
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ മത്സ്യമേഖല സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ഒരു ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഉപജീവനമാര്‍ഗം നല്‍കുന്ന ഈ മേഖല, പ്രതിവര്‍ഷം ഏതാണ്ട് 15,000 കോടി രൂപയുടെ സമ്പത്ത് സൃഷ്ടിക്കുന്നുണ്ട്. അതുപോലെ സംസ്ഥാനത്തിന്റെ മത്സ്യമേഖല കയറ്റുമതിയിലൂടെ പ്രതിവര്‍ഷം ഏകദേശം 8,300 കോടി രൂപയുടെ വിദേശനാണ്യം നേടിത്തരുന്നുണ്ട്. കേരളത്തില്‍ ഏകദേശം 2.41 ലക്ഷം ആളുകള്‍ക്ക് പ്രത്യക്ഷമായും അത്ര തന്നെ ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്നു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ സമുദ്ര മത്സ്യമേഖലക്ക് പുതുജീവന്‍ നൽകാന്‍ ഇന്നത്തെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. 2020–-2021 വര്‍ഷം കേരളത്തിന്റെ കടല്‍ മത്സ്യ ഉൽപാദനം 3.92 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടല്‍ കാരണം 2023–-2024 വര്‍ഷമായപ്പോഴേക്കും 6.33 ലക്ഷം മെട്രിക് ടണ്‍ ആയി വര്‍ധിക്കുകയുണ്ടായി. രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി മാറാനും കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം കരസ്ഥമാക്കുവാനും കേരളത്തിന് സാധിച്ചു.
മത്സ്യവകുപ്പിന് കീഴിലുള്ള മുന്‍കാലത്ത് നഷ്ടത്തിലായിരുന്ന മത്സ്യഫെഡ്, ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ (എഡിഎകെ) എന്നീ സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ സാധിച്ചു. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനും വിദേശ സര്‍വകലാശാലകളില്‍ ഉള്‍പ്പെടെ ഉയര്‍ന്ന വിദ്യാഭ്യാസത്തിനും സാമ്പത്തിക സഹായം ഏര്‍പ്പെടുത്തിയത് ഈ സര്‍ക്കാരിന്റെ ശ്രദ്ധേയമായ നേട്ടങ്ങളില്‍ ഒന്നാണ്.
മത്സ്യമേഖലയില്‍ രാജ്യത്ത് ആദ്യമായി പങ്കാളിത്ത മാനേജ്മെന്റ് രീതി നടപ്പാക്കിയ സംസ്ഥാനമായി ലോകമെമ്പാടും കേരളം പ്രകീര്‍ത്തിക്കപ്പെട്ടു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാനും അവരെ പുനരധിവസിപ്പിക്കാനും ഈ സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ജീവനോപാധി നഷ്ടപരിഹാര പാക്കേജിന്റെ ഭാഗമായി 2,702 പദ്ധതി ബാധിതര്‍ക്കായി ഇതുവരെ 101.43 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. 2025 ജനുവരി മാസം വരെ 31.57 കോടി രൂപയുടെ മണ്ണെണ്ണ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. പുനര്‍ഗേഹം പദ്ധതിയില്‍ നാളിതുവരെ 2,424 വീടുകള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറി. 1,362 വീടുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്.
