
മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ ബിജെപി കുറച്ചധികം വിയര്‍ത്തിരുന്നു. മുന്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയുമായുള്ള ചര്‍ച്ചകള്‍ എങ്ങും എത്താത്തതിനെ തുടര്‍ന്നായിരുന്നു ഇത്. ഒടുവില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഷിന്‍ഡേ പിടിവാശി ഉപേക്ഷിച്ചത്. പക്ഷേ അധികാരത്തിലേറി മൂന്ന് മാസം പിന്നിടുമ്പോള്‍ മഹായുതിയില്‍ ചില പുകച്ചിലുകള്‍ ഉണ്ടായതാണ് വിവരം. ചില എംഎല്‍എമാരുടെ സുരക്ഷ പിന്‍വലിച്ചതാണ് മഹായുതിയില്‍ വീണ്ടും മുറുമുറുപ്പുണ്ടാകാന്‍ കാരണമെന്നാണ് വിവരം. എല്ലാ സഖ്യകക്ഷികളുടെ എംഎല്‍എമാരുടെയും സുരക്ഷ പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ എംഎല്‍എമാരും ഉള്‍പ്പെട്ടിരിക്കുന്നത് ഏക്‌നാഥ് ഷിന്‍ഡേ വിഭാഗം ശിവസേനയിലേതാണെന്നതാണ് തര്‍ക്കം ഉടലെടുക്കാന്‍ പ്രധാന കാരണമത്രേ.
ALSO READ: തൊഴിൽ മേഖലയിലെ ചൂഷണങ്ങൾ; രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി ഡിവൈഎഫ്ഐ
മഹാവികാസ് അഘാഡി സര്‍ക്കാരില്‍ നിന്നും പിരിഞ്ഞ് എന്‍ഡിഎയിലെത്തിയ ഏക്‌നാഥ് ഷിന്‍ഡേയ്ക്കും മറ്റ് നാല്‍പ്പത്തിനാല് എംഎല്‍എമാര്‍ക്കും പതിനൊന്ന് ലോക്‌സഭ എംപിമാര്‍ക്കും വൈ, വൈ പ്ലസ് സുരക്ഷയാണ് ഉണ്ടായിരുന്നത്. എന്നാല്‍ വിലയിരുത്തലുകളുടെ ഭാഗമായി ആഭ്യന്തര വകുപ്പ് ശിവസേന എംഎല്‍എമാരുടെയും മറ്റു നേതാക്കളുടെയും സുരക്ഷ വെട്ടിക്കുറയ്ക്കുകയും ചിലരുടേത് പൂര്‍ണമായും പിന്‍വലിക്കുകയും ചെയ്തു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസാണ് ആഭ്യന്തരം കൈകാര്യം ചെയ്യുന്നത്. എന്‍സിപി ബിജെപി എംഎല്‍എമാരുടെ സുരക്ഷയും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഷിന്‍ഡേയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാക്കളുടെ സുരക്ഷവരെ പിന്‍വലിച്ചതോടെ മഹായുതിയില്‍ പ്രശ്‌നങ്ങള്‍ വീണ്ടും തലപൊക്കി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
ALSO READ: കുതിരയ്‌ക്കൊപ്പം ഓടി ബാബാ രാംദേവ്; വീഡിയോ കണ്ട് വിമര്‍ശിച്ച ബ്രയാന്‍ ജോണ്‍സനെ ബ്ലോക്ക്ഡ്!
പരസ്യമായി പല എംഎല്‍എമാരും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ശിവസേനയിലെ 20 എംഎല്‍എമാരുടെ സുരക്ഷയാണ് ഇത്തരത്തില്‍ പിന്‍വലിക്കപ്പെട്ടത്. എന്നാല്‍ ഇതില്‍ രാഷ്ട്രീയ ഇടപെടലൊന്നുമില്ലെന്നും സുരക്ഷാ അവലോകന സമിതിയാണ് ഇക്കാര്യങ്ങളെല്ലാം തീരുമാനിക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ടത് മുതല്‍ ഷിന്‍ഡേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മഹായുതി സഖ്യത്തില്‍ അതൃപ്തിയിലാണ്. ഒപ്പം മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചും നിയമനം സംബന്ധിച്ചും പ്രശ്‌നങ്ങള്‍ നിലനില്‍ക്കേയാണ് സുരക്ഷ പിന്‍വലിച്ചത് വീണ്ടും മഹായുതിയില്‍ പ്രശ്‌നങ്ങളും തര്‍ക്കങ്ങളും ഉയര്‍ത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

