‘ആദ്യം കുത്തിയത് കഴുത്തില്‍; ആക്രമണം തടയാന്‍ ശ്രമിച്ചതോടെ വീണ്ടും കുത്തി’; കൊട്ടാരക്കരയില്‍ ആക്രമണത്തിനിരയായ ബിനു പറയുന്നു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. കൊല്ലം കുടവട്ടൂര്‍ സ്വദേശിയായ സന്ദീപാണ് വന്ദനയെ ആക്രമിച്ച് കൊന്നത്. വന്ദന ഉള്‍പ്പെടെ അഞ്ച് പേരെയായിരുന്നു സന്ദീപ് ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. പ്രതിയുടെ ആക്രമണത്തില്‍ സിപിഐഎം ഓടനാവട്ടം ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ നെടുവത്തൂര്‍ ബ്ലോക്ക് മുന്‍ ഭാരവാഹിയുമായ ബിനുവിനും പരുക്കേറ്റിരുന്നു. കൊലപാതകി ആദ്യം കുത്തിയത് തന്നെയാണെന്നും കഴുത്തിലാണ് കുത്തിയതെന്നും പറയുകയാണ് ബിനു. ആക്രമണത്തില്‍ പരുക്കേറ്റ് നിലവില്‍ ചികിത്സയില്‍ കഴിയുകയാണ് ബിനു.

വന്ദനയുടെ മാതാപിതാക്കളെ ചേര്‍ത്തുപിടിച്ച് വീണാ ജോര്‍ജ്

പ്രതിയുടെ അയല്‍വാസിയാണ് ബിനു. സംഭവത്തിന് തലേദിവസം വൈകിട്ട് പരസ്പര വിരുദ്ധമായി സംസാരിക്കുന്ന നിലയില്‍ സന്ദീപിനെ കണ്ടിരുന്നതായി ബിനു പറയുന്നു. തുടര്‍ന്ന് അയാളെ പറഞ്ഞ് മനസിലാക്കി വീട്ടിലേക്ക് തിരിച്ചയച്ചു. ഇതിന് ശേഷം സ്ത്രീകള്‍ മാത്രമുള്ള ഒരു വീട്ടിലെത്തി ഇയാള്‍ ബഹളമുണ്ടാക്കി. അവര്‍ വിളിച്ചതനുസരിച്ച് താന്‍ അവിടെ എത്തി. ഈ സമയം അയാള്‍ പരസ്പരവിരുദ്ധമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. ഒരുവിധത്തില്‍ പറഞ്ഞ് മനസിലാക്കി അയാളെ വീണ്ടും വീട്ടിലേക്ക് പറഞ്ഞയച്ചെന്നും ബിനു പറയുന്നു.

Also Read- ഡോ. വന്ദനാ ദാസിന്റെ കൊലപാതകം, പ്രതി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു

ഇതിന് ശേഷം ഒരു മൂന്ന് മണിയായപ്പോള്‍ തനിക്ക് ഒരു കോള്‍ വന്നു. സമീപവാസിയായ ശ്രീകുമാറാണ് വിളിച്ചത്. സന്ദീപ് വീടിന് സമീപം വന്ന് ബഹളമുണ്ടാക്കുന്നുവെന്നും ഒന്നു വരണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ താന്‍ ചെന്നപ്പോള്‍ സന്ദീപ് അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ഈ സമയം പൊലീസുകാരും സ്ഥലത്തെത്തി. താനും പൊലീസുകാരും ഉള്‍പ്പെടെ പറഞ്ഞിട്ടും ഇയാള്‍ വീട്ടില്‍ പോകാന്‍ തയ്യാറായില്ല. കാലില്‍ മുറിവുണ്ടായിരുന്നതിനാല്‍ ആശുപത്രി കൊണ്ടുപോകാന്‍ തീരുമാനിച്ചു. കൂടെ വരാന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് താനും ഒപ്പം പോയി. ഈ സമയം സന്ദീപ് കൈയില്‍ ഒരു വടി കരുതിയിരുന്നു. ഏറെ പറഞ്ഞ ശേഷമാണ് അയാള്‍ വടി കളയാന്‍ തയ്യാറായതെന്നും ബിനു പറഞ്ഞു.

Also Read- അവസാന നിമിഷങ്ങള്‍; പ്രതി സന്ദീപിനെ ഡോക്ടര്‍ വന്ദന പരിശോധിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോള്‍ സന്ദീപിന്റെ കാലിലെ മുറിവ് ക്ലീന്‍ ചെയ്യണമെന്നും പൊട്ടലുണ്ടോ എന്നറിയാന്‍ എക്‌സറേ എടുക്കണമെന്നും പറഞ്ഞു. ഇതനുസരിച്ച് അയാളെ ഡ്രസ്സിംഗ് റൂമിലേക്ക് കൊണ്ടുപോയി. ഒപി ടിക്കറ്റുമായി താന്‍ പുറത്തേക്കുമിറങ്ങി. ഇതിനിടെയാണ് സംഭവങ്ങളുണ്ടായത്. ഡ്രസ്സിംഗ് റൂമില്‍ നിന്ന് ഇറങ്ങിയ സന്ദീപ് പെട്ടെന്ന് വയലന്റാവുകയും തന്റെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്നും ബിനു പറയുന്നു. ഇടിക്കുകയാണെന്നാണ് ആദ്യം കരുതിയത്. തന്നെ ആക്രമിക്കുന്നതുകണ്ട് ഓടി വന്ന ഗാര്‍ഡിനേയും അയാള്‍ കുത്തി. തടയാന്‍ ചെന്ന തന്നെ അയാള്‍ വീണ്ടും കുത്തി. ഈ സമയം കൂടുതല്‍ ആളുകള്‍ വന്നതോടെ അയാളുടെ ആക്രമണം അവര്‍ക്ക് നേരെയായി. ഈ സമയം താന്‍ ഡ്രസ്സിംഗ് റൂമില്‍ അഭയം തേടുകയായിരുന്നുവെന്നും ബിനു കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News