‘ഈ മഹാദുരന്തം ഇനിയും തുടരേണ്ടതുണ്ടോ’, ശ്രദ്ധേയമായി പൊലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ കുറിപ്പ്

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തന സജ്ജമായതോടെ അതുസംബന്ധിച്ച ചർച്ചകളും സജീവമാവുകയാണ്. വസ്തുതകളുമായി യാതൊരുബന്ധവുമില്ലാത്ത വാദങ്ങളും സോഷ്യൽമീഡിയയിൽ നിറയുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ പൊലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സിആർ ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുന്നു. വാഹന പരിശോധനയുമായി ബന്ധപ്പെട്ട് പൊലീസിനെതിരെയടക്കം ഉയർന്നുവന്ന ആരോപണങ്ങളുടെ മറ്റൊരുവശവും സിആർ ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവയ്ക്കുന്നുണ്ട്.

എഐ ക്യാമറകൾ അപകടം കുറയ്ക്കാനും നിയമ പാലനം ഉറപ്പുവരുത്താനും സഹായകമാണെന്ന് കണക്കുകൾ സഹിതം പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രതിവർഷം കേരളത്തിൽ മൂന്നര ലക്ഷത്തോളം റോഡ് അപകടകങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതിൽ തന്നെ 60% വും ഇരുചക്ര വാഹനങ്ങളാണ് അപകടമുണ്ടാക്കുന്നത്. ഇങ്ങനെ ഉണ്ടായ റോഡ് അപകടങ്ങളിൽ 2013ൽ 4258 പേരും, 2014 ൽ 4049 പേരും, 2015 ൽ 4196 പേരും, 2016 ൽ 4287 പേരും, 2017 ൽ 4131 പേരും, 2018 ൽ 4303 പേരും 2019 ൽ 4440 പേരും 2020 ൽ 2979 പേരും, 2021 ൽ 3429 പേരും, 2022 ൽ 4317 പേരുമാണ് മരണപ്പെട്ടത്. കേരളത്തിൽ ഒരു വർഷം ശരാശരി നാലായിരം പേരാണ് റോഡപകടങ്ങളിൽ മരണപ്പെടുന്നതെന്ന് കണക്കുകൾ ഉദ്ധരിച്ച് പോസ്റ്റിൽ വ്യക്തമാക്കുന്നു.

നിലവിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വാഹനപരിശോധനയുടെ ഭാഗമായി അഭിമുഖീകരിക്കേണ്ടി വരുന്ന ആരോഗ്യപ്രശ്നങ്ങളെയടക്കം മറികടക്കാൻ എഐ ക്യാമറകളുടെ വരവ് സഹായകമാകുമെന്ന പ്രതീക്ഷയും കുറിപ്പിൽ പങ്കുവയ്ക്കുന്നുണ്ട്.

ഫേസ്ബുക്ക് കുറിപ്പ്

ഈ മഹാദുരന്തം ഇനിയും തുടരേണ്ടതുണ്ടോ ……

കേരളത്തിലെ പോലീസിനെ പലപ്പോഴും താരതമ്യം ചെയ്യപ്പെടുന്നത് വിദേശ രാജ്യങ്ങളിലെ പോലീസുമായിട്ടാണ്. നമ്മുടെ നാട്ടിൽ നിന്ന് വിദേശത്ത് പോയി വന്ന പലരും അവിടെ നിയമം നടപ്പിലാകുന്നതിലെ കാർക്കശ്യത്തേയും നിയമം നടപ്പിലാക്കുന്ന രീതിയേയും കുറിച്ച് വാചാലരാകാറുണ്ട്. വിദേശരാജ്യങ്ങളിലെ പാതയോരങ്ങളിൽ പോലീസിനെ കാണാറില്ലെങ്കിലും ഒരു നിയമ ലംഘനം ഉണ്ടായാൽ അത് ക്യാമറയിലൂടെ കണ്ട് ആ നിമിഷം പോലീസ് എത്തി പിടികൂടും എന്നൊക്കെ വർണ്ണിക്കുമ്പോൾ അവരുടെ മുഖത്ത് നമ്മുടെ പോലീസിനോടുള്ള പുച്ഛവികാര പ്രസരണം എല്ലാവരും കണ്ടിട്ടുമുണ്ടാകും. ഇങ്ങനെ വിദേശരാജ്യങ്ങളിൽ പോകുമ്പോൾ പോലീസിന്റെ സാന്നിധ്യമില്ലാതെ തന്നെ നിയമം അനുസരിച്ച് വരുന്ന ഇക്കൂട്ടർ, ഇവിടെ പോലീസിന്റെ മുന്നിൽ കൂടി തന്നെ നിയമലംഘനം നടത്തി പോകകയും ചെയ്യും. ജോലിയുടെ ഭാഗമായി അതിന് ഫൈൻ നൽകിയാലോ, അപ്പോൾ പോലീസ് രാജായി, ഹെൽമറ്റ് വേട്ടയായി. ഇതാണ് നമ്മുടെ നാട്ടിലെ സാഹചര്യം.