അതോടൊപ്പം 390 ഫ്ളാറ്റുകള്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. മുട്ടത്തറയിലേതുള്‍പ്പെടെ 1136 ഫ്ളാറ്റുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ലൈഫ് മിഷനില്‍ 1026 പേര്‍ക്കാണ് ഇപ്പോള്‍ വീടുകള്‍ നല്‍കിയിരിക്കുന്നത്.മത്സ്യമേഖലയുടെ സ്ഥായിയായ വളര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിലോമപരമായ നയങ്ങള്‍ വിലങ്ങുതടിയാണ്. കടലിനെ പൂര്‍ണമായും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുകയാണ്. അതിന്റെ പേരില്‍ നടപ്പാക്കപ്പെടുന്ന ധാതുമണല്‍ ഖനനം കടലിലെ സ്വാഭാവിക ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. മത്സ്യ ഉത്പാദനം ഗണ്യമായി കുറയുന്നതിനും മത്സ്യത്തൊഴിലാളികളുടെ ഭാവിയെ പ്രതിസന്ധിയിലാഴ്ത്തുന്നതിനും ഹേതുവാകും. ചെറുകിട മത്സ്യബന്ധന യാനങ്ങള്‍ ഉപയോഗിക്കുന്ന പ്രധാന ഇന്ധനമാണ് മണ്ണെണ്ണ. പ്രതിവര്‍ഷം കേരളത്തിന് ഏകദേശം ഒരു ലക്ഷം കിലോലിറ്റര്‍ മണ്ണെണ്ണ മത്സ്യബന്ധനത്തിനായി ആവശ്യമാണ്. 2021–-2022 വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് 21,888 കിലോ ലിറ്റര്‍ സബ്സിഡി രഹിത മണ്ണെണ്ണ അനുവദിച്ചിരുന്നു.
എന്നാല്‍, ഓരോ വര്‍ഷവും മണ്ണെണ്ണയുടെ അലോട്ട്മെന്റ് കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുകയാണ്. 2024–-2025 വര്‍ഷത്തില്‍ അനുവദിച്ച മണ്ണെണ്ണയുടെ അളവ് തുലോം തുച്ഛമായ 1,248 കിലോലിറ്റര്‍ മാത്രമാണ്.
കേന്ദ്ര സര്‍ക്കാര്‍ കടല്‍മേഖലയില്‍ നിന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ അന്യവല്‍ക്കരിക്കുന്ന നയങ്ങളാണ് കാലങ്ങളായി സ്വീകരിച്ചുവരുന്നത്. കടല്‍ സമ്പത്തു വന്‍കിട കമ്പനികള്‍ക്ക് തീറെഴുതികൊടുക്കുന്ന ഈ സമീപനം, ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടും. കാലാവസ്ഥ വ്യതിയാനം സമുദ്ര മത്സ്യ മേഖലയിലും ഉള്‍നാടന്‍ മത്സ്യ മേഖലയിലും അതീവ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷിക്കുന്നുണ്ട്. ഇത്തരം പ്രതിസന്ധികളെ നേരിടുന്നതിന് ആവശ്യമായ ഫലപ്രദമായ നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെയും ഉണ്ടായിട്ടില്ല എന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ഭവനനിര്‍മാണ ധനസഹായം, നാഷണല്‍ കോഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (എന്‍സിഡിസി) പദ്ധതികള്‍ക്കുള്ള സബ്സിഡി എന്നിവ നിര്‍ത്തലാക്കിയതും സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്കുള്ള ധനസഹായം ഗണ്യമായി കുറച്ചതും തീര്‍ത്തും അപലപനീയമാണെന്ന് സജി ചെറിയാൻ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. കപ്പലുകളും മത്സ്യബന്ധന യാനങ്ങളും കൂട്ടിയിടിച്ചു അനേകം മത്സ്യത്തൊഴിലാളികള്‍ക്ക് വിലപ്പെട്ട ജീവന്‍ നഷ്ടമായിട്ടുണ്ട്.
കടലിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ ജീവസുരക്ഷയ്ക്കായി, സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കേണ്ടത് പരിഷ്കൃത സര്‍ക്കാരുകളുടെ ഉത്തരവാദിത്ത്വമാണ്. മത്സ്യബന്ധന പ്രദേശങ്ങളില്‍ നിന്ന് കപ്പല്‍ ഗതാഗത ചാനലുകള്‍ മാറ്റിസ്ഥാപിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ചിരകാല ആവശ്യത്തിേ·ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുകൂലമായ തീരുമാനങ്ങള്‍ എടുത്തിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ മത്സ്യത്തൊഴിലാളി നയങ്ങള്‍ അടിയന്തരമായി തിരുത്തുന്നതിനും തീരദേശ ജനതയോടൊപ്പം അണിനിരക്കുന്നതിനും മുഴുവന്‍ ജനങ്ങളോടും സിപിഐ എം സംസ്ഥാന സമ്മേളനം അഭ്യര്‍ഥിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here