രമം കൊള്ളാന്‍ നീ എന്നെ പഠിപ്പിച്ചു.
ഒരു പാറമേല്‍ എന്നപോലെ യാഥാര്‍ത്യത്തിനുമേല്‍
നിര്‍മ്മാണം നടത്താന്‍ നീ എന്നെ പ്രേരിപ്പിച്ചു.
മന്ദബുദ്ധിക്ക് പ്രകാരമെന്നപോലെ
ദുഷ്‌കര്‍മങ്ങള്‍ക്ക് നീയെന്നെ ശത്രുവാക്കി.
ലോകത്തിന്റെ പ്രസന്നതയും സൌഖ്യത്തിന്റെ
സാധ്യതയും
കണ്ടെത്തുവാന്‍ നീ എന്നെ പഠിപ്പിച്ചു.
നീ എന്നെ അനശ്വരനാക്കി,
എന്തെന്നാല്‍,
ഇനിമേല്‍ ഞാന്‍ എന്നില്‍ത്തന്നെ ഒടുങ്ങുന്നില്ല.’
കെ.റഫീഖ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News