ട്രാഫിക് നിയന്ത്രണ രംഗത്ത് പോലീസ് ഉദ്യോഗസ്ഥർ നേരിട്ട് നിന്ന് നിയന്ത്രിക്കുന്നതിന് പകരം സിഗ്നൽ സിസ്റ്റം വർഷങ്ങളായി കേരളത്തിലും നിലവിൽ വന്നു. എന്നാൽ അവിടെയും യൂണിഫോമിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ കണ്ടില്ലെങ്കിൽ ഈ സിഗ്നലുകളേയും അനുസരിക്കാതെ കടന്നു പോകുന്ന നിരവധി പേരെ നമുക്ക് കാണാൻ കഴിയും. അപകടങ്ങളും അതിലൂടെ ഉണ്ടാകുന്ന അപകട മരണങ്ങളും ഒഴിവാക്കാൻ കൊടും വെയിലത്തായാലും പെരുമഴക്കാലത്തായാലും കേരളത്തിലെ തെരുവോരങ്ങളിൽ എവിടെയും പോലീസ്‌ ഉദ്യോഗസ്ഥന്മാരെ കാണാൻ കഴിയും. ഇങ്ങനെ മഴയും വെയിലും കൊണ്ടും, വിഷപ്പുക ശ്വസിച്ചും, പൊടിപടലങ്ങൾക്കിടയിലും പോലീസ് ഉദ്യോഗസ്ഥരെ നിങ്ങൾക്ക് കാണാൻ കഴിയും. ഈ സാഹചര്യങ്ങൾ പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തേയും, ആരോഗ്യത്തേയും എത്ര മാത്രം ദോഷകരമാക്കുന്നുണ്ട് എന്ന് ആരും തന്നെ ചിന്തിക്കുകയുമില്ല.

ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൗകര്യത്തോടെ ഗതാഗത നിയമ ലംഘനങ്ങൾ കണ്ടത്താൽ കേരളവും ക്യാമറകൾ സ്ഥാപിച്ചപ്പോൾ അതിനെതിരായി ഉയരുന്ന ചർച്ചകൾ വേദനാജനകമാണ്. ഇങ്ങനെ ക്യാമറ സ്ഥാപിക്കപ്പെട്ടപ്പോൾ അതിലൂടെ പരിശോധിക്കുന്നത് നിലവിലുള്ള ഗതാഗത നിയമങ്ങൾ ലംഘിക്കുന്നുണ്ടോ എന്ന് തന്നെയാണ് എന്ന് കൂടി സൂചിപ്പിക്കട്ടെ.

പ്രതിവർഷം കേരളത്തിൽ മൂന്നര ലക്ഷത്തോളം റോഡ് അപകടകങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിൽ തന്നെ 60% വും ഇരുചക്ര വാഹന അപകടങ്ങളാണ്. ഇങ്ങനെ ഉണ്ടായ റോഡ് അപകടങ്ങളിൽ 2013 ൽ 4258 പേരും, 2014 ൽ 4049 പേരും, 2015 ൽ 4196 പേരും, 2016 ൽ 4287 പേരും, 2017 ൽ 4131 പേരും, 2018 ൽ 4303 പേരും 2019 ൽ 4440 പേരും 2020 ൽ 2979 പേരും, 2021 ൽ 3429 പേരും, 2022 ൽ 4317 പേരുമാണ് മരണപ്പെട്ടത്. അതായത് കേരളത്തിൽ ഒരു വർഷം ശരാശരി നാലായിരം പേരാണ് റോഡപകടങ്ങളിൽ മരണപ്പെടുന്നത്. ഇതിലും എത്രയോ ഇരട്ടി ആളുകൾക്കാണ് ഗുരുതരമായി പരിക്കേൽക്കുന്നത്.

2018 ഒരാളുടെ പോലും ജീവൻ നഷ്ടപ്പെടുത്താത്ത പ്രളയത്തെ കേരളം അനുഭവിച്ച വലിയ ദുരന്തമായി കാണുന്നവരാണ് നാം. വളരെ കുറച്ചു പേരുടെ മാത്രം ജീവനെടുത്ത 2020 മുതൽ നാം അനുഭവിച്ച കോവിഡ് സാഹചര്യത്തേയും മഹാദുരന്തമായി കാണുന്നവരാണ് നാം. അപ്പോൾ റോഡപകടങ്ങളിലൂടെ പ്രതിവർഷം നാലായിരത്തിലേറെ ജീവനുകൾ എടുത്തുകൊണ്ടിരിക്കുന്നതിനെ എന്ത് പേരിട്ടാവണം നാം വിളിക്കേണ്ടത് എന്ന് കേരളസമൂഹം ചിന്തിക്കേണ്ടതാണ്. കാലങ്ങളായി നാം അനുഭവിച്ചു വരുന്ന മഹാദുരന്തമാണ് റോഡ് അപകടകൾ. റോഡ് അപകടങ്ങൾ കുറച്ചു കൊണ്ട് വന്ന് നമ്മുടെ സോദരങ്ങളുടെ ജീവൻ സംരക്ഷിക്കാൻ ഇത്തരം ക്യാമറകൾക്കപ്പുറം ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ചിന്തിക്കേണ്ടവരാണ് ഉത്തമ പൗരന്മാർ. അങ്ങനെ പൊതു സമൂഹത്തെകൊണ്ട് ചിന്തിപ്പിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിക്കേണ്ടവരിൽ ചിലർ തന്നെ ഇതിനെതിരായ പ്രചരണത്തിലേക്കിറക്കുമ്പോൾ വേദനയുണ്ടാക്കുന്നുണ്ട്.

ഒരു പക്ഷേ ഇങ്ങനെ അപകടങ്ങളിൽ മരണപ്പെടുന്നവരുടെ അലങ്കരിച്ച മൃതദേഹത്തിൽ റിത്ത് വച്ച് മാത്രം പരിചയമുള്ളവർക്ക് അധികം വേദന ഉണ്ടാവില്ല. ആരുടെയെങ്കിലും ഉറ്റവരോ ഉടയവരോ അപകടത്തിൽ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവരുടെ വേർപാടിൽ മാത്രം ഒരു പക്ഷേ അത്തരക്കാർക്ക് നൈമിഷികമായ വേദന ഉണ്ടായേക്കാം.
എന്നാൽ നാലായിരത്തിലധികം അപകടമരണങ്ങൾ പ്രതിവർഷം നടക്കുന്ന കേരളത്തിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ ചിന്നിച്ചിതറിയ രീതിയിലുള്ള മൃതദേഹങ്ങൾ മുഴുവൻ ഇൻക്വസ്റ്റ് നടത്തുന്നത് പോലീസ് ഉദ്യോഗസ്ഥരാണ്. അതുപോലെ അവ പോസ്റ്റുമാർട്ടം നടത്തുന്നത് ഡോക്ടർമാരാണ്. ഇങ്ങനെ റോഡപകടം എന്ന മഹാദുരന്തത്തിന്റെ ഇരകളെ നിരന്തരം കാണുന്നവർക്ക് കേരള സമൂഹത്തെ ഈ മഹാദുരന്തത്തിൽ നിന്ന് മോചിതരാകണം എന്ന അതിയായ ആഗ്രഹമുണ്ടാക്കുക സ്വാഭാവികമാണ്. അതിനായി ഇത്തരം ക്യാമറകൾ ഉൾപ്പെടെയുളള ആധുനിക സംവിധാനങ്ങൾ ഇനിയും ഉണ്ടാകട്ടെ എന്ന് ആഗ്രഹികുന്നവരാണവർ.
വേണ്ടപ്പെട്ടവരുടെ റോഡപകടമരണങ്ങളിൽ മാത്രം ദുഖിക്കുന്നവരാകാതെ, എല്ലാവരേയും സോദരന്മാരായി കണ്ട്, അപകടമരണമില്ലാത്ത നാടായി കേരളത്തെ മാറ്റാൻ നടത്തുന്ന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയാണ് വേണ്ടത്.

ഒരിക്കൽ കൂടി ഓർമ്മിപ്പിക്കട്ടെ..

നമ്മുടെ നാട് കാലങ്ങളായി അനുഭവിച്ചു വരുന്ന മാഹാദുരന്തമാണ് റോഡപകടങ്ങൾ. പ്രതിവർഷം നാലായിരത്തിലേറെ മനുഷ്യ ജീവനുകളാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിന് സമാനമായ മറ്റൊരു ദുരന്തം നമ്മുടെ നാട്ടിൽ ഉണ്ടായിട്ടേയില്ല.
ഈ മഹാദുരന്തത്തിൽ നിന്ന് മോചിതരാകാൻ നിയമ ലംഘകരകില്ല സ്വയം തീരുമാനിക്കുന്നതിനോടൊപ്പം, സഹജീവികളേയും ഈ മനോഭാവത്തിലേക്ക് കൈപിടിച്ചുയർത്താൻ പരിശ്രമിക്കൂ. അതുപോലെ തന്നെ ഇത്തരം പരിഷ്കാരങ്ങൾ ഒരു പുത്തൻ ഗതാഗത സംസ്ക്കാരത്തിലേക്കും, നിയമം അനുസരിപ്പിക്കേണ്ടതല്ല, അത് സ്വയം ഒരോരുത്തരും അനുസരിക്കേണ്ടതാണ് എന്ന മനോഭാവത്തിലേക്കും പൊതുമനസിനെ മാറ്റിയെടുക്കാൻ കൂടി ഗുണകരമാകട്ടെ.

CR. ബിജു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